തൃശൂര്‍ : കലയുടെ വര്‍ണോത്സവത്തിന് പൂരനഗരിയില്‍ തുടക്കം. വരും ദിവസങ്ങള്‍ കൂട്ടപ്പൊരിച്ചിലിന്റെ ആവേശം. പൂരപ്പറമ്പിനെ വര്‍ണാഭമാക്കിയ ഘോഷയാത്രയില്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തെ മോഹിപ്പിച്ച മോഹിനിയാട്ടവും ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ സ്നേഹോപദേശങ്ങളും നിറഞ്ഞ് അമ്പത്തിരണ്ടാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടന നാള്‍ പ്രൗഢഗംഭീരമായി.
ഇനി ആറ് രാപ്പകലുകള്‍ കലയുടെ സൗകുമാര്യം വിടര്‍ന്ന് നില്‍ക്കും. നാദതാളലയ വിന്യാസങ്ങള്‍ ഒരുമിച്ച് സംഗമിക്കുന്ന ദിവസങ്ങള്‍. എല്ലാവരും കലയുടെ മാമാങ്കത്തില്‍ അലിഞ്ഞുകഴിഞ്ഞു. തൃശൂരുകാര്‍ പൂരം അടുക്കുമ്പോള്‍ എല്ലാം പൂരത്തില്‍ അര്‍പ്പിക്കും പോലെ ശക്തന്റെ തട്ടകം ഈ കൗമാര കലോത്സവം നെഞ്ചേറ്റി കഴിഞ്ഞു. പ്രധാനവേദിയായ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ഗാനഗന്ധര്‍വ്വന്‍ ഡോ. കെ.ജെ.യേശുദാസാണ് സംസ്ഥാന കലോത്സവത്തിന് ആദ്യ തിരി തെളിയിച്ചത്. തുടര്‍ന്ന് മറ്റുള്ളവര്‍ കലയുടെ പൂക്കാലത്തിന് തിരി കൊളുത്തിയപ്പോള്‍ വിദ്യാഭ്യാസമന്ത്രിയും കലോത്സവത്തിന്റെ ചുക്കാന്‍ പിടിക്കുന്ന പി.കെ.അബ്ദുറബ്ബ് സാംസ്കാരിക നഗരിയില്‍ തിരി കൊളുത്താതെ മാറിനിന്നത് പ്രതിഷേധത്തിന് ഇടയാക്കി.
മുഖ്യമന്ത്രിയെയാണ് ഉദ്ഘാടനത്തിന് തീരുമാനിച്ചിരുന്നതെങ്കിലും അദ്ദേഹം എത്താതിരുന്നതിനെതുടര്‍ന്നാണ് ഗാനഗന്ധര്‍വ്വന്‍ യേശുദാസ് ഉദ്ഘാടന ചടങ്ങ് നിര്‍വ്വഹിച്ചത്. യൂസഫലി കേച്ചേരി രചന നിര്‍വ്വഹിച്ച് വിദ്യാധരന്‍ മാസ്റ്റര്‍ സംഗീതം പകര്‍ന്ന് കലാമണ്ഡലം ക്ഷേമാവതി ചിട്ടപ്പെടുത്തിയ നൃത്തശില്‍പത്തോടെയാണ് കൗമാരകലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങ് ആരംഭിച്ചത്. എം.ശിവശങ്കരന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ മന്ത്രിമാരായ കെ.സി.ജോസഫ്, സി.എന്‍.ബാലകൃഷ്ണന്‍,എംപിമാരായ പി.സി.ചാക്കോ, കെ.പി.ധനപാലന്‍, പി.കെ.ബിജു, മേയര്‍ ഐ.പി.പോള്‍, തേറമ്പില്‍ രാമകൃഷ്ണന്‍ എംഎല്‍എ, ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് കെ.വി.ദാസന്‍, ഡിപിഐ എം.ഷാജഹാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
കഴിഞ്ഞ വര്‍ഷത്തെ കലോത്സവ മാധ്യമ അവാര്‍ഡ് വിതരണവും സ്വര്‍ണക്കപ്പ് രൂപകല്‍പ്പന ചെയ്ത ചിറയന്‍കീഴ് ശ്രീകണ്ഠന്‍നായരെ ആദരിക്കലും ഇതോടനുബന്ധിച്ച് നടന്നു. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി പതിമൂവായിരത്തോളം വിദ്യാര്‍ത്ഥികള്‍ അണിനിരന്ന ഘോഷയാത്രയോടെയായിരുന്നു തുടക്കം. ഉദ്ഘാടനസമ്മേളനത്തിന് ശേഷം വേദി ഒന്നില്‍ മോഹിനിയാട്ടവും ടൗണ്‍ഹാളില്‍ കുച്ചുപ്പുടിയും റീജ്യണല്‍ തീയേറ്ററില്‍ ഭരതനാട്യവും അരങ്ങേറി.
നേരത്തെ കലോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് പ്രധാന വേദിക്ക് മുന്നില്‍ ഡിപിഐ എം. ഷാജഹാന്‍ രാവിലെ പതാക ഉയര്‍ത്തി. ഇന്ന് പതിനാറ് വേദികളില്‍ രാവിലെ 9മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും. ഇന്നലെ രാത്രി ആര്‍മണിക്ക് നിശ്ചയിച്ചിരുന്ന മോഹിനിയാട്ടം ആരംഭിച്ചത് ഏഴരയോടെയാണ് ഈ വൈകല്‍ ഇന്നത്തെ മത്സരങ്ങളെയും ബാധിച്ചേക്കുമെന്നാണ് സൂചന. രാത്രി 10മണിവരെയാണ് മത്സരങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നതെങ്കിലും പുലര്‍ച്ചവരെ നീളുമെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: