ഇസ്ലാമബാദ്: പാക്കിസ്ഥാനില്‍ പട്ടാളനേതൃത്വവും പ്രധാനമന്ത്രിയും തമ്മിലുള്ള പോര് മുര്‍ച്ഛിക്കുന്നു. സൈന്യത്തിനെതിരെ പ്രധാനമന്ത്രി യൂസഫ് റാസാ ഗീലാനി നടത്തിയ വിമര്‍ശനങ്ങളെക്കുറിച്ച് വിശദീകരണം നല്‍കുകയോ പിന്‍വലിക്കുകയോ വേണമെന്ന് കരസേനാ മേധാവി ജനറല്‍ അഷ്ഫഖ് കയാനി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.
ചൈനീസ് മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ സൈന്യത്തെക്കുറിച്ച് ഗീലാനി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ കയാനി പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്ക് പരാതി നല്‍കിയതായി സൈനിക വൃത്തങ്ങള്‍ പറഞ്ഞു. രാജ്യത്ത് കോളിളക്കമുണ്ടാക്കിയ ഒരു കേസില്‍ സര്‍ക്കാരിനെതിരെ കോടതിയില്‍ രേഖകള്‍ ഹാജരാക്കിയ കയാനിയും പാക് ചാരസംഘടനയായ ഐഎസ്ഐയുടെ ഡയറക്ടര്‍ ജനറല്‍ ലഫ്.ജന.അഹമ്മദ് ഷുജ പാഷയും ഗുരുതരമായ ഭരണഘടനാലംഘനമാണ് നടത്തിയതെന്ന് ഗീലാനി വിമര്‍ശിച്ചതാണ് സൈന്യത്തിന്റെ രോഷത്തിനിടയാക്കിയത്. പ്രധാനമന്ത്രി ഉന്നയിച്ചതിനെക്കാള്‍ ഗുരുതരമായ ആരോപണം ഉണ്ടാകാനില്ലെന്നാണ് കടുത്ത ഭാഷയില്‍ സൈന്യം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്. ഗുരുതരമായ പെരുമാറ്റദൂഷ്യവും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും ആരോപിച്ച് പ്രതിരോധ സെക്രട്ടറി ലഫ്.ജന.(റിട്ട) നയീം ഖാലിദ് ലോധിയെ ഗീലാനി പുറത്താക്കുക കൂടി ചെയ്തതോടെ സൈനിക നേതൃത്വം കൂടുതല്‍ പ്രകോപിതരായി. സൈനിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഏറ്റവും മുതര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു ലോധി. സിവിലിയന്‍ ഭരണകൂടത്തില്‍ സൈന്യത്തിന്റെ മുഖ്യവക്താവാണ് പ്രതിരോധ സെക്രട്ടറി.
പ്രധാനമന്ത്രിയുടെ വിവാദ പ്രസ്താവനയില്‍ കയാനിയെക്കാള് രോഷാകുലരാണ് മുതിര്‍ന്ന സൈനിക കമാണ്ടര്മാരെന്നും പറയപ്പെടുന്നു. പ്രധാനമന്ത്രിക്കെതിരെ മുഖ്യകോര് കമാണ്ടര്മാരെല്ലാം കയാനിക്കുമേല് കടുത്ത സമ്മര്‍ദ്ദം ചെലുത്തുകയാണത്രെ.
സൈന്യത്തിന്റെ രോഷം ശമനമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ പാക്കിസ്ഥാന് സര്‍ക്കാരിന്റെ നിലനില്‍പ്പും തുലാസില്‍ ആടുകയാണ്. പാക്സര്‍ക്കാരും പാര്‍ലമെന്റും എല്ലാറ്റിനുമുപരി ദേശസ്നേഹികളായ സകലജനങ്ങളും ധീരരായ സായുധ സേനകള്‍ക്കും സുരക്ഷാഭടന്മാര്ക്കും പിന്നില്‍ അടിയുറച്ചു നിലകൊള്ളുന്നതായി കയാനി കൂടി പങ്കെടുത്ത മന്ത്രിസഭാ പ്രതിരോധ സമിതി യോഗത്തില്‍ ഗീലാനി പറഞ്ഞെങ്കിലും സൈന്യത്തിന്റെ രോഷം ശമിക്കാന്‍ സഹായിച്ചിട്ടില്ല. പ്രസിഡന്റ് സര്‍ദാരിയും കയാനിയുമായി സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്തതായി കുടുതല്‍ വിശദീകരിക്കാതെ പ്രസിഡന്റിന്റെ വക്താവ് പറഞ്ഞു.
സൈനിക സിവിലിയന്‍ നേതൃത്വങ്ങള്‍ തമ്മിലുള്ള പോര് മുര്ച്ഛിക്കുന്നതോടെ രാജ്യത്തിന്റെ സുസ്ഥിരതയെക്കുറിച്ചുള്ള ആശങ്കകള്‍ വീണ്ടും ഉയര്‍ന്നുതുടങ്ങിയിരിക്കുകയാണ്. 1947 ലെ സ്വതന്ത്രത്തിനുശേഷം മൂന്ന് തവണയാണ് സിവിലിയന്‍ ഭരണകൂടങ്ങളെസൈന്യം അട്ടിമറിച്ചിരിക്കുന്നത്. പാക്കിസ്ഥാന്റെ ചരിത്രത്തില്‍ പകുതിയിലേറെയും ഭരണം നടത്തിയിരിക്കുന്നത് സൈന്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: