ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ കരസേനാമേധാവി ജനറല്‍ വി.കെ.സിങ്ങ് സുപ്രീം കോടതിയില്‍. ജനനത്തീയതിയുമായി ബന്ധപ്പെട്ട പ്രശ്നത്തിലാണ് ജനറല്‍ സിങ്ങ് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ ഒരുങ്ങുന്നത്. ഇതാദ്യമായാണ് രാജ്യത്തെ ഒരു സേനാ മേധാവി കേന്ദ്രസര്‍ക്കാരിനെതിരെ കോടതിയില്‍ പരാതിപ്പെടുന്നത്. മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റും മറ്റ് രേഖകള്‍ പ്രകാരവും തന്റെ ജനനത്തീയതി 1951 മെയ് 10 ആണെന്ന വാദം കേന്ദ്രം നിരാകരിച്ചതിനെതിരെയാണ് കരസേനാ മേധാവി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ജനറല്‍ സിങ്ങിന്റെ ജനനത്തീയതി 1950 മെയ് 10 ആയികണക്കാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതുസംബന്ധിച്ച് പ്രതിരോധമന്ത്രാലയവുമായി മാസങ്ങളോളം നടത്തിയ വടംവലിയാണ് ഒടുവില്‍ കോടതിയ്‌ക്കുമുന്നില്‍ എത്തിയിരിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകന്‍ യു.യു.ലളിതാണ് ജനറല്‍ സിങ്ങിനു വേണ്ടി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. 13 ലക്ഷം സൈനികരുടെ തലവനെന്ന നിലയില്‍ തന്റെ അഭിമാനത്തിന്റെയും ആത്മാര്‍ത്ഥതയുടെയും പ്രശ്നമാണിതെന്ന് ഹര്‍ജിയില്‍ അദ്ദേഹം പറഞ്ഞിരിക്കുന്നു. 36 വര്‍ഷം സൈനിക സേവനം നടത്തുകയും ഔദ്യോഗിക ജീവിതത്തിലുടനീളം സ്ഥാനക്കയറ്റങ്ങള്‍ കിട്ടുകയും ചെയ്തശേഷം തന്റെ ജനനത്തീയതിയില്‍ മാറ്റം വരുത്താന്‍ സര്‍ക്കാരെടുത്ത തീരുമാനത്തെ കരസേനാ മേധാവി ചോദ്യം ചെയ്യുന്നു. രണ്ടുതവണ ഇതുസംബന്ധിച്ച് പ്രതിരോധമന്ത്രാലയത്തിന് അദ്ദേഹം കത്തുനല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പ്രതിരോധമന്ത്രി എ.കെ.ആന്റണി അടുത്തയിടെ ഇത് നിരാകരിച്ചതോടെ വകുപ്പ് തലത്തിലുള്ള എല്ലാപരിഹാരമാര്‍ഗങ്ങളും കരസേനാ മേധാവിക്കുമുന്നില്‍ അടയുകയായിരുന്നു. സര്‍ക്കാര്‍ തീരുമാനത്തോടെ അദ്ദേഹത്തിന് മെയ് 31ന് വിരമിക്കേണ്ടിവരും.
നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ നല്‍കിയിരിക്കുന്ന യുപിഎസ്സി എന്‍ട്രന്‍സ് അപേക്ഷയില്‍ രേഖപ്പെടുത്തിയിരിക്കുന്ന ജനനത്തീയതി 1950 മെയ് 10 ആണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിരോധമന്ത്രാലയം സിങ്ങിന്റെ ആവശ്യം നിരാകരിച്ചത്. കഴിഞ്ഞ വെള്ളയാഴ്ച നടത്തിയവാര്‍ത്താ സമ്മേളനത്തില്‍ ജനനത്തിയതി വിവാദം സംബന്ധിച്ച ചോദ്യങ്ങള്‍ ഉയര്‍ന്നെങ്കിലും ഭാവിനടപടികളെക്കുറിച്ച് സൂചന നല്‍കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.
ജനറല്‍ സിങ്ങിന്റെ പ്രായപ്രശ്നം സത്യസന്ധവും നീതിയുക്തമായും പരിഹരിക്കുമെന്ന് മന്ത്രിസഭയുടെ നിയമന സമിതി അംഗം കൂടിയായ ആഭ്യന്തര മന്ത്രി പി.ചിദംബരം കഴിഞ്ഞയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. സിങ്ങിന്റെ അപേക്ഷകള്‍ തള്ളിയ ആന്‍ണിയാകട്ടെ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പൂര്‍ണവിശ്വാസം രേഖപ്പെടുത്തുകയും ചെയ്തു.
കേന്ദ്രസര്‍ക്കാരിനെതിരെ കരസേനാ മേധാവി സുപ്രീം കോടതിയെ സമീപിച്ചതോടെ രാജ്യത്ത് മറ്റൊരു പ്രതിസന്ധികൂടി ഉടലെടുത്തിരിക്കയാണ്. ആരുടെ വാദം ജയിച്ചാലും ഇരുവിഭാഗങ്ങളും തമ്മിലുള്ള ബന്ധത്തെ അത് ദോഷകരമായി ബാധിക്കുമെന്നും പറയപ്പെടുന്നു. അയല്‍ രാജ്യമായ പാക്കിസ്ഥാനില്‍ സൈനിക- സിവിലിയന്‍ നേതൃത്വങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: