തിരുവനന്തപുരം: ബാലകൃഷ്ണപിള്ള-ഗണേഷ് കുമാര്‍ പോര് പൊട്ടിത്തെറിയിലേക്ക്. മന്ത്രി സ്ഥാനം രാജി വയ്ക്കാന്‍ തയാറാണെന്ന് ഗണേഷ് കുമാര്‍ ഇന്ന് ചേര്‍ന്ന പാര്‍ട്ടിയോഗത്തില്‍ അറിയിച്ചു. യോഗത്തില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണിത്. അതേസമയം പാര്‍ട്ടിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഗണേഷ് ഉയര്‍ത്തിയത്. പാര്‍ട്ടിയില്‍ കൂടുതല്‍ പിന്തുണ തനിക്കാണെന്നും ഗണേഷ് അവകാശപ്പെട്ടു.
രാജി സന്നദ്ധത താന്‍ മുഖ്യമന്ത്രിയെ അറിയിച്ചു കഴിഞ്ഞുവെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. മന്ത്രിസ്ഥാനം കാണിച്ച് ആരും പേടിപ്പിക്കേണ്ടെന്നു ഗണേഷ്കുമാര്. പാര്‍ട്ടി പിന്തുണ കൊണ്ടല്ല പത്തനാപുരം മണ്ഡലത്തില്‍ നിന്നു വിജയിക്കുന്നത്. പാര്‍ട്ടിയുടെ പിന്തുണ തെരഞ്ഞെടുപ്പില്‍ ലഭിച്ചിട്ടില്ല. സ്വതന്ത്രനായി മത്സരിച്ചാലും വിജയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പാര്‍ട്ടിയോടോ ഭാരവാഹികളോടോ തന്നോടോ ആലോചിക്കാതെ ഗണേഷ് കുമാര്‍ സ്വന്തം തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നുവെന്ന് പാര്‍ട്ടി ചെയര്മാന് ആര്.ബാലകൃഷ്ണ പിള്ള യോഗത്തില്‍ വിമര്‍ശിച്ചു. പാര്‍ട്ടിയോട് ആലോചിക്കാതെ തന്നിഷ്ടപ്രകാരം ഗണേശ് കാര്യങ്ങള്‍ തീരുമാനിക്കുന്നുവെന്നായിരുന്നു പ്രധാന വിമര്‍ശനം.
പലപ്പോഴും പാര്‍ട്ടിക്ക് അതീതനാണെന്ന നിലയിലാണ് ഗണേഷിന്റെ പ്രവര്‍ത്തനം. മന്ത്രിയെ കൊണ്ട് പാര്‍ട്ടിക്ക് ഒരു തരത്തിലും ഉപയോഗമില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. ഇന്ന് അവതരിപ്പിച്ച പുതിയ പാനലില്‍ വൈസ് ചെയര്മാന് സ്ഥാനത്ത് നിന്ന് കെ.ബി.ഗണേഷ് കുമാറിനെ ഒഴിവാക്കി. ബാലകൃഷ്ണപിള്ള ചെയര്മാന് സ്ഥാനത്ത് തുടരും. അഡ്വ.പോള്‍ ജോസഫിന്റെ പേര് മാത്രമാണ് വൈസ് ചെയര്മാന് സ്ഥാനത്തുള്ളത്.
ഗണേഷ് കുമാറിനെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് യോഗത്തില്‍ അദ്ദേഹത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ മുദ്രാവാക്യം വിളികളും വാക്കേറ്റവുമുണ്ടായി. ബഹളം രൂക്ഷമായതോടെ യോഗം പിരിച്ചുവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: