കല്‍പ്പറ്റ: റോഡ് നവീകരണത്തിന്റെ ഭാഗമായി വയനാട് ചുരത്തിലൂടെ നാളെ മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. ഒരു മാസത്തേയ്ക്കാണ് നിയന്ത്രണം. ഇക്കാലയളവില്‍ യാത്രക്കാര്‍ക്കായി കെ.എസ്.ആര്.ടി.സിയുടെ മിനിബസുകള് സര്‍വ്വീസ് നടത്തും. ഏറെനാളത്തെ കാത്തിരിപ്പിന് ഒടുവിലാണ് വയനാട് ചുരം റോഡ് നവീകരിക്കുന്നത്.
അന്യസംസ്ഥാനത്തു നിന്നെത്തുന്നത് ഉള്‍പ്പെടെയുളള കണ്ടെയ്നര്‍ ലോറികള്‍, ട്രക്കുകള്‍ തുടങ്ങിയ ചരക്കു വാഹനങ്ങള്‍ക്കു ചുരം റോഡിലൂടെയുളള ഗതാഗതം നിരോധിച്ചിട്ടുണ്ട്. ഇവ ഗുണ്ടല്‍പ്പേട്ട്, ഗുഡല്ലൂര്‍, നാടുകാണി വഴി സര്‍വീസ് നടത്തണം.
വയനാട് ജില്ലാ കവാടത്തിലെ ലക്കിടി ടൂറിസം ഇന്‍ഫൊര്‍മേഷന്‍ ഓഫിസില്‍ താത്കാലിക കെ.എസ്.ആര്.ടി.സി സ്റ്റേഷന് മാസ്റ്റര്‍ ഓഫിസ് ക്രമീകരിച്ചിട്ടുണ്ട്. വയനാട്ടില്‍ നിന്നെത്തുന്ന യാത്രക്കാരെ ലക്കിടിയില്‍ നിന്നു കെ.എസ്.ആര്.ടി.സി മിനി ബസുകളില്‍ അടിവാരത്തേക്കും കോഴിക്കോട് നിന്നുളള യാത്രക്കാരെ ലക്കിടിയിലേക്കും എത്തിക്കും. ഇതിനായി 20 മിനി ബസുകള്‍ ഏര്‍പ്പെടുത്തി.
എന്നാല്‍ തിരുവനന്തപുരം-എറണാകുളം- തൃശൂര്‍ കെ.എസ്.ആര്.ടി.സി ദീര്‍ഘദൂര സര്‍വീസുകള്‍ കല്‍പ്പറ്റയില്‍ നിന്നു പടിഞ്ഞാറേത്തറ, തരുവണ, തൊട്ടില്‍പ്പാലം വഴിയാകും കോഴിക്കോട്ടെത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: