കൊച്ചി: കയറ്റിറക്കുകൂലി തര്‍ക്കങ്ങള്‍ അവസാനിപ്പിച്ച്, വ്യാപാരേതര മേഖല യിലെ കയറ്റിറക്കുകൂലി ഏകീകരിച്ച് കൊച്ചിയെ കേരളത്തിലെ രണ്ടാമത്തെ നോക്കുകൂലി വിമുക്ത നഗരമാക്കി പ്രഖ്യാപിക്കുമെന്ന് തൊഴില്‍ മന്ത്രി ഷിബു ബേബിജോണ്‍ അറിയിച്ചു.
14-ന് എറണാകുളം ടൗണ്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കൊച്ചിയെ നോക്കുകൂലി വിമുക്ത നഗരമായി പ്രഖ്യാപിക്കും. കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ-ഉപഭോക്തൃകാര്യ മന്ത്രി പ്രൊഫ. കെ.വി. തോമസ് നോക്കൂകൂലി വിമുക്ത പ്രഖ്യാപനം നടത്തും. നേരത്തെ തിരുവനന്തപുരം നഗരത്തെ നോക്കു കൂലി വിമുക്ത നഗരമായി പ്രഖ്യാപിച്ചിരുന്നു. രണ്ടാംഘട്ട നടപടികളുടെ ഭാഗമായാണ് കൊച്ചിയെ നോക്കുകൂലി വിമുക്ത നഗരമായി പ്രഖ്യാപിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.
വീട്ടുനിര്‍മാണ സാധനങ്ങളുടെയും വീട്ടുപകരണങ്ങളുടേയും കയറ്റിറക്കുകൂലി പുനര്‍നിര്‍ണയിച്ചുകഴിഞ്ഞു. കൊച്ചിയെ നോക്കുകൂലി വിമുക്ത നഗരമായി പ്രഖ്യാപിക്കുന്നതിനോടൊപ്പം സംസ്ഥാനത്തെ മറ്റ് നഗരസഭകളിലും പദ്ധതി നടപ്പാക്കും. നോക്കുകൂലി വിമുക്ത കേരളം സാക്ഷാത്കരിക്കാന്‍ പലവട്ടം സംസ്ഥാനത്ത് തൊഴിലാളി യൂണിയന് നേതാക്കളുമായി ചര്‍ച്ച നടത്തിയതായും അദ്ദേഹം വ്യക്തമാക്കി.
ഇറക്കേണ്ട സാധനങ്ങളുടെ കൂലി ഉപഭോക്താവിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ എല്ലാ ശാഖകളിലും മുന്‍കൂറായി അടയ്ക്കാം. സാധനങ്ങളുടെ പട്ടികയും കൂലിയും രേഖപ്പെടുത്തേണ്ട അപേക്ഷ റസിഡന്റ്സ് അസോസിയേഷനുകളിലും ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡിന്റെ ഓഫീസുകളിലും തൊഴില്‍ വകുപ്പിന്റെ വെബ്സൈറ്റിലും ലഭ്യമാകും. ബാങ്കില്‍ അടയ്ക്കുന്ന തുക തൊഴിലാളികള്‍ക്ക് ക്ഷേമനിധി ബോര്‍ഡില്‍ നിന്നോ ബോര്‍ഡിന്റെ ലോക്കല്‍ ഓഫീസില്‍ നിന്നോ കൈപ്പറ്റാന്‍ കഴിയുംവിധമാണ് പദ്ധതി ക്രമീകരിച്ചിരിക്കുന്നതെന്ന് മന്ത്രിപറഞ്ഞു.
കയറ്റിറക്ക് സാധനങ്ങളുടെ പട്ടികയും നിരക്കും തൊഴില്‍വകുപ്പിന്റെ വെബ്സൈറ്റിലും റസിഡന്റ് അസോസിയേഷനുകളും മറ്റ് സന്നദ്ധ സംഘടനകളും വഴിയും ജനങ്ങളിലെത്തിക്കും. വാഹനത്തില്‍ അടുക്കിവെയ്ക്കുന്നതിനും ഇറക്കുന്നതിനും ഉള്‍പ്പെടെയുള്ള കൂലിയാണ് ഇപ്പോള്‍ പ്രഖ്യാപിക്കുക. 12 മീറ്റര്‍ ചുമക്കുമ്പോള്‍ നല്‍കേണ്ട കൂലിയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. അതിനുമുകളില്‍ വരുന്ന ഓരോ 12 മീറ്ററിനും 20 ശതമാനം അധികം നല്‍കണം. ഇത് സംബന്ധിച്ചുണ്ടാകുന്ന തര്‍ക്കങ്ങള്‍ ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡും ജില്ലാ ലേബര്‍ ഓഫീസും വഴി പരിഹരിക്കാം. തൊഴില്‍ വകുപ്പിന്റെ ഹെല്പ് ലൈനിലൂടെയും പരാതി ഉന്നയിക്കാനും പരിഹാരം കാണാനും കഴിയും.
അംഗീകൃത നിരക്കില്‍ കൂടുതല്‍ തുക കൈപ്പറ്റുകയോ അപമര്യാദയായി പെരുമാറുകയോ ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
14-ന് വൈകുന്നേരം അഞ്ചിന് എറണാകുളം ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങ് കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രി കെ.വി. തോമസ് ഉദ്ഘാടനം ചെയ്യും. തൊഴില്‍-ഭക്ഷ്യ മന്ത്രി ഷിബു ബേബിജോണ്‍ അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ. ബാബു, വി.കെ. ഇബ്രാഹിം കുഞ്ഞ്, എംപി.മാരായ കെ.പി. ധനപാലന്, പി.ടി. തോമസ്, മേയര്‍ ടോണി ചമ്മിണി, എംഎല്‍എമാരായ ഹൈബി ഈഡന്, എസ്.ശര്‍മ, തൊഴിലാളി യൂണിയന് നേതാക്കള്‍, റസിഡന്റസ്് അസോസിയേഷന് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: