തിരുവനന്തപുരം: കൊച്ചി മെട്രോയുടെ നിര്‍മ്മാണ പ്രവര്‍ത്തനം ഡിഎംആര്‍സിക്ക് തന്നെ കൈമാറാന്‍ ഒടുവില്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആസൂത്രണ സമിതി യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിയും ഡിഎംആര്‍സി മുന്‍ എംഡി ഇ. ശ്രീധരനും സംബന്ധിച്ചു. കൊച്ചി മെട്രോയുടെ നിര്‍മ്മാണം പൂര്‍ണ്ണമായി ഡിഎംആര്‍സി ഏറ്റെടുക്കും. ഇതോടെ ഇക്കാര്യത്തിലുണ്ടായ ആശയക്കുഴപ്പം നീങ്ങി. ഇ. ശ്രീധരന് പ്രധാന ചുമതലക്കാരനും മുഖ്യ ഉപദേഷ്ടാവുമായി പദ്ധതി മുന്നോട്ടുകൊണ്ടുപോകും. നാലു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ജപ്പാന് കമ്പനി ജെയ്കയുടെ വായ്പ കിട്ടിയാല്‍ മൂന്നു വര്‍ഷത്തിനകം പദ്ധതി യാഥാര്‍ഥ്യമാക്കുമെന്ന് ഇ ശ്രീധരന് അറിയിച്ചു. ആഗോള ടെണ്ടര്‍ വിളിക്കാത്ത പക്ഷം ജപ്പാനില്‍ നിന്നും വായ്പ കിട്ടില്ലെന്ന പ്രചാരണം തെറ്റാണ്. ഡിഎം ആര്‍സിയാണ് പദ്ധതി നടത്തുന്നതെങ്കില്‍ ജപ്പാന് കമ്പനിയില്‍ നിന്നുള്ള വായ്പക്ക് തടസ്സമില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ റോഡുകളുടെയും അടിസ്ഥാനസൗകര്യങ്ങളുടെയും വിപുലീകരണത്തിന് ഇ ശ്രീധരന്റെ സേവനം ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.കൊച്ചി മെട്രോ സംബന്ധിച്ച് എല്ലാ അവ്യക്തതകളും നീങ്ങിയെന്ന് റെയില്‍വെയുടെ ചുമതലയുള്ള മന്ത്രി ആര്യാടന് മുഹമ്മദ് പറഞ്ഞു.
കൊച്ചി മെട്രോ റെയില്‍ പദ്ധതി പൊതുമേഖലാ സ്ഥാപനമായ ഡിഎംആര്‍സിയെ ഏല്‍പ്പിക്കാനായിരുന്നു നേരത്തെ സര്‍ക്കാര്‍ തീരുമാനം. ഇ. ശ്രീധരന്റെ നേതൃത്വത്തില്‍ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നപ്പോഴാണ് സര്‍ക്കാര്‍ നിലപാട് മാറ്റിയത്. കൊച്ചി മെട്രോയുടെ നിര്‍മ്മാണം ഡിഎംആര്‍സിക്കു നല്‍കാതെ ആഗോള ടെണ്ടര്‍ വിളിക്കാനുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ നീങ്ങി.. ഇതില്‍ ശക്തമായ പ്രതിഷേധമുയര്‍ന്നു തുടര്‍ന്ന് ഡിഎംആര്‍സിയും ശ്രീധരനും പദ്ധതിയില്‍ നിന്ന് പിന്മാറി. ആഗോള ടെന്‍ഡര്‍ അഴിമതിക്കാണെന്ന ആക്ഷേപം വ്യക്തമായി. പ്രതിപക്ഷത്തിന് പുറമെ കോണ്‍ഗ്രസ്സിലെ തന്നെ പ്രമുഖ നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തുവന്നു. എന്തിന് ആഗോള ടെന്‍ഡര്‍ എന്നതിന് വ്യക്തമായ ഉത്തരം നല്കാന് സര്‍ക്കാരിനായില്ല.
കോംഗ്കണ്‍ റെയില്‍പ്പാതയും ദല്‍ഹി മെട്രോയും സമയബന്ധിതമായി പൂര്‍ത്തിയാക്കി രാജ്യത്തിന്റെ അഭിമാനമായ ശ്രീധരന് കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുകയും അത് നടപ്പാക്കാന്‍ കേന്ദ്രാനുമതിക്കായി ഏതാനും വര്‍ഷമായി കഠിനാധ്വാനം ചെയ്യുകയുമായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പദ്ധതി നടപ്പാക്കാനാണ് അടിസ്ഥാനസൗകര്യ വികസനത്തിന് കഴിഞ്ഞ സര്‍ക്കാര്‍ 150 കോടിയോളം രൂപയുടെ പദ്ധതി ആവിഷ്ക്കരിച്ചത്. ഡിഎംആര്‍സിയുടെ ഓഫീസ് കൊച്ചിയില്‍ ആരംഭിക്കുകയും അടിസ്ഥാന സൗകര്യവികസനത്തിന്റെ ഭാഗമായി പാലം നിര്‍മാണത്തിനും മറ്റുമായി 50 കോടി രൂപ അനുവദിക്കുകയുംചെയ്തു.
ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തരായ ഉദ്യോഗസ്ഥര്‍ക്കാണ് ഇപ്പോള്‍ പദ്ധതിയുടെ ചുമതല നല്‍കിയിരിക്കുന്നത്. മാനേജിംഗ് ഡയറക്ടറായി ടോം ജോസും സ്പെഷ്യല്‍ ഓഫീസറായി ഏലിയാസ് ജോര്‍ജ്ജും. 5000 കോടിയുടെ പദ്ധതിക്കായി ജപ്പാന് കമ്പനികളുമായും മറ്റും ചര്‍ച്ചകള്‍ നടത്തിയത് ഇവരാണ്. ആഗോള ടെന്റര്‍ വിളിച്ചാലേ ജപ്പാന് ധനകാര്യ സ്ഥാപനം പണം നല്‍കൂ എന്നാണ് ഈ ഉദ്യോഗസ്ഥര്‍ ചര്‍ച്ചയ്ക്ക് ശേഷം പറഞ്ഞത്. ദല്‍ഹി മെട്രോയെ ഒഴിവാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നു. ഊര്‍ജ്ജമന്ത്രി ആര്യാടന് മുഹമ്മദും ഏതാണ്ട് ഇതേ നിലപാടെടുത്തു. തുടര്‍ന്നാണ് വ്യാപകമായ പ്രതിഷേധമുയര്‍ന്നത്. ആഗോള ടെണ്ടര്‍ വിളിച്ച് ദല്‍ഹി മെട്രോയെ ഒഴിവാക്കുന്നത് നഗ്നമായ അഴിമതിക്കാണെന്ന് കെപിസിസി യോഗവും വിലയിരുത്തി. തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ദല്‍ഹിയില്‍ ശ്രീധരനുമായി സംസാരിക്കുകയും കരാര്‍ ഡിഎംആര്‍സി നല്‍കാമെന്ന് സമ്മതിക്കുകയുമായിരുന്നു. വിദേശപണം ലഭിക്കാന്‍ ആഗോള ടെണ്ടര്‍ ആവശ്യമില്ലെന്നിരിക്കെ മറിച്ച് അഭിപ്രായ പ്രകടനം നടത്തിയ ടോംജോസിനും ഏലിയാസ് ജോര്‍ജ്ജിനും കൊച്ചി മെട്രോ പദ്ധതിയുടെ ഉത്തരവാദത്തില്‍ നിന്നും ഒഴിയേണ്ടിവരും.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: