ന്യൂദല്‍ഹി: യോഗാചാര്യന് ബാബാ രാംദേവിന്നേരെ വീണ്ടും അതിക്രമം. കള്ളപ്പണത്തിനെതിരെയുള്ള പ്രചരണപരിപാടികളെക്കുറിച്ച് വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കവെ ദല്‍ഹി സ്വദേശിയായ അതിക്രമി രാംദേവിന്റെ മുഖത്ത് കറുത്ത മഷി കുടഞ്ഞു. ആക്രമണത്തെ വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ അപലപിച്ചു. ജനാധിപത്യത്തിനുമേല്‍ കരിവാരിതേക്കാന്‍ നടന്ന ശ്രമമായി പ്രമുഖ സാമൂഹ്യപ്രവര്‍ത്തകന്‍ അണ്ണാ ഹസാരെയും കുറ്റപ്പെടുത്തി.
തലസ്ഥാനത്തിന്റെ ഹൃദയഭാഗത്തെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ ജനതാപാര്‍ട്ടി അധ്യക്ഷന്‍ സുബ്രഹ്മണ്യന്സ്വാമിക്കൊപ്പമായിരുന്നു ബാബാ രാംദേവിന്റെ വാര്‍ത്താസമ്മേളനം. ഇതിനിടയില്‍ കമറാന് സിദ്ദിഖി എന്ന അതിക്രമി അദ്ദേഹത്തിന്റെ മുഖത്തേക്ക് കറുത്ത മഷി ഒഴിക്കുകയായിരുന്നു. രാംദേവിന്റെ ഇടതുകണ്ണിലും കാവിവസ്ത്രത്തിലും കറുത്ത മഷി പടര്‍ന്നു. ഓടിക്കൂടിയ രാംദേവിെന്റ അനുയായികള്‍ അക്രമിയെ പിടികൂടി പോലീസിന് കൈമാറി. പിടിവലിക്കിടയില്‍ ഇയാള്‍ക്കും പരിക്കേറ്റു. ബട്ട്ല ഹൗസ് ഏറ്റുമുട്ടല്‍ കേസില്‍ ഹര്ജിക്കാരന് കൂടിയായ സിദ്ദിഖി ‘റിയല്‍ കോഡ്’ എന്ന പേരില്‍ സര്‍ക്കാരിതര സംഘടന നടത്തുന്നതായും പറയപ്പെടുന്നു. സുരക്ഷാ ജീവനക്കാരനെന്ന് തോന്നുംവിധം കയ്യില്‍ വാക്കിടോക്കിയുമായാണ് അക്രമി ഹാളില്‍ പ്രവേശിച്ചതെന്ന് രാംദേവിന്റെ അടുത്ത അനുയായികളില്‍ ഒരാളായ ജയ്ദീപ് പറഞ്ഞു. ഇയാളില്‍നിന്ന് ഒരു കുപ്പി ആസിഡും പിടിച്ചെടുത്തിട്ടുണ്ട്.
അഴിമതിക്കെതിരെയുള്ള പ്രചരണപരിപാടികളില്നിന്ന് തന്നെ പിന്തിരിപ്പിക്കാന് ഇത്തരം ആക്രമണങ്ങള്‍ക്ക് കഴിയില്ലെന്നും കൂടുതല്‍ കരുത്തോടെ പോരാട്ടം തുടരുമെന്നും രാംദേവ് വ്യക്തമാക്കി. ‘അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ സംസാരിക്കുന്ന തനിക്കുള്ള മറുപടിയാണ് ഈ സമ്മാനം. മഷിയൊഴിച്ചുകൊണ്ട് ഒരാളുടെ വ്യക്തിത്വത്തെ മലിനമാക്കാന്‍ കഴിയില്ല. അഴിമതിക്കെതിരായ പോരാട്ടത്തിനുവേണ്ടി ജീവിതം അര്‍പ്പിച്ചവരെ കരിങ്കൊടി കാട്ടിയും മഷി കുടഞ്ഞും അതില്‍നിന്ന് പിന്തിരിപ്പിക്കാന് കഴിയില്ല,” അദ്ദേഹം വ്യക്തമാക്കി.
ആക്രമണത്തിന് മുമ്പ് 2008 ലെ ബട്ട്ല ഹൗസ് ഏറ്റുമുട്ടലിനെക്കുറിച്ച് സിദ്ദിഖി രാംദേവിന്റെ അഭിപ്രായം ആരാഞ്ഞിരുന്നു. ചോദ്യത്തെ യോഗാചാര്യന് അവഗണിച്ചതിന് പിന്നാലെ ഇയാള്‍ മഷി കുടയുകയായിരുന്നു.
ഇത്തരം അതിക്രമങ്ങള്‍ കൊണ്ട് ജനകീയ പ്രസ്ഥാനങ്ങളെ തളര്‍ത്താന്‍ കഴിയില്ലെന്ന് അണ്ണാ ഹസാരെ സ്വദേശമായ റാലെഗാവ് സിദ്ധിയില്‍ പറഞ്ഞു. ‘സ്വാമി രാംദേവിന്റെ മുഖം കറുപ്പിക്കാന്‍ നടത്തിയ ശ്രമമല്ല അത്. ജനാധിപത്യത്തെ കറുപ്പിക്കാന്‍ നടത്തിയ ശ്രമമാണിത്. നിഷ്കാമ ജീവിതം നയിക്കുന്ന വ്യക്തിക്കുമേല്‍ മഷിക്കറ പുരട്ടാന്‍ കഴിയില്ല. അത് രണ്ട് മിനിറ്റുകൊണ്ട് വൃത്തിയാക്കാം. എന്നാല്‍ ഗുണ്ടായിസവും കൊള്ളയും അഴിമതിയും ജീവിതത്തിന്റെ ഭാഗമാക്കിയവരുടെ മേല്‍ പുരണ്ടിരിക്കുന്ന കറ ഒരിക്കലും മായ്ക്കാനാവില്ല,” രോഗബാധയെത്തുടര്‍ന്ന് വിശ്രമജീവിതം നയിക്കുന്ന ഹസാരെ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. സമൂഹത്തിന്റെയും രാജ്യത്തിന്റെയും ഉന്നമനത്തിനായി യത്നിക്കുന്ന രാംദേവിനെപ്പോലുള്ളവര്ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ ജനകീയ പ്രക്ഷോഭങ്ങളെ കൂടുതല്‍ ശക്തമാക്കുകയേയുള്ളൂവെന്നും ഹസാരെ മുന്നറിയിപ്പ് നല്കി.
കള്ളപ്പണ പ്രശ്നത്തില്‍ നടപടിയാവശ്യപ്പെട്ട് ന്യൂദല്‍ഹിയിലെ രാംലീലാ മൈതാനത്ത് പ്രതിഷേധപരിപാടി സംഘടിപ്പിച്ച രാംദേവിനെയും അനുയായികളെയും പോലീസ് തല്ലിച്ചതക്കുകയും ബലമായി ഒഴിപ്പിക്കുകയും ചെയ്തത് വന്‍പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു അന്നത്തെ പോലീസ് അതിക്രമം. അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ പ്രതികരിക്കുന്നവര്ക്കുനേരെയുണ്ടാകുന്ന ഇത്തരം സംഭവങ്ങള്‍ക്ക് പിന്നില്‍ യുപിഎ സര്‍ക്കാരിന്റെ നിഗൂഢ തന്ത്രങ്ങള്‍ സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ബിജെപി ചൂണ്ടിക്കാട്ടി. അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ കേന്ദ്രം തയ്യാറാകണമെന്ന് പാര്‍ട്ടി വക്താവ് രാജീവ് പ്രതാപ് റൂഡി ആവശ്യപ്പെട്ടു. സംഭവം നിര്‍ഭാഗ്യകരമാണെന്നും നിയമം അതിന്റെ വഴിക്ക് നീങ്ങുമെന്നും കോണ്‍ഗ്രസ് വക്താവ് റഷീദ് ആല്‍വി പറഞ്ഞു. പബ്ലിസിറ്റിക്കുവേണ്ടി ഇത്തരം അതിക്രമങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമപ്രകാരം ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവ് ആവശ്യപ്പെട്ടു. രാംദേവുമായി അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും അദ്ദേഹം ചെയ്ത നല്ല കാര്യങ്ങള്‍ നിഷേധിക്കുന്നില്ലെന്നും ലാലു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: