തിരുവനന്തപുരം: മുത്തൂറ്റ് പോള്‍ ജോര്‍ജ് വധക്കേസില്‍ കാരി സതീഷിന് തിരുവനന്തപുരം സി.ബി.ഐ കോടതി ജാമ്യം അനുവദിച്ചു. കര്‍ശന വ്യവസ്ഥകളോടെയാണ് ജാമ്യം. വധക്കേസില്‍ രണ്ടാം പ്രതിയും ഗൂഢാലോചനക്കേസില്‍ നാലാംപ്രതിയുമാണ് സതീഷ്.
കേസിലെ പതിമൂന്ന് പ്രതികള്‍ക്കും നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നെങ്കിലും ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതിനാല്‍ സതീഷിന്റെ ജാമ്യം സ്വമേധയാ കോടതി റദ്ദാക്കുകയായിരുന്നു. ഇതേതുടര്‍ന്ന് തിരുവനന്തപുരം സി.ബി.ഐ കോടതിയില്‍ സതീഷ് വീണ്ടും ജാമ്യാപേക്ഷ നല്‍കുകയായിരുന്നു. വിശദമായ വാദം കേട്ട ശേഷമാണ് ഇപ്പോള്‍ കോടതി ജാമ്യം അനുവദിച്ചത്.
എല്ലാ തിങ്കളാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ കാരി സതീഷ് നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജാമ്യ കാലാവധിയില്‍ മറ്റൊരു കേസിലും പ്രതിയാവരുതെന്നും കേസിലെ സാക്ഷികളെയോ പ്രതികളേയോ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുതെന്നും കോടതി ജാമ്യ വ്യവസ്ഥയില്‍ കര്‍ശനമായി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ആദ്യഘട്ടത്തില്‍ കേസ് അന്വേഷിച്ച പോലീസും ക്രൈംബ്രാഞ്ചും ഒരു കുറ്റപത്രമാണ് കേസില്‍ സമര്‍പ്പിച്ചത്. എന്നാല്‍ കേസ് പിന്നീട് അന്വേഷിച്ച സി.ബി.ഐ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും രണ്ട് കുറ്റപത്രങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതില്‍ ഒരു കേസിലാണ് മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: