ന്യൂദല്‍ഹി: ഗൂഗിളും ഫേസ്ബുക്കും ഉള്‍പ്പെടെയുള്ള സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകള്‍ക്ക് ദല്‍ഹി മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയുടെ സമന്‍സ്. അപകീര്‍ത്തികരവും എതിര്‍പ്പ് ക്ഷണിച്ചുവരുത്തുന്നതുമായ പരാമര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെയുള്ള സ്വകാര്യ പരാതിയിലാണ് ഹര്‍ജി.
ഫേസ്ബുക്കിനും ഗൂഗിളിനും പുറമെ പ്രമുഖ നെറ്റ്വര്ക്കിംഗ് സൈറ്റുകളായ മൈക്രോസോഫ്റ്റ്, യാഹൂ, യൂട്യൂബ് എന്നിവക്കും സമന്‍സ് അയച്ചിട്ടുണ്ട്. ഈ സ്ഥാപനങ്ങളെല്ലാം സമന്‍സ് കൈപ്പറ്റിയിട്ടുണ്ടെന്ന് ഉറപ്പുവരുത്താന്‍ വിദേശകാര്യമന്ത്രാലയത്തിനും മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് സുദേഷ് കുമാര്‍ നിര്‍ദ്ദേശം നല്കി. വിദേശ നെറ്റ്വര്ക്കിംഗ് സൈറ്റുകള്‍ക്ക് വിദേശകാര്യ മന്ത്രാലയം വഴി സമന്‍സ് അയക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേസില്‍ വാദം കേള്‍ക്കുന്നത് മാര്‍ച്ച് 13 ലേക്ക് മാറ്റിയ കോടതി സൈറ്റുകളുടെ പ്രതിനിധികള്‍ അന്നുതന്നെ നേരിട്ട് ഹാജരാകാനും ഉത്തരവ് നല്കി.
എതിര്‍പ്പിനിടയാക്കുന്ന വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന സൈറ്റുകള്‍ക്കെതിരെ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ കോടതി നേരത്തെ കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര വാര്‍ത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം ഇന്നലെ റിപ്പോര്‍ട്ട് നല്കി.
സമന്‍സ് അയക്കാനുള്ള മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെ ചില കമ്പനികള്‍ ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. വിവിധ ഹിന്ദു ദേവീദേവന്മാര്, പ്രവാചകനായ മുഹമ്മദ് നബി, യേശുക്രിസ്തു തുടങ്ങിയവരെക്കുറിച്ചുള്ള അപകീര്‍ത്തികരമായ പരാമര്‍ശങ്ങളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നതിന്റെ രേഖാമൂലമുള തെളിവുകളും പരാതിക്കാരനായ പത്രപ്രവര്ത്തകന് വിനയ് റായ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: