ശബരിമല: പൊന്നമ്പലമേട്ടിലേക്ക് മകരജ്യോതി പ്രയാണം നടത്തിയ മലയരയന്മാരെ പോലീസ് തടഞ്ഞു. കാളകെട്ടിയില്‍ വച്ചാണ് ഇവരെ തടഞ്ഞത്. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി. പൊന്നമ്പലമേട്ടില്‍ കരജ്യോതി തെളിക്കുന്നതിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രയാണം നടത്തിയത്.
സമരസമിതി ചെയര്മാന് പി.കെ.ഭാസ്കരന്, കണ്‍വീനര്‍ കെ.കെ.ഗംഗാധരന്, ജോയിന്റ് കണ്‍വീനര്‍ പ്രഭാകരന് കണ്ണാട്ട്, പി.കെ.സജീവന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രയാണം. പൊന്നമ്പലമേട്ടില്‍ ദീപം തെളിക്കുന്നതിനുള്ള അവകാശം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനാണെന്ന് കാണിച്ച് ഇടുക്കി ജില്ലാ പോലീസ് മേധാവി സമരസമിതി ചെയര്മാന് പി.കെ.ഭാസ്കരന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇത് തള്ളിയ സമിതി പ്രയാണവുമായി മുന്നോട്ടുപോകുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് തടഞ്ഞത്.
ഇന്ന് രാവിലെ കാളകെട്ടി ശിവക്ഷേത്രത്തില്‍ നിന്നും ദീപപ്രയാണം ആരംഭിച്ചപ്പോള്‍ തന്നെ പോലീസ് തടയുകയായിരുന്നു. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നിക്കി. സംഘത്തിലെ ബാക്കിയുള്ളവര്‍ പ്രാര്‍ത്ഥനായജ്ഞം നടത്തി പിരിഞ്ഞു. അടുത്ത വര്‍ഷം മകരജ്യോതി തെളിയിക്കാന്‍ അവകാശം നല്‍കുമെന്ന് സ്ഥലത്തെത്തിയ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ് അറിയിച്ചു. ഇതേ തുടര്‍ന്ന് ഇപ്പോഴത്തെ ദീപം കെടാവിളക്കായി ക്ഷേത്രത്തില്‍ സംരക്ഷിക്കാനാണ് മലയരയന്മാരുടെ സംയുക്ത സമിതി അറിയിച്ചു.
ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ തര്‍ക്കങ്ങളും പരിഹരിക്കാന്‍ ഈ മാസം 30ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരുമെന്നും പി.സി ജോര്‍ജ് അറിയിച്ചു. മലയരയ വിഭാഗങ്ങള്‍ പൊന്നമ്പലമേട്ടില്‍ പ്രവേശിക്കാതിരിക്കാന്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: