രാജസ്ഥാന്: രാജസ്ഥാനില്‍ ദുരൂഹസാഹചര്യത്തില്‍ കാണാതായ നഴ്സ് ഭന്‍വാരി ദേവി കൊല്ലപ്പെട്ടതാണെന്ന് സിബിഐ. ഈ സാഹചര്യത്തില്‍ ഭന്‍വാരിയുടെ ഭര്‍ത്താവ് അമര്‍ചന്ദ് നല്കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളണമെന്ന് സിബിഐ രാജസ്ഥാന് ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.
എന്നാല്‍ സിബിഐയുടെ ആവശ്യം കോടതി അംഗീകരിച്ചില്ലെന്ന് മാത്രമല്ല അന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് ഫെബ്രുവരി 21ന് സമര്‍പ്പിക്കണമെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ഗോവിന്ദ് മതൂര്‍, ജസ്റ്റിസ് എന്‍.കെ. ജയിന് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഭന്‍വാരിയെ കോടതിക്ക് മുമ്പില്‍ ഹാജരാക്കാന്‍ സാധിക്കില്ലെന്നും അതിനാല്‍ ഹേബിയസ് കോര്‍പ്പസിന് യാതൊരു പ്രാധാന്യവുമില്ലെന്നും അഡ്വക്കേറ്റ് ജനറല്‍ ആനന്ദ് പുരോഹിത് കോടതിയില്‍ പറഞ്ഞു.
കേസ് അന്തിമഘട്ടത്തിലാണെന്നും എത്രയും പെട്ടെന്നുതന്നെ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാന്‍ സാധിക്കുമെന്നും സിബിഐ കോടതിയെ അറിയിച്ചു. അതേസമയം, ഭന്‍വാരിയെ കൊലപ്പെടുത്തിയതും കത്തിച്ചതും ഒരു രാഷ്ട്രീയ നേതാവിന്റെ നിര്‍ദ്ദേശമനുസരിച്ചായിരുന്നുവെന്നും ഇതിനുള്ള തെളിവുകള്‍ തങ്ങളുടെ പക്കല്‍ ഉണ്ടെന്നും സിബിഐ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഭന്‍വാരിദേവിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് ശേഷം കത്തിക്കുകയായിരുന്നുവെന്നും മുതിര്‍ന്ന സിബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭന്‍വാരിയെ കത്തിച്ച ചാരവും അവരുടെ വാച്ച് അടക്കമുള്ള സാധനങ്ങളും രാജീവ്ഗാന്ധി കനാലില്‍ എറിഞ്ഞതായി കേസിലെ പ്രതി കൈലാഷ് ജക്കന് സമ്മതിച്ചിട്ടുണ്ട്. വാച്ച് കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് സിബിഐ. വധഗൂഢാലോചനയെക്കുറിച്ച് ചില രാഷ്ട്രീയക്കാര്‍ക്കും അറിവുണ്ടായിരുന്നതായി വെളിപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് സിബിഐ മറ്റൊരു കോണ്‍ഗ്രസ് എംഎല്‍എ വാല്ഖന്സിംഗിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
സപ്തംബര്‍ പത്തിനാണ് ബോധ്പൂരിലെ ബിലാറ പ്രദേശത്തുനിന്ന് ഭന്‍വാരി ദേവിയെ കാണാതായത്. അതേസമയം രാജീവ്ഗാന്ധി കനാലില്‍ നിന്നും ഭന്‍വാരി ദേവി ഉപയോഗിച്ചിരുന്ന തോള്‍സഞ്ചി, റിസ്റ്റ് വാച്ച്, രണ്ട് മോതിരങ്ങള്‍, മൂക്കുത്തി, ആഭരണങ്ങള്‍, അഞ്ച് പല്ലുകള്‍, തടികൊണ്ടുള്ള ബാറ്റ്, രണ്ട് ഇന്ത്യന്‍ നിര്‍മ്മിത തോക്കുകള്‍ എന്നിവ തിരച്ചിലിനിടയില്‍ കണ്ടെത്തിയിരുന്നു. ഇതില്‍ നാല് വസ്തുക്കള്‍ ഭന്വാരിയുടേതാണെന്ന് മകന് സാഹില്‍ തിരിച്ചറിഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: