ന്യൂദല്‍ഹി: ടെലികോം അഴിമതി കേസില്‍ മൂന്ന് വര്‍ഷം തടവ് ശിക്ഷ ലഭിച്ച മുന്‍ കേന്ദ്ര മന്ത്രി സുഖ്റാമിന്റെയും മറ്റു രണ്ടു പ്രതികളുടെയും ഇടക്കാല ജാമ്യം ഓഗസ്റ്റ് ഏഴു വരെ സുപ്രീംകോടതി നീട്ടി. കേസില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 120 ബി പ്രകാരം ഗൂഢാലോചനയില്‍ നിന്ന് സുഖ്റാമിനെ ഒഴിവാക്കിയ നടപടിക്കെതിരെ അപ്പീല്‍ നല്കാന് ആഗ്രഹിക്കുന്നുണ്ടോയെന്ന കാര്യം അറിയിക്കാനും സി.ബി.ഐയോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ഈ മാസം 16 വരെ സുഖ്റാമിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ടെലികോം മന്ത്രിയായിരുന്ന സമയത്ത് സ്വകാര്യ കമ്പനിക്കു കരാര്‍ നല്കുന്നതിനു മൂന്നു ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് സുഖ് റാമിനെ മൂന്നു വര്‍ഷത്തെ കഠിന തടവിനു ശിക്ഷിച്ചത്.
ജനുവരി ഒമ്പതിന് വിചാരണക്കോടതിയില്‍ കീഴടങ്ങിയ സുഖ്റാമിനെ തിഹാര്‍ ജയിലിലേക്ക് അയച്ചെങ്കിലും ആരോഗ്യനില മോശമായതിനെ തുടര്‍ന്നു ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. മുന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന് രുണു ഘോഷ്, ഹൈദരാബാദിലെ ബിസിനസുകാരനായ രാമറാവു എന്നിവരാണ് സുഖ്റാമിനൊപ്പം ശിക്ഷിക്കപ്പെട്ട മറ്റ് പ്രതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: