തിരുവനന്തപുരം: കിളിരൂര്‍ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പീഡനത്തിന് ഇരയായി മരിച്ച ശാരിയുടെ മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ഹര്‍ജിയില്‍ തീരുമാനം ആകുന്നതുവരെ സി.ബി.ഐ കോടതിയില്‍ നടക്കുന്ന വിചാരണ നിര്‍ത്തിവയ്ക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
നേരത്തെ ഇക്കാര്യം ആവശ്യപ്പെട്ട് സി.ബി.ഐ കോടതിയില്‍ നല്കിയ ഹര്‍ജി തള്ളിയ സാഹാചര്യത്തിലാണ് ശാരിയുടെ മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ സമീപിച്ചത്. അതിനിടെ ശാരിയുടെ കുഞ്ഞിന്റെ പിതാവ് താനാണെന്ന് കേസിലെ മൂന്നാം പ്രതി പ്രവീണ്‍ തിരുവനന്തപുരം സി.ബി.ഐ കോടതിയില്‍ കുറ്റസമ്മതം നടത്തി.
ശാരിയും താനും പ്രണയത്തില്‍ ആയിരുന്നു എന്നും വ്യത്യസ്ത ജാതിയില്‍പ്പെട്ടവര്‍ ആയതിനാലാണ് വിവാഹത്തിന്റെ കാര്യത്തില്‍ തടസങ്ങള്‍ ഉണ്ടായതെന്നും പ്രവീണ്‍ കോടതിയില്‍ പറഞ്ഞു. ഡി.എന്‍.എ ടെസ്റ്റിലൂടെ ശാരിയുടെ കുഞ്ഞിന്റെ അച്ഛന് പ്രവീണ്‍ ആണെന്ന് തെളിഞ്ഞതായി പറഞ്ഞപ്പോഴായിരുന്നു ഇയാളുടെ കുറ്റസമ്മതം.
കിളിരൂര്‍ കേസിലെ 78 സാക്ഷികളെയും തിങ്കളാഴ്ചയോടെ വിസ്തരിച്ചു കഴിഞ്ഞിരുന്നു. തുടര്‍ന്ന് ഇന്ന് പ്രതികളെ സാക്ഷിവിസ്താരം വായിച്ചു കേള്‍പ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: