നേട്ടങ്ങളില്‍ ദൃഷ്ടിയുറപ്പിച്ചുകൊണ്ടുള്ള ജീവിതവീക്ഷണം സ്വാഭാവികമാണ്. പക്ഷേ, നേട്ടങ്ങള്‍ക്ക് പിന്നില്‍, അവയെ നിയന്ത്രിക്കുന്ന ചില നിയമങ്ങളുണ്ടെന്ന് നാം വിസ്മരിക്കരുത്. ആ നിയമങ്ങള്‍ക്കനുസരിച്ച് മാത്രമേ നമ്മുടെ ജീവിതത്തില്‍ നന്മകള് കൈവരൂ. നമ്മുടെ അശുഭാനുഭവങ്ങള്ക്കും ഈ നിയമങ്ങളില്‍ തന്നെ നിദാനം കണ്ടെത്താന്‍ കഴിയും. പ്രതീക്ഷിച്ച വിജയം കൈവന്നില്ലെങ്കില്‍ പ്രയത്നത്തിന്റെ കുറവായിരിക്കും അതിന് കാരണം. ആനന്ദം അനുഭവിക്കാനാവുന്നില്ലെങ്കില്‍ അനാരോഗ്യകരമായ മനോഭാവങ്ങളായിരിക്കും അതിന്റെ ഹേതു. ഇതുപോലെ ഐശ്വര്യവും അറിവും സ്നേഹവും അംഗീകാരവുമൊന്നും പ്രതീക്ഷാനുസൃതമായി ലഭിക്കുന്നില്ലെങ്കില്‍ നമ്മുടെ ഭാഗത്തുനിന്നുള്ള വീഴ്ചകള്‍ തന്നെ അതിന് കാരണമെന്ന് ഉറപ്പിക്കാം.
നവവത്സരം നമുക്ക് നന്മകള് നിറഞ്ഞതാണെങ്കില്‍, നാം നമ്മെ അതിന്നര്ഹരാക്കിത്തീര്ക്കേണ്ടതുണ്ട്. ‘ഒരു വ്യക്തിയും ഒറ്റപ്പെട്ട ദ്വീപല്ല. ശൃംഖലയിലെ കണ്ണിയാണ്.’ നാം നമ്മുടെ ചുറ്റുപാടുകളുമായി ഏതെല്ലാം തരത്തിലാണ് ബന്ധപ്പെട്ട് കിടക്കുന്നതെന്നറിയുക. വീട്ടിലും നാട്ടിലും ജോലിസ്ഥലത്തുമൊക്കെ നമ്മോട് ബന്ധപ്പെട്ടുകിടക്കുന്ന കണ്ണികളുണ്ട്. ഈ ലോകം മുഴുവന്‍ പരസ്പരം കോര്‍ത്തിണക്കിയ ഒരു ശൃംഖലയാണ്. വൃക്ഷലതാദികളും പക്ഷിമൃഗാതികളും ജലാശയങ്ങളും വനങ്ങളും പര്‍വതങ്ങളും പുഴകളുമൊക്കെ ചേര്‍ന്ന ഈ ലോകമാണ് മനുഷ്യന് ആധാരം. ഇവയെ ഒന്നായിക്കാണണം, നമ്മുടെ തന്നെ ഭാഗമായിക്കാണണം. നമ്മെ ഈ പ്രപഞ്ചത്തിന്റെ ഭാഗമായി കാണണം. തന്നെയും തന്റെ കുടുംബത്തെയും സ്നേഹിക്കുന്നതുപോലെ ലോകത്തെ മുഴുവന്‍ സ്നേഹിക്കണം. മനുഷ്യരെ മാത്രമല്ല, സര്‍വചരാചരങ്ങളെയും സ്നേഹപൂര്‍വ്വം സേവിക്കണം. പരിസരം മലിനമാക്കരുത്. പ്രകൃതിയെ താറുമാറാക്കരുത്.
ഈ നിയമങ്ങളാണ് നമ്മുടെ സര്വതോന്മുഖമായ നന്മയ്ക്ക് നിദാനം. മനുഷ്യരോട് മര്യാദവിട്ടുപെരുമാറുമ്പോള് അവര്‍ കോപിക്കുന്നതുപോലെ, പ്രകൃതിയോട് ധിക്കാരം പ്രവര്‍ത്തിച്ചാല്‍ പ്രകൃതിയും കോപിക്കും. ആ കോപത്തിന്റെ, പ്രകൃതിക്ഷോഭത്തിന്റെ ഭവിഷ്യത്തുക്കള്‍ ഭീകരതരമായിരിക്കും. ഇതെല്ലാമറിഞ്ഞ്, സര്‍വ്വാശ്ലേഷിയായ നന്മയുടെ ദര്‍ശനമുള്‍ക്കൊണ്ട് ജീവിതം പുതിയ രീതിയില്‍ ശ്രേയസ്സിന്റെ നിയമങ്ങള്‍ക്കനുസരിച്ച് ഈ നവവര്‍ഷത്തില്‍ നമുക്ക് ചിട്ടപ്പെടുത്താം. അങ്ങനെ, ഈ പുതുവര്‍ഷത്തെയും ഇനിയുള്ള എല്ലാ വര്‍ഷങ്ങളെയും നമുക്ക് മഹത്തായ മംഗളങ്ങളേകുന്നവയാക്കിത്തീര്ക്കാം.
– മാതാ അമൃതാനന്ദമയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: