കൊച്ചി: നവീകരണം സാധാരണ ജനവിഭാഗങ്ങള്‍ക്ക് ഗ്രഹിക്കാന്‍ തക്കവിധം ലളിതവും അതേ സമയം അവര്‍ക്ക് പ്രയോജനകരവുമായിരിക്കണമെന്ന് ബാംഗ്ലൂരിലെ മൈന്‍ഡ് ട്രീ ലിമിറ്റഡ് വൈസ് ചെയര്മാന് സുബ്രാതോ ബാഗ്ചി പറഞ്ഞു. മഹാത്മാ ഗാന്ധിയുടെ നവീനാശയങ്ങള്‍ ലളിതമായതുകൊണ്ടാണ് ഭാരതീയര്‍ക്ക് അത് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞതെന്ന് കേരളാ മാനേജ്മെന്റ് അസോസിയേഷന് 31-ാം വാര്‍ഷിക മാനേജ്മെന്റ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്തുകൊണ്ട് ബാഗ്ചി അഭിപ്രായപ്പെട്ടു.
പുത്തനാശയങ്ങള്‍ മനുഷ്യന് മുഖ്യമായും സംഭാവന നല്‍കുന്നത് പ്രകൃതി തന്നെയാണ്. മൃഗങ്ങളുടെ സ്വഭാവരീതികളും പ്രകൃതിയുടെ വികൃതികളുമെല്ലാം പുത്തനാശയങ്ങള്‍ തേടുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും എന്നും മാര്‍ഗ ദര്ശനമേകിയിട്ടുണ്ടെന്ന് ബാഗ്ചി ചൂണ്ടിക്കാട്ടി. ഉപഭോക്താവിന്റെ മനസ്സില്‍ ആഴ്ന്നിറങ്ങുന്ന നവീകരണമാണ് ഏത് കമ്പനിയും നടത്തേണ്ടതെന്ന് മാനേജ്മെന്റ് കണ്‍വെന്‍ഷന്റെ “നവീകരണത്തിലൂടെ വളര്‍ച്ച” എന്ന ഇത്തവണത്തെ മുഖ്യവിഷയം അവതരിപ്പിച്ചുകൊണ്ട് ബാഗ്ചി പറഞ്ഞു.
നവീകരണം സ്ഥായിയായ ഭാവമാണ്. ക്രിയാത്മകതയില്ലാതെ നവീകരണമില്ല നവീകരണമില്ലാതെ ക്രിയാത്മകതയുമില്ല. വിദ്യാഭ്യാസം സമഗ്രമായ അറിവുകള്‍ പകരുന്നതാവണം. വൈവിധ്യം നവീകരണത്തിന്റെ അവിഭാജ്യഘടകമാണെന്ന് ബാഗ്ചി അഭിപ്രായപ്പെട്ടു. മുന്‍കാലങ്ങളില്‍ ഇന്ത്യയിലെ നവീകരണങ്ങള്‍ വളരെ പതുക്കെയായിപ്പോയത് നാം പ്രയത്നിക്കാന്‍ തയ്യാറല്ലാത്തതു കൊണ്ടായിരുന്നു. ഇപ്പോള്‍ നാം ആ ബന്ധനത്തില്‍ നിന്ന് മുക്തമായി മുന്നേറ്റത്തിന്റെ പാതയിലാണെന്ന് സുബ്രാതോ ബാഗ്ചി പറഞ്ഞു.
അയര്‍ലാന്റിലെ പീപ്പിള്‍ ടീ അനലിറ്റിക്സ് ഇന്റര്‍നാഷണല്‍ ഗ്ലോബല്‍ ഡയറക്റ്റര്‍ മാര്‍ടിന്‍ സുതര്‍ലാന്റ്, പൂനെയിലെ തെര്‍മാക്സ് ലിമിറ്റഡ് ചെയര്‍പേഴ്സണ്‍ മെഹര്‍ പുതുംജി എന്നിവരും സംസാരിച്ചു. കെ.എം.എ. പ്രസിഡന്റ് കെ.എന്‍. ശാസ്ത്രി അദ്ധ്യക്ഷത വഹിച്ചു. കണ് വെന്ഷന് കമ്മറ്റി ചെയര്മാന് കെ.എന്‍. ശാസ്ത്രി സ്വാഗതവും കെ.എം.എ. ഓണററി സെക്രട്ടറി കെ. ആന്റണി സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: