കൊല്‍ക്കത്ത: സ്വന്തം പാര്‍ട്ടിക്കെതിരെ ഗൂഢാലോചന നടത്തുന്നത് കോണ്‍ഗ്രസിന്റെ പാരമ്പര്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് പറഞ്ഞു. തനിക്കെതിരെ ഗൂഢാലോചന നടത്തുന്നവര്‍ സി.പി.എമ്മില്‍ തന്നെയുണ്ടെന്ന കോണ്‍ഗ്രസ് വക്താവ് എം.എം.ഹസന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് വി.എസ് ഇങ്ങനെ പറഞ്ഞത്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും തന്നെ കുറിച്ച് പറയുന്നത് കാര്യമാക്കേണ്ടതില്ല. പല കേസുകളിലും ഉള്‍പ്പെട്ടവരാണിവര്‍. അതിനാല്‍ അതൊന്നും ശ്രദ്ധിക്കേണ്ടതില്ല- കൊല്‍ക്കത്തയില്‍ സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തിനെത്തിയ വി.എസ് പറഞ്ഞു. വിജിലന്‍സ് കേസിനെതിരെ കോടതിയെ സമീപിക്കുമോയെന്ന ചോദ്യത്തിന് ‘വരട്ടെ’ എന്നായിരുന്നു വി.എസിന്റെ മറുപടി.
പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെയുള്ള വിജിലന്‍സ് കേസ് കേന്ദ്ര കമ്മിറ്റിയുടെ പരിഗണനയ്ക്ക് വന്നിട്ടില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. സംസ്ഥാന നേതൃത്വം ശ്രദ്ധയില്‍പ്പെടുത്തിയാല്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും യെച്ചൂരി പറഞ്ഞു. കോഴിക്കോട്ട് നടക്കാന്‍ പോകുന്ന സി.പി.എം ഇരുപതാം പാര്‍ട്ടികോണ്‍ഗ്രസിന് മുന്നോടിയായാണ് കൊല്‍ക്കത്തയില്‍ കേന്ദ്ര കമ്മിറ്റി യോഗം ചേരുന്നത്.
കരട് പ്രത്യയശാസ്ത്ര രേഖയും കരട് രാഷ്ട്രീയ പ്രമേയവും ഇന്നത്തെ കേന്ദ്ര കമ്മിറ്റിയോഗം ചര്‍ച്ച ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: