തിരുവനന്തപുരം: കുറ്റവളികളായി ചിത്രീകരിക്കപ്പെട്ടിട്ടും ചിലര്‍ മന്ത്രിസ്ഥാനത്ത് ചടഞ്ഞിരിക്കുന്ന സമീപനം തന്റെ ഭാഗത്ത് നിന്നും ഉണ്ടാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് പറഞ്ഞു. കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞാല്‍ പദവിയില്‍ കടിച്ചു തൂങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തനിക്കെതിരെയുള്ള കേസിന് പിന്നില്‍ ഒരു ഗൂഢാലോചനയുടെ സ്വഭാവമാണ് കാണാന്‍ കഴിയുന്നത്. ഉമ്മന്‍ചാണ്ടിയും മനോരമ പത്രവും ഈ ഗൂഢാലോചനയില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
മൂന്ന് പേജ് വരുന്ന എഴുതി തയാറാക്കിയ പ്രസ്താവനയാണ് വി.എസ് വാര്‍ത്താസമ്മേളനത്തില്‍ അവതരിപ്പിച്ചത്. തനിക്കെതിരെ വിജിലന്‍സ് കേസ് എടുക്കാന്‍ തീരുമാനിച്ച ദിവസം ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് കെ.പി.സി.സി ആസ്ഥാനത്ത് എത്തിയതും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ചകള്‍ നടത്തിയതും ഗൂഢാലോചന വ്യക്തമാക്കുന്നുവെന്നും വി.എസ് പറഞ്ഞു.
സര്‍ക്കാരിനെതിരെയുള്ള ജനവികാരത്തില്‍ നിന്നുള്ള ശ്രദ്ധ തിരിച്ചുവിടാനാണ് തനിക്കെതിരെയുള്ള കേസുമായി യു.ഡി.എഫ് രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി അഴിമതിക്കെതിരെയുള്ള പോരാട്ടം താന്‍ നടത്തിക്കൊണ്ടിരിക്കുന്നു. ഇതിനിടയില്‍ ഇത്തരം ചില എതിര്‍പ്പുകള്‍ ഉണ്ടാകുമെന്ന് തനിക്ക് അറിയാമെന്നും വി.എസ് വ്യക്തമാക്കി.
ഐസ്ക്രീം കേസ് അട്ടിമറി സംബന്ധിച്ച കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വരുന്നതിനു മുമ്പ് തനിക്കെതിരെയുള്ള കുറ്റപത്രം നിലവില്‍ വരണമെന്ന് സര്‍ക്കാര്‍ ആഗ്രഹിച്ചിരുന്നു. വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, കെ.ബി ഗണേഷ് കുമാര്‍, ആര്.ബാലകൃഷ്ണപിള്ള തുടങ്ങിയവര്‍ വലിയ സമ്മര്‍ദ്ദമാണ് അന്വേഷണ സംഘത്തിന് മേല്‍ ചെലുത്തിയത്. ഐ.പി.എസ് അടക്കമുള്ള പദവികള്‍ അന്വേഷണ സംഘത്തിന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും വി.എസ് കുറ്റപ്പെടുത്തി.
തനിക്കെതിരെ ഇത്തരമൊരു ആരോപണം ഉയര്‍ത്തുന്നതിന് ഉമ്മന്‍ചാണ്ടിയുടെ മനസാക്ഷി സൂക്ഷിപ്പുകാരായ മലയാള മനോരമ കൊണ്ടുപിടിച്ച ശ്രമമാണ് നടത്തിയത്. മലപ്പുറത്തെ പന്തല്ലൂര്‍ ക്ഷേത്ര വക ഭൂമി അനധികൃതമായി കൈവശം വെച്ചിരിക്കുന്ന മലയാള മനോരമ കുടുംബാംഗങ്ങളുടെ നടപടിയ്ക്കെതിരെ താന്‍ കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചിരുന്നത്. തന്റെ പോരാട്ടം അവസാനിപ്പിക്കുമെന്ന് ആരും കരുതരുതെന്നും വി.എസ് പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടി കേന്ദ്ര നേതൃത്വവുമായി പല രീതിയിലുള്ള ചര്‍ച്ചകളും നടത്തിയിരുനെന്നും ഇതു സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും വി.എസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: