ഇസ്ലാമബാദ്: സൈനിക അട്ടിമറി ഭയന്ന് പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ദുബായിയിലേക്ക് കടന്നതായി റിപ്പോര്‍ട്ട്. സൈന്യവും സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാകുന്ന വിധത്തില്‍ പാക് കരസേനാ മേധാവി ജനറല്‍ അഷ്ഫാക്ക് കയാനി മുതിര്‍ന്ന കമാന്റര്‍മാരുമായി കൂടിക്കാഴ്ച നടത്തിയ ദിവസം തന്നെയാണ് സര്‍ദാരി രാജ്യം വിട്ടത്. ഒരു ദിവസത്തെ സന്ദര്‍ശനത്തിനാണ് സര്‍ദാരി ദുബായിയിലേക്ക് പോയതെന്നാണ് ചില ചാനലുകള്‍ പറയുന്നതെങ്കിലും ഇത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണമില്ലാത്തതാണ് അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്. ദുബായിയിലെ സ്വകാര്യ വസതിയില്‍ വിവാഹചടങ്ങില്‍ പങ്കെടുക്കാനാണ് സര്‍ദാരി പോയതെന്നും ചില കേന്ദ്രങ്ങള്‍ പറയുന്നു.
കരസേനാ ആസ്ഥാനത്ത് നടന്ന സൈനിക മേധാവികളുടെ കൂടിക്കാഴ്ചയില്‍ എന്താണ് ചര്‍ച്ച ചെയ്തതെന്ന് വ്യക്തമാക്കാന്‍ സൈനിക വക്താവ് മേജര്‍ മുഹമ്മദ് അലി ദിയാല്‍ തയ്യാറായില്ല. എന്നാല്‍ രാജ്യത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ-ഭരണഘടനാ പ്രതിസന്ധി മുതലെടുത്ത് അടുത്ത നീക്കം എന്തായിരിക്കണമെന്നതിനെക്കുറിച്ച് സൈനിക മേധാവികള്‍ ചര്‍ച്ച നടത്തിയെന്നാണ് അറിയുന്നത്. അതേസമയം, െസെനിക അട്ടിമറിക്ക് നില്‍ക്കാതെ ഭരണഘടനാ പ്രതിസന്ധിയുടെ പേരില്‍ സുപ്രീംകോടതി തന്നെ സര്‍ക്കാരിനെ പിരിച്ചുവിടുന്നതിനെയാണ് ജനറല്‍ കയാനി അനുകൂലിക്കുന്നതെന്ന് നയതന്ത്ര വിദഗ്ദ്ധര്‍ കരുതുന്നു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച പ്രതിരോധ സെക്രട്ടറിയെ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി പുറത്താക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് സൈന്യം ഗിലാനിക്ക് മുന്നറിയിപ്പ് നല്‍കിയത് സ്ഥിതിഗതികളെ വഷളാക്കിയിരുന്നു. സൈനിക അട്ടിമറിയുണ്ടായാല്‍ സഹായം തേടി പ്രസിഡന്റ് സര്‍ദാരി അമേരിക്കക്ക് കത്തെഴുതിയെന്ന വെളിപ്പെടുത്തലോടെയാണ് പാക്കിസ്ഥാനിലെ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: