മുല്ലപ്പെരിയാര്‍ ഡാമിനെക്കുറിച്ചുള്ള ഊഹാപോഹവും തദനുബന്ധമായ വാര്‍ത്തകളും ജനമനസ്സില്‍ വല്ലാത്ത ഭീതിയാണ് ഉണ്ടാക്കിയത്. ഓരോതരത്തില്‍ ദിനംതോറും വാര്‍ത്തകള്‍ ഉയര്‍ന്നുവന്നതോടെ സമാധാനം നഷ്ടപ്പെട്ടവരായി ജനങ്ങള്‍. പ്രത്യേകിച്ചും അണക്കെട്ട് സ്ഥിതിചെയ്യുന്ന പ്രദേശത്തും അതിനോടുചേര്ന്നുകിടക്കുന്ന സ്ഥലങ്ങളിലും ജീവിക്കുന്നവര്‍. ഒരു തരത്തില്‍ പറഞ്ഞാല്‍ ജീവന് കൈയില്‍ പിടിച്ച് കഴിഞ്ഞുകൂടുന്ന അവസ്ഥയാണ് അവരുടേത്. അപ്പോഴും പക്ഷേ, ഇതു സംബന്ധിച്ച് വ്യക്തമായ ഒരു ധാരണ ആര്‍ക്കുമുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ ഊഹാപോഹങ്ങള്‍ക്ക് ബലം കൂട്ടുന്ന വാദഗതികള്‍ വ്യാപകമായി.
ഈ പശ്ചാത്തലത്തിലാണ് റൂര്‍ക്കിയിലെ ഐഐടിയുടെ പ്രാഥമിക റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. തികച്ചും ആധികാരികമായ വസ്തുതകളും മറ്റും വിശകലനം ചെയ്തും വ്യാഖ്യാനിച്ചുമാണ് അവര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിക്കൊണ്ടിരിക്കുന്നത്. പൂര്‍ണമായ റിപ്പോര്‍ട്ട് വരാന്‍ ഇനിയും മാസങ്ങള്‍ എടുക്കുമെന്നാണ് അറിയുന്നത്. അവരുടെ പ്രാഥമിക റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ തന്നെ ഭീതിദമാണ്. ഇതുവരെ പ്രചരിച്ച എല്ലാ ഊഹാപോഹങ്ങളെയുംകാള് ഭീകരമാണ് സ്ഥിതിഗതികളെന്ന് റിപ്പോര്‍ട്ടിലൂടെ കണ്ണോടിക്കുമ്പോള്‍ മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്.
മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ അടുത്തുള്ള പ്രദേശങ്ങളില്‍ 40 മീറ്ററോളം, അതായത് 133.2 അടി ഉയരത്തില്‍ വെള്ളം പൊങ്ങുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വെറുതെ ഇത്രയും അടി വെള്ളം പൊങ്ങുകയല്ല. ഇത്രയും ഉയരത്തില്‍ വെള്ളത്തിന്റെ ഒരു മതില് പ്രവചിക്കാനാവാത്ത ശക്തിയോടെ കുതിച്ചു പായുകയായിരിക്കും. എല്ലാം നശിപ്പിച്ചുകൊണ്ടുള്ള ഈ കുത്തിയൊഴുക്കില്‍ എന്തെങ്കിലും അവശേഷിക്കുമോ എന്ന ചോദ്യം പോലും ഉയരാനിടയില്ല.
സംസ്ഥാന ഇറിഗേഷന്‍ ചീഫ് എന്‍ജിനീയര്‍ക്ക് നല്കിയ, ഐഐടിയുടെ അണക്കെട്ട് തകര്ച്ചാപഠനത്തിന്റെ വെളിച്ചത്തില്‍ എന്തൊക്കെ സുരക്ഷാനടപടികളാണ് സ്വീകരിക്കേണ്ടതെന്നതിനെക്കുറിച്ച് അടിയന്തരമായി ചിന്തിക്കേണ്ടതുണ്ട്, നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. വസ്തുതകള്‍ ഇല്ലാത്ത വിവരങ്ങള്‍ പുറത്തുവരുമ്പോഴുണ്ടാവുന്ന സ്ഥിതിയല്ല ഇപ്പോള്‍. അണക്കെട്ടിലെ ജലനിരപ്പ് അനുവദനീയമായതിന്റെ പരമാവധിയായ 136 അടിയില്‍ നില്ക്കുമ്പോള് ഡാം തകര്‍ന്നാലുണ്ടാവുന്ന സ്ഥിതിവിശേഷമാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. ജലനിരപ്പ് 142 അടിയാക്കണമെന്ന് വാശിപിടിക്കുന്ന തമിഴ്നാടിന്റെ മനോഗതി എന്താണെന്ന് ഇതില്‍ നിന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. അണക്കെട്ട് തകര്‍ന്ന് കുത്തിയൊഴുകുന്ന വെള്ളം ഇടുക്കി അണക്കെട്ടില്‍ പ്രവേശിക്കുമ്പോള്‍ പോലും ഏതാണ്ട് 20 മീറ്റര്‍ ഉയരമുണ്ടായിരിക്കുമത്രേ. കേള്‍ക്കുമ്പോള്‍ പോലും ഭീതി തോന്നുന്ന അവസ്ഥ വാസ്തവത്തില്‍ യാഥാര്‍ഥ്യമായാല്‍ എന്താവും അനുഭവം?
സുര്‍ക്കിയുടെ ശക്തിയാണ് അണക്കെട്ടിന്റെ ബലം എന്ന വാദഗതിക്ക് ഇപ്പോള്‍ പ്രസക്തിയേ നഷ്ടപ്പെട്ടു. അണക്കെട്ടിന്റെ അടി വരെ തുരന്നിട്ടും സുര്‍ക്കിയുടെ അംശം പോലും കാണാനായിട്ടില്ല എന്ന യാഥാര്‍ത്ഥ്യം ഓര്‍ക്കുക. പ്രകൃതിദുരന്തത്തെ തടയാന്‍പോലും പര്യാപ്തമായ തരത്തില്‍ സുരക്ഷാനടപടികള്‍ സ്വീകരിക്കാന്‍ വെമ്പല്‍ കൊള്ളുന്ന ഭരണകൂടം മനുഷ്യനുണ്ടാക്കിയ ഒരു സ്ഥിതിവിശേഷത്തെ നേരിടുന്ന കാര്യത്തില്‍ നിസ്സഹായരാവുന്നത് എന്തുകൊണ്ടാണ്? ഒരു സംസ്ഥാനത്തിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങള്‍ തുടച്ചു മാറ്റപ്പെട്ടാലും തങ്ങള്‍ക്ക് പ്രശ്നമില്ല എന്നു കരുതാന്‍ മാത്രം ഒരു സംസ്ഥാനജനത ദയാരഹിതരായിപ്പോകുന്നത് എന്തുകൊണ്ടാണ്?
റൂര്‍ക്കി ഐഐടിയുടെ അന്തിമ റിപ്പോര്‍ട്ട് വരാന്‍ അഞ്ഞ്വുമാസമെടുക്കുമെന്നിരിക്കെ കേന്ദ്ര ശാസ്ത്രസാങ്കേതികവകുപ്പ് സഹമന്ത്രി അശ്വനികുമാര്‍ കഴിഞ്ഞ ദിവസം ക്ലീന്‍ ചിറ്റാണ് ഡാമിന് നല്‍കിയത്. എന്തടിസ്ഥാനത്തിലാണ് ഈ മന്ത്രി ഇങ്ങനെയൊരു സാഹസത്തിന് ഇറങ്ങിപ്പുറപ്പെട്ടതെന്ന് മനസ്സിലാവുന്നില്ല. ഇത് തമിഴ്നാട്ടില്‍ നിന്ന് കേട്ട എന്തെങ്കിലും വിവരത്തിന്റെ അടിസ്ഥാനത്തിലാവാനേ തരമുള്ളൂ. രാഷ്ട്രീയ നേട്ടത്തിന്റെ കൊടിയും പേറി നടക്കാനുള്ള ഔത്സുക്യത്തില്‍ ഇത്തരം മന്ത്രിമാരും നേതാക്കളും ജനങ്ങളെ മറന്നുപോവുകയാണ്.
മുല്ലപ്പെരിയാറിന്റെ പേരില്‍ ഹര്‍ത്താലുള്‍പ്പെടെയുള്ള പ്രക്ഷോഭ മാര്‍ഗങ്ങളിലേക്ക് തിരിയുന്ന രാഷ്ട്രീയ കക്ഷികളും മേല്‍ സൂചിപ്പിച്ച നേതാക്കളുടെ മനോനിലയിലാണ്. ഒരു ദുരന്തത്തിന്റെ അഴിമുഖത്ത് നില്‍ക്കുമ്പോഴും കൊടുംയാതന കരുതിക്കൂട്ടി അനുഭവിപ്പിക്കാനുള്ള തത്രപ്പാടിലാണവര്‍. എവിടെയും രാഷ്ട്രീയം ജയിക്കുകയും രാഷ്ട്രം തകരുകയും ചെയ്യുന്ന അവസ്ഥ. ഇത്തരം നടപടികളാണ് അവസാനിപ്പിക്കേണ്ടത്. പകരം ജനങ്ങളില്‍ ഇതിനെക്കുറിച്ച് അവബോധമുണര്‍ത്തുന്ന പരിപാടികളും മറ്റുമാണ് വേണ്ടത്. സൗമനസ്യത്തോടെ അത്തരം പരിപാടികള്‍ നടത്താന്‍ എന്തുകൊണ്ടോ തല്പര കക്ഷികള്‍ മറന്നുപോവുന്നു, അല്ലെങ്കില്‍ ബോധപൂര്‍വ്വം മറക്കാന്‍ ശ്രമിക്കുന്നു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പേരില്‍ രണ്ടുസംസ്ഥാനങ്ങളെ തമ്മിലടിപ്പിക്കാനുള്ള അവസരമായാണ് കേന്ദ്രഭരണകൂടം ഇതിനെ കാണുന്നത്. അതുകൊണ്ടുതന്നെയാണ്, ഇക്കാര്യങ്ങളിലൊക്കെ ആധികാരികമായി അഭിപ്രായം പറയാന്‍ ഉത്തരവാദപ്പെട്ട മന്ത്രിമാര്‍ വിടുവായത്തം പുലമ്പുന്നത്. കേന്ദ്രസര്‍ക്കാര്‍ ഇത്തരുണത്തില്‍ ഏറെ ശ്രദ്ധയോടെ പ്രശ്നങ്ങള്‍ നിര്‍ധാരണം ചെയ്യാന്‍ തയ്യാറാവണം. റൂര്‍ക്കി ഐഐടിയുടെ റിപ്പോര്‍ട്ട് ഏതായാലും നിസ്സാരമായി തള്ളിക്കളയാന്‍ ആരും തയ്യാറാവില്ല എന്നാണ് ബഹുഭൂരിപക്ഷവും കരുതുന്നത്. പൂര്‍ണമായ റിപ്പോര്‍ട്ട് വരുന്നതുവരെ കാത്തുനില്‍ക്കാതെ ജാഗ്രതയോടെ സുരക്ഷാമാര്‍ഗങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്കായി കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ രംഗത്തിറങ്ങണമെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: