തിരുവനന്തപുരം: മന്ത്രി കെ.ബി ഗണേഷ് കുമാറിനെ കേരള കോണ്‍ഗ്രസ് ബി യുടെ ഔദ്യോഗിക ഭാരവാഹിത്വത്തില്‍നിന്ന് ഒഴിവാക്കി. ഇതോടെ ബാലകൃഷ്ണപിള്ളയും ഗണേശനും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നു.
സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ഇന്നലെ നടന്ന യോഗത്തില്‍ ചെയര്മാന് ആര്. ബാലകൃഷ്ണപിള്ള പുതിയ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചു. പട്ടികയില്‍ ഗണേഷ് കുമാറിന്റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല. പാര്‍ട്ടിയുടെ സംസ്ഥാന വൈസ് ചെയര്മാന് ആയിരുന്നു ഗണേഷ് കുമാര്‍.
ഒരു പദവിയിലും കടിച്ചു തൂങ്ങില്ലെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. കേരള കോണ്‍ഗ്രസ് (ബി) പാര്‍ട്ടി ഭാരവാഹിത്വത്തില്‍ നിന്ന് പുറത്താക്കിയതു സംബന്ധിച്ചു മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയുടെ വൈസ് ചെയര്മാന് സ്ഥാനത്തു നിന്നു തന്നെ നീക്കിയതില്‍ വിഷമമില്ല. ആര്.ബാലകൃഷ്ണപിള്ളയാണു കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അദ്ദേഹം ചിലരെ കൊണ്ടുവരുന്നു. കാര്യങ്ങള്‍ നടത്തുന്നു.
മന്ത്രിസ്ഥാനം കാട്ടി തന്നെ പേടിപ്പിക്കണ്ട. പാര്‍ട്ടി രാജി ആവശ്യപ്പെട്ടാല്‍ നിലപാട് അറിയിക്കും. തനിക്കു തിരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിക്കാന്‍ ഒരു പാര്‍ട്ടിയുടെ പിന്തുണ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്കെതിരായ ഗൂഢാലോചന ആസൂത്രിതമാണ്. തന്നെ വിമര്‍ശിച്ചവരുടെ രാഷ്ട്രീയ പ്രവര്‍ത്തനം മാധ്യമങ്ങള്‍ അന്വേഷിച്ചു കണ്ടെത്തണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു.
പാര്‍ട്ടി യോഗത്തില്‍ മന്ത്രി ഗണേഷ് കുമാറിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. പാര്‍ട്ടിയോട് ആലോചിക്കാതെയാണ് മന്ത്രി തീരുമാനങ്ങള്‍ എടുക്കുന്നതെന്ന് പ്രതിനിധികള്‍ ആരോപിച്ചു പ ാര്‍ട്ടിക്ക് ലഭിച്ച ബോര്‍ഡ്, കോര്പ്പറേഷന് സ്ഥാനങ്ങളിലും അക്കാദമികളിലും ഗണേഷ് കുമാര്‍ പാര്‍ട്ടി താല്പര്യം പരിഗണിക്കാതെ സുഹൃത്തുക്കളെയാണ് തിരുകിക്കയറ്റിയത്. പാര്‍ട്ടി നേതാക്കളുടെ ശുപാര്‍ശകള്‍ പരിഗണിക്കാതെ അവരെ അപമാനിക്കുന്ന സംഭവം വരെ ഉണ്ടായെന്നും പരാതിയുയര്‍ന്നു. പാര്ട്ടിക്കതീതനായാണ് ഗണേഷ് പ്രവര്‍ത്തിക്കുന്നതെന്ന് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. ഗണേഷിന് അനുകൂലമായി ചിലര്‍ മുദ്രാവാക്യം വിളിച്ചതോടെ യോഗം പിരിച്ചുവിട്ടു. അച്ചടക്കം പാലിച്ചില്ലെങ്കില്‍ മന്ത്രി സ്ഥാനത്തുനിന്നും നീക്കം ചെയ്യുമെന്ന ശക്തമായ താക്കീതാണ് പാര്‍ട്ടി ഗണേശന് നല്‍കിയത്.
മന്ത്രിയെക്കൊണ്ട് പാര്‍ട്ടിക്ക് യാതൊരു പ്രയോജനവും ഇല്ലെന്ന് പ്രതിനിധികള്‍ ആരോപിച്ചു. പുതിയ ഭാരവാഹികളുടെ പട്ടിക ബാലകൃഷ്ണപിള്ള പ്രഖ്യാപിച്ചതോടെ യോഗത്തില്‍ ബഹളമുണ്ടായി. ഗണേഷ് കുമാറിനെ അനുകൂലിച്ച് ഒരുവിഭാഗം മുദ്രാവാക്യം മുഴക്കി. ബഹളം തുടര്‍ന്നതോടെ യോഗം പിരിച്ചുവിടുന്നതായി ആര്. ബാലകൃഷ്ണപിള്ള പ്രഖ്യാപിച്ചു.
മന്ത്രിസ്ഥാനത്തു നിന്ന് മാറിനില്ക്കാന് തയ്യാറാണെന്ന് ഗണേഷ് കുമാര്‍ പാര്‍ട്ടി നേതാക്കളെ അറിയിച്ചു. രാജി സന്നദ്ധത മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പാര്‍ട്ടി ഭാരവാഹി തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഹാളിലില്ലാതിരുന്നതിനാലാണ് പാര്‍ട്ടി വൈസ് ചെയര്‍മാനായ ഗണേഷ് കുമാറിനെ ഒഴിവാക്കിയതെന്ന് പിന്നീട് പിള്ള പറഞ്ഞു. പാര്‍ട്ടി ഭരണഘടയനുസരിച്ചുള്ള നടപടിയാണിത്.
രാജിവെയ്ക്കാന്‍ തയ്യാറാണെന്നും ഒരു സ്ഥാനത്തും കടിച്ചുതൂങ്ങില്ലെന്നും മന്ത്രി ഗണേഷ്കുമാര് വ്യക്തമാക്കി. ആര്. ബാലകൃഷ്ണപിള്ള ജയിലില്‍ നിന്നിറങ്ങിയപ്പോള്‍ തന്നെ തന്റെ മേല്‍ ചില സമ്മര്‍ദ്ദങ്ങളുണ്ടായിരുന്നു. എന്താണ് അതെന്ന് ഇപ്പോള്‍ വെളിപ്പെടുത്തില്ല. പാര്‍ട്ടിയും മുഖ്യമന്ത്രിയും ആവശ്യപ്പെട്ടാല്‍ ആ നിമിഷം തന്നെ മന്ത്രിസ്ഥാനം വെണ്ടെന്നു വെയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: