കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മന്ത്രിസഭ പുനഃസംഘടിപ്പിച്ച മുഖ്യമന്ത്രി മമതാ ബാനര്‍ജി കോണ്‍ഗ്രസ് മന്ത്രിയെ ഒഴിവാക്കി. മന്ത്രിസഭയില്‍ രണ്ട് പേരെക്കൂടി ഉള്‍പ്പെടുത്തുകയും വകുപ്പുകളില്‍ മാറ്റം വരുത്തുകയുമാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. ഈ മാറ്റത്തില്‍ സഖ്യകക്ഷിയായ കോണ്‍ഗ്രസില്‍ നിന്നും ശക്തമായ എതിര്‍പ്പാണ് തൃണമൂലിന് നേരിടേണ്ടിവരിക. എന്നാല്‍ ആര്‍ക്കൊക്കെ ഏതൊക്കെ വകുപ്പുകളാണ് നല്‍കിയിരിക്കുന്നത് എന്നത് സംബന്ധിച്ച് വ്യക്തമായ സൂചന ലഭ്യമല്ല. അതേസമയം കോണ്‍ഗ്രസ് നേതാവ് മനോജ് ചക്രവര്‍ത്തിയുടെ മന്ത്രി സ്ഥാനം നഷ്ടമായതായാണ് സെക്രട്ടറിയേറ്റ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പശ്ചിമ ബംഗാള്‍ മന്ത്രിസഭയിലെ പാര്‍ലമെന്ററികാര്യ, ചെറുകിട വ്യവസായ വകുപ്പ് സഹമന്ത്രിയായിരുന്നു മനോജ് ചക്രവര്‍ത്തി. കോണ്‍ഗ്രസിന് ഏപ്പോള്‍ വേണമെങ്കിലും തൃണമൂലുമായുള്ള സഖ്യം ഉപേക്ഷിച്ച് പശ്ചിമ ബംഗാള്‍ മന്ത്രിസഭയില്‍ നിന്നും പുറത്തുപോകാമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനെ ശക്തമായ ഭാഷയില്‍ എതിര്‍ത്ത വ്യക്തിയാണ് ചക്രവര്‍ത്തി. ഇതേതുടര്‍ന്നാണ് ഇദ്ദേഹത്തിന്റെ മന്ത്രിപദം തെറിച്ചതെന്നാണ് കരുതുന്നത്.
ചക്രവര്‍ത്തിയെ കൂടാതെ കോണ്‍ഗ്രസിന്റെ തന്നെ മറ്റൊരു മന്ത്രിയായ അബു ഹെനയും മന്ത്രിസഭയില്‍ നിന്നും പുറത്തായി. ഫിഷറീസ്, ഭക്ഷ്യ സംസ്കരണം എന്നീ വകുപ്പുകളാണ് ഹെന കൈകാര്യം ചെയ്തിരുന്നത്. ഈ വകുപ്പ് ഇപ്പോള്‍ തൃണമൂലിന്റെ ഉജ്ജല്‍ ബിശ്വാസിനാണ് നല്‍കിയിരിക്കുന്നത്. ഇത് കൂടാതെ യുവജനകാര്യ വകുപ്പിന്റെ ചുമതലയും ബിശ്വാസിനാണ്.
കോണ്‍ഗ്രസ് നേതാക്കളെ പടിപടിയായി മന്ത്രിസഭയില്‍ നിന്നും പുറത്താക്കുന്നതിലൂടെ കോണ്‍ഗ്രസ്-തൃണമൂല്‍ ബന്ധം കൂടുതല്‍ വഷളാകുന്നതിന്റെ സൂചനയാണ് നല്‍കുന്നത്. ഇന്ദിരാ ഭവന്റെ പേരുമാറ്റം, കര്‍ഷക ആത്മഹത്യ തുടങ്ങിയ വിഷയങ്ങളില്‍ മമതാ ബാനര്‍ജിക്കെതിരെ കൂടുതല്‍ രൂക്ഷമായി സംസാരിച്ചത് ചക്രവര്‍ത്തിയും റായ്ഗഞ്ച് എംപി ദീപ ദാസ്മുന്‍ഷിയുമായിരുന്നു.
മന്ത്രിസഭയില്‍ നിന്നും തങ്ങളെ പുറത്താക്കിയ നടപടി ഒരുതരത്തിലും അംഗീകരിക്കാനാവാത്തതാണെന്ന് മനോജ് ചക്രവര്‍ത്തി പറഞ്ഞു. തങ്ങളെ കാബിനറ്റിലേക്ക് അയച്ചത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉന്നത അധികാരികളാണെന്നും അല്ലാതെ ഏതെങ്കിലും കോമിക് കഥാപാത്രങ്ങളല്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് സ്വേച്ഛാധിപത്യമാണെന്നും ചക്രവര്‍ത്തി കൂട്ടിച്ചേര്‍ത്തു.
പശ്ചിമ ബംഗാളില്‍ വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തനിച്ച് മത്സരിക്കുമെന്നും മനോജ് ചക്രവര്‍ത്തി കൂട്ടിച്ചേര്‍ത്തു.
അതേസമയം കോണ്‍ഗ്രസ് മന്ത്രിമാരെ പുറത്താക്കി തൃണമൂലിലെ അരൂപ് ബിശ്വാസ്, ചന്ദ്രമ ഭട്ടാചാര്യ എന്നിവരെയാണ് മുഖ്യമന്ത്രി മമത പുതുതായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവര്‍ക്ക് രാജ്ഭവനില്‍ വച്ചുനടന്ന ചടങ്ങില്‍ ഗവര്‍ണര്‍ എം.കെ.നാരായണന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ആരോഗ്യ വകുപ്പ് സഹമന്ത്രി സ്ഥാനമാണ് ഭട്ടാചാര്യക്ക് നല്‍കിയിരിക്കുന്നത്.
പശ്ചിമ ബംഗാളില്‍ ആരോഗ്യവകുപ്പ് കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രി മമതാ ബാനര്‍ജി തന്നെയാണ്. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളിലെ സ്ഥിതി അത്യന്തം ശോചനീയമായതിനാല്‍ ആരോഗ്യ വകുപ്പ് മറ്റേതെങ്കിലും കാബിനറ്റ് മന്ത്രിക്ക് നല്‍കണമെന്ന് പ്രതിപക്ഷ നേതാക്കള്‍ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: