ജാഗ്രത്തില്‍ തന്നെ ജാഗ്രത്സുഷുപ്തിയും, ജാഗ്രസ്വപ്നവും അറിയുന്ന ജാഗ്രത് പ്രാജ്ഞനും ജാഗ്രത്തൈജസനുമായി ഞാന്‍ മാറുന്നു. എന്നാല്‍ അപ്പോഴും തുരിയന് ഇല്ലാതാകുന്നില്ല, മറഞ്ഞിരിക്കുന്നതുമില്ല. ജീവന്മാര് അറിയുന്നില്ല എന്തുമാത്രം. ‘ശുദ്ധഞ്ഞാന്ബോധം’ ഗാഢനിദ്രയില്‍ നിന്നും ഉണര്‍ന്നുവരുന്ന ആദ്യ സ്പന്ദനത്തിലെ അനുഭവമാണ്. ആ ‘ഞാന്‍ബോധം’ വിഷയങ്ങളുമായി കലരുന്നതിന് മുന്‍പ് ശുദ്ധ ഞാന്‍ എന്ന് തന്നെ പറയാം. അതുതന്നെയാണ് സാക്ഷിയായ ഞാന്‍. എന്നാല്‍ സാക്ഷിയാകുന്നത് നാനാത്വമായ അനുഭവത്തിന് തയ്യാറെടുത്ത് ‘ഇത്’ എന്ന, ജീവന്റെ ഒരനുഭവത്തില്‍ എത്തുന്ന ഞാനായി മാറിപ്പോകുമ്പോഴാണ്. അങ്ങനെ ഉണര്‍ന്നിരിക്കവെ തന്നെ ഒരു വസ്തുവിനെ ലക്ഷ്യമാക്കി ‘ഇത്’ എന്നുറപ്പിക്കുമ്പോള്‍ ഓരാള്‍ക്ക് അനുഭവത്തിന്റെ ആദിയിലെ ജാഗ്രത് ഉദയമാകുന്നു. അങ്ങനെ ജാഗ്രത്ജാഗ്രത്തില് ഞാനിന്ന് (ജാഗ്രത്വിശ്വന്) ജാഗ്രത്തൈജസനെയോ ജാഗ്രത് പ്രാജ്ഞനയോ സാക്ഷിയെയോ അറിയാന്‍ കഴിയാതെയിരിക്കുന്നു. ഓരോന്നിലും മാറിമാറി നില്ക്കുന്ന ഞാനിന്ന് ഓരോ വിഷയാനുഭവം പൂര്‍ണമാകുമ്പോഴും ഒന്നും സംഭവിക്കുന്നില്ല എന്നതറിയാതെ അജ്ഞാനി സുഖദുഃഖങ്ങളില്‍ മുങ്ങിക്കഴിയുന്നു. വിഷയം വേറായി അനുഭവിക്കുമ്പോള്‍ ഞാന്‍ സാക്ഷിബോധമെന്ന് അറിയുന്ന ആളിന് ഒരു വിഷയാനുഭവത്തിലും ദുഃഖമുണ്ടാവുകയില്ല.
– സ്വാമി ശാന്താനന്ദഗിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: