തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന് സമീപമുള്ള വീടിന്റെ ഗേറ്റില്‍ തൂക്കിയിരുന്ന പാഴ്സല്‍ പൊട്ടിത്തെറിച്ചത് പരിഭ്രാന്തിയുണ്ടാക്കി. വിദഗ്ദ്ധ പരിശോധനയില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ഉപകരണമാണ് പൊട്ടിത്തെറിച്ചതെന്ന് വ്യക്തമാക്കി. സംഭവത്തില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് പോലീസ് വ്യക്തമാക്കി.
ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് വിമാനത്താവളത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ മാത്രം അകലെയുള്ള വീടിന് മുന്നില്‍ പൊട്ടിത്തെറിയുണ്ടായത്. സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ഒന്നര മണിക്കൂര്‍ നേരം നടത്തിയ പരിശോധനയില്‍ സര്‍ക്യൂട്ടുകളും ബാറ്ററിയും പാഴ്സലില്‍നിന്ന് പോലീസിന് ലഭിച്ചു. തെര്‍മോകോള്‍ പെട്ടിയില്‍ ആയിരുന്നു സ്ഫോടക വസ്തുക്കള്‍.
സ്ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കിയശേഷം ബോംബ് സ്ക്വാഡ് പാഴ്സല്‍ വിദഗ്ദ്ധ പരിശോധനയ്ക്കായി അയച്ചു. പരിശോധനയില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഒരു പേപ്പര്‍ ലഭിക്കുകയും തുടര്‍ന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിലെ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി പരിശോധിച്ചപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിച്ചത്.
ഇന്ന് തിരുവനന്തപുരത്ത് നിന്ന് കാലാവസ്ഥാ വിവരം അറിയുന്നതിനായി അയച്ച ഉപകരണമാണ് പൊട്ടിത്തെറിച്ചതെന്ന് മനസിലായി. സാധാരണ ഇത് കടലിലാണ് പതിക്കേണ്ടതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: