ന്യൂദല്‍ഹി: മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്കിടയിലെ ന്യൂനപക്ഷ സംവരണം നടപ്പാക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന് തടഞ്ഞു. അഞ്ച് തെരഞ്ഞെടുപ്പ് സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയ വിലക്ക് കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക് രാഷ്ട്രീയത്തന് കനത്ത തിരിച്ചടിയായി. തെര. പെരുമാറ്റച്ചട്ടം നിലവില്‍വരുന്നതിന് രണ്ട് ദിവസം മുമ്പ് വ്യക്തമായ മുസ്ലീം പ്രീണനത്തോടെ രാജ്യവ്യാപകമായി കേന്ദ്രസര്‍വീസില്‍ ഏര്‍പ്പെടുത്തിയ 4.5 ശതമാനം സംവരണമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് തടഞ്ഞിരിക്കുന്നത്.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുകൊണ്ടാണ് ഒബിസി വിഭാഗത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് 4.5 ശതമാനം സബ്-ക്വാട്ട കേന്ദ്രമന്ത്രിസഭ അംഗീകരിച്ചത്. നാഷണല്‍ കമ്മീഷന് ഫോര്‍ മൈനോരിറ്റീസ് ആക്ട് ’92 ന്റെ സെക്ഷന്‍ 2 (സി) ല്‍ നിര്‍വചിച്ചിരിക്കുന്ന സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമാണ് ന്യൂനപക്ഷങ്ങള്‍ക്കായി സംവരണം അനുവദിച്ചത്. മുസ്ലീങ്ങള്ക്ക്പുറമെ നിയമത്തിന് കീഴില്‍ സിഖുകാര്‍, ക്രിസ്ത്യാനികള്‍, ബുദ്ധമതക്കാര്‍, സെറോസ്ട്രിയന്‍ (പാഴ്സികള്‍) തുടങ്ങിയവരും ന്യൂനപക്ഷ സമൂഹത്തില്‍പ്പെട്ടവരാണ്. ദേശീയ മത, ഭാഷാ ന്യൂനപക്ഷ കമ്മീഷന് ശുപാര്‍ശകളുടെ മറപിടിച്ചാണ് ധൃതിപിടിച്ച് സംവരണത്തിനുള്ളിലെ സംവരണത്തിന് യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചത്. മുസ്ലീം സംവരണമെന്ന വിവാദ പ്രശ്നത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രത്യേക താല്പര്യമായിരുന്നു ഈ തീരുമാനത്തിന് പിന്നില്‍.
ഇന്ത്യയുടെ രണ്ടാം വിഭജനമെന്നാണ് കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ സര്‍ക്കാരിന്റെ ഈ മുസ്ലീംപ്രീണനനടപടിയെ ബിജെപി വിശേഷിപ്പിച്ചിരുന്നത്. ബിജെപി വര്‍ഗീയവിഷം ചീറ്റുകയാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം.
രാജ്യത്തെ വീണ്ടും വിഭജിക്കാനുള്ള കോണ്‍ഗ്രസിന്റെ വൃത്തികെട്ട കളിയാണ് മുസ്ലീങ്ങള്‍ക്ക് മതാടിസ്ഥാനത്തിലുള്ള സംവരണമെന്ന് ബിജെപി നേതാവ് ഉമാഭാരതി കുറ്റപ്പെടുത്തി. ‘രാജ്യം മറ്റൊരു വിഭജനത്തിന്റെ വക്കിലാണ്. ഇത്തവണ ആശയപരമായ വിഭജനമാണ് നടക്കാന്‍ പോകുന്നത്. മതത്തിന്റെ അടിസ്ഥാനത്തിലുള്ള ഇത്തരം വിഭജനം ബിജെപി അനുവദിക്കില്ല,” അവര്‍ പറഞ്ഞു. ഉത്തര്‍പ്രദേശില്‍ തരംതാണ രാഷ്ട്രീയമാണ് കോണ്‍ഗ്രസ് കളിക്കുന്നത്.
ഒബിസി വോട്ടുബാങ്കിലാണ് കോണ്‍ഗ്രസിന്റെ നോട്ടം. ലക്ഷ്യം ഉത്തര്‍പ്രദേശും. കോണ്‍ഗ്രസിന്റെ വൃത്തികെട്ട മുഖം തുറന്നുകാട്ടാന്‍ രാജ്യവ്യാപകമായി തെരുവുകളില്‍നിന്ന് പാര്‍ലമെന്റിലേക്ക് ജനകീയ പ്രക്ഷോഭം ബിജെപി സംഘടിപ്പിക്കും. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും ഭീഷണി ഉയര്‍ത്തുന്ന മതാടിസ്ഥാനത്തിലുള്ള സംവരണത്തിനെതിരെ താന്‍ നേരിട്ട് രംഗത്തിറങ്ങുമെന്ന് ഉമാഭാരതി വ്യക്തമാക്കി. മതാടിസ്ഥാനത്തിലുള്ള സംവരണത്തെ എതിര്‍ക്കാന്‍ ഒബിസി, ദളിത് മുസ്ലീം നേതാക്കളോടും അവര്‍ അഭ്യര്‍ത്ഥിച്ചു.
“സര്‍വലോക സാഹോദര്യമെന്ന പ്രാഥമിക തത്വമാണ് ഇസ്ലാമിന്റെ അടിസ്ഥാനം. അത് സംവരണത്തെ അംഗീകരിക്കുന്നില്ല. മതവും അസമത്വവും ഹിന്ദു സമൂഹത്തിന്റെ ഭാഗമായിരുന്നു. മുസ്ലീങ്ങള്‍ ഇത് അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്താല്‍ അവര്‍ ഇസ്ലാമിന് പുറത്തുവരണം,” മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രികൂടിയായ ഉമാഭാരതി അഭിപ്രായപ്പെട്ടു. ലാലുപ്രസാദ് യാദവ്, മുലായംസിംഗ് യാദവ്, മായാവതി തുടങ്ങി ദളിതരുടെയും പിന്നോക്ക വിഭാഗങ്ങളുടെയും നേതാക്കളെന്ന് അവകാശപ്പെടുന്നവരെല്ലാം ഈ പ്രശ്നത്തില്‍ ഇതുവരെ നിശബ്ദമായിരുന്നു, അവര്‍ പറഞ്ഞു.
മുസ്ലീം സംവരണത്തെക്കുറിച്ചുള്ള ഉമാഭാരതിയുടെ വിമര്‍ശനം അപലപനീയമാണെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: