തൃശൂര്‍: മണ്ണുത്തി – ഇടപ്പള്ളി നാലുവരി ദേശീയ പാതയിലെ ടോള്‍ പിരിവ് ഇന്നു തന്നെ ആരംഭിക്കുമെന്നു ജില്ല കളക്ടര്‍ പി.എം. ഫ്രാന്‍സിസ് അറിയിച്ചു. സമരക്കാരെ നേരിടാന്‍ കൂടുതല്‍ പോലീസിനെ വിന്യസിക്കാനും തീരുമാനിച്ചു. ഇന്നലെ തര്‍ക്കം മൂലം ടോള്‍ പിരിവി തടസ്സപ്പെട്ടിരുന്നു.
ഡിസംബര്‍ അഞ്ച് മുതല്‍ ഇടപ്പള്ളി-മണ്ണുത്തി നാലുവരി പാതയില്‍ ടോള്‍ പിരിക്കാനായിരുന്നു കരാറുകാരായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ തീരുമാനം. എന്നാല്‍ വിവിധ സംഘടനകളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നു ടോള്‍ പിരിവ് താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കി.
പത്തു കിലോമീറ്റര്‍ ദൂരത്തിനുള്ളില്‍ താമസിക്കുന്നവരെ ടോള്‍ പിരിവില്‍ നിന്ന് ഒഴിവാക്കാന്‍ കഴിഞ്ഞ ദിവസം പൊതുമരാമത്ത് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ അര്‍ധരാത്രി മുതല്‍ ടോള്‍ പിരിക്കാന്‍ നീക്കം പ്രതിഷേധത്തെ തുടര്‍ന്ന് തടസ്സപ്പെടുകയായിരുന്നു. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ദേശീയ പാത ഉപരോധിച്ചു. ടോള്‍ ബൂത്തിലെ ജീവനക്കാരെ സമരക്കാര്‍ വിരട്ടിയോടിച്ചു.
പിന്നീട് തടഞ്ഞുവച്ചിരുന്ന വാഹനങ്ങളെ സമരക്കാര്‍ കടത്തിവിട്ടു. ഒടുവില്‍ പോലീസിന്റെ നിര്‍ദേശപ്രകാരം ടോള്‍ പിരിവ് താത്കാലികമായി നിര്‍ത്തിവയ്ക്കുകയായിരുന്നു. ടോള്‍ പിരവ് ഉപേക്ഷിച്ചുകൊണ്ടുള്ള ഉത്തരവ് വരുന്നതുവരെ ടോള്‍ബൂത്തിനു മുന്നിലുള്ള സമരം തുടരുമെന്നു സംയുക്ത സമര സമിതി അറിയിച്ചിട്ടൂണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: