പെരുമ്പാവൂര്‍: ഒക്കല്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെരിയാര്‍ പുഴയുടെ തീരങ്ങളിലെ ഫലഭൂയിഷ്ടമായ മണ്ണ് ഖാനനം ചെയ്ത് കൊണ്ടുപോകുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. എറണാകുളം ജില്ലയിലെ തന്നെ ഏറ്റവും വളക്കൂറുള്ള മണ്ണ് എന്ന് പേരുകേട്ട പെരുമറ്റം പ്രദേശത്തുനിന്നും ഏക്കര്‍ കണക്കിന് സ്ഥലത്തെ വാഴ, ജാതി തുടങ്ങിയവ വെട്ടിമാറ്റിയാണ് മണ്ണെടുപ്പ് നടന്നുവരുന്നത്. പ്രതിദിനം നൂറുകണക്കിന് ലോഡ് മണ്ണാണ് അന്യസംസ്ഥാനത്തേക്ക് കടത്തുന്നതെന്നും പ്രതിഷേധവുമായെത്തിയ പൗരസമിതി പ്രവര്‍ത്തകര്‍ പറയുന്നു. 16-ാം വാര്‍ഡിലെ ഗ്രാമസഭായോഗം ഇതിനെതിരെ പ്രതിഷേധിക്കുകയും പ്രമേയം പാസ്സാക്കുകയും ചെയ്തിട്ടുണ്ടെന്നും ഈ വാര്‍ഡില്‍ നിന്നുമാത്രം കോടികളുടെ മണ്ണ് കടത്തിയിട്ടുണ്ടെന്നും പൗരസമിതി പറഞ്ഞു.
രാത്രികാലങ്ങളില്‍ ഈ പ്രദേശത്ത് മണ്ണെടുപ്പ് നടത്തുന്നതും വാഹനങ്ങള്‍ ചീറിപ്പായുന്നതും മൂലം പ്രദേശവാസികള്‍ക്ക് സ്വൈര്യമായി ഉറങ്ങാന്‍ പോലും സാധിക്കുന്നില്ലെന്നും ഇതിനെതിരെ പഞ്ചായത്തോ മറ്റധികൃതരോ യാതൊന്നും ചെയ്യുന്നില്ലെന്നും അധികാരികള്‍ മണ്ണ് മാഫിയകള്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്നും നാട്ടുകാര്‍ പറയുന്നു. ഇതിനെതിരെ ഒക്കല്‍ കര്തവ്യ ലൈബ്രറിയില്‍ ചേര്‍ന്ന പ്രതിഷേധയോഗം ബിജു വട്ടപ്പാറ ഉദ്ഘാടനം ചെയ്തു. ഒക്കല്‍ വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ മര്‍ച്ചന്റ് അസോസിയേഷന്, ആന്റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്മെന്റ് എന്നീ സംഘടനകള്‍ക്കുവേണ്ടി വി.പി. സുരേഷ്, എം.വി. സാബു, വര്‍ഗീസ് തെറ്റയില്‍, കെ.പി. രാജന്, മാധവന്‍നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ശക്തമായ സമരപരിപാടികള്‍ക്ക് യോഗം ആഹ്വാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: