ചെന്നൈ: എഐഎഡിഎംകെ സ്വാഭാവിക സഖ്യകക്ഷിയാണെന്ന് ബിജെപി നേതാവും എന്‍ഡിഎ ചെയര്‍മാനുമായ എല്‍.കെ. അദ്വാനിയുടെ പ്രസ്താവനയോടെ ഇരുപാര്‍ട്ടികളും സഖ്യത്തിനൊരുങ്ങുകയാണെന്ന ചര്‍ച്ച ദേശീയരാഷ്‌ട്രീയത്തില്‍ സജീവമാവുന്നു. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തെന്‍റ പാര്‍ട്ടി ദേശീയതലത്തില്‍ പ്രമുഖ പങ്ക് വഹിക്കുമെന്ന് അടുത്തിടെ എഐഎഡിഎംകെ അധ്യക്ഷയും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ ജയലളിത പ്രഖ്യാപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജയയുടെ പാര്‍ട്ടി ബിജെപിയുടെ സ്വാഭാവിക സഖ്യകക്ഷിയാണെന്ന അദ്വാനിയുടെ പ്രസ്താവനക്ക് രാഷ്‌ട്രീയ പ്രാധാന്യം കൈവരുന്നത്.
ചോ രാമസ്വാമിയുടെ തുഗ്ലക് വാരികയുടെ 42-ാം വാര്‍ഷികദിനാഘോഷത്തില്‍ പങ്കെടുക്കവെയാണ് ജയയെ സ്വാഭാവിക സഖ്യകക്ഷിയായാണ് കാണുന്നതെന്ന് അദ്വാനി അഭിപ്രായപ്പെട്ടത്. ബിജെപിയൂടെ ദേശീയ സഖ്യകക്ഷിയായി ജയയുടെ പാര്‍ട്ടി പ്രവവര്‍ത്തിച്ചിട്ടുണ്ടെന്നും അദ്വാനി പറഞ്ഞു.
എഐഎഡിഎംകെ ഔദ്യോഗികമായി എന്‍ഡിഎയുടെ ഭാഗമല്ല. എന്നാല്‍ അനൗപചാരികമായി പാര്‍ലമെന്റിലുള്‍പ്പെടെയുള്ള സഹകരണം വര്‍ധിച്ചുവരികയാണ്, അദ്വാനി പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയും പങ്കെടുത്ത യോഗത്തിലാണ് അദ്വാനി ഇത് പറഞ്ഞത്. ജയലളിതയുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന നേതാവാണ് മോഡി.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയലളിതയുടെ വിജയത്തിനുശേഷം തമിഴ്‌നാട്ടില്‍ ചടുലമായ മാറ്റങ്ങളാണ് സംഭവിക്കുന്നതെന്നും ജനങ്ങളുടെ ആത്മവിശ്വാസം വര്‍ധിച്ചിട്ടുണ്ടെന്നും അദ്വാനി അഭിപ്രായപ്പെട്ടു. ജയലളിതയെയും മോഡിയെയും പോലെ മാറ്റത്തിന് വഴി തെളിക്കുന്ന കൂടുതല്‍ നേതാക്കളെയാണ് ഇന്ന് രാജ്യത്തിന് ആവശ്യമെന്നും അദ്വാനി അഭിപ്രായപ്പെട്ടു.
കേന്ദ്രത്തില്‍ വാജ്പേയി സര്‍ക്കാരിനെ അധികാരത്തിലേറ്റുന്നതില്‍ തന്റെ പാര്‍ട്ടി വലിയ പങ്ക് വഹിച്ചതായി കഴിഞ്ഞ ഡിസംബറില്‍ ചേര്‍ന്ന എഐഎഡിഎംകെ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ ജയലളിത അഭിപ്രായപ്പെട്ടിരുന്നു. 2004 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി ചേര്‍ന്നാണ് എഐഎഡിഎംകെ മത്സരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: