പള്ളുരുത്തി: വലിയൊരു ചരിത്രത്തിന്റെ ഓര്‍മപ്പെടുത്തലായി വീണ്ടുമൊരു പുലവാണിഭമേളക്ക് അഴകിയകാവ് ക്ഷേത്രമുറ്റമൊരുങ്ങി. അധഃസ്ഥിതര്‍ക്ക് ക്ഷേത്രപ്രവേശനം നിഷേധിക്കപ്പെട്ടകാലത്ത് കൊച്ചിരാജാവിന്റെ പ്രത്യേക വിളംബരപ്രകാരം അഴകിയ കാവിലമ്മയെ തൊഴാന്‍ അവര്‍ണര്‍ക്ക് ക്ഷേത്രത്തിന്റെ വടക്കേനടതുറന്നു കൊടുത്തതിന്റെ ഓര്‍മപുതുക്കലായി പുലവാണിഭമേള ഇന്നും നടന്നുവരുന്നു.
കാലത്തിന്റെ കുത്തൊഴുക്കില്‍ ആചാരങ്ങള്‍ക്ക് പലതിലും വ്യത്യാസം വന്നിട്ടുണ്ടെങ്കിലും പുലവാണിഭമേള ഇന്നും നിറം മങ്ങാതെ കൊണ്ടാടപ്പെടുകയാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ വാണിഭമേളക്ക് പ്രത്യേക സംഘാടകരില്ലാ എന്നതും പ്രത്യേകതമാണ്. ധനുമാസത്തിലെ അവസാന വ്യാഴാഴ്ചയാണ് മേള നടക്കുന്നത്.
കോട്ടയം, ആലപ്പുഴ, കൊല്ലം, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെല്ലാം കച്ചവടക്കാര്‍ പുലവാണിഭമേളയില്‍ പങ്കെടുക്കാന്‍ ഇന്നും മുടക്കം കൂടാതെ എത്തുന്നുണ്ട്. കുട്ട, വട്ടി, മുറം, പായ, മണ്‍പാത്രങ്ങള്‍, കരിങ്കല്ല് ഉല്പന്നങ്ങളായ ആട്ടുകല്ല്, അമ്മിക്കല്ല്, ഉരല്, വിവിധതരം ലോഹഉല്പന്നങ്ങളായ,കത്തി, വാക്കത്തി, മണ്‍വെട്ടി, വിവിധതരം പണിയായുധങ്ങള്‍, നടീല്‍ വസ്തുക്കള്‍, പലയിനം ഭക്ഷ്യഉല്പന്നങ്ങള് ഇവയെല്ലാം ദേശ അതിര്‍ത്തി വരമ്പുകള്കടന്ന് ഇവിടെ എത്തിച്ചേരുന്നു. വിവിധയിനം മത്സ്യഇനങ്ങള്‍ ഉണക്കിയത് മേളയിലെ പ്രത്യേകകാഴ്ചയാണ്. പഴയകാലത്ത് റോഡുഗതാഗതം പുരോഗമിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ തെക്കും, വടക്കും നാട്ടുകാര്‍ തോണികള്‍ കൂട്ടിക്കെട്ടി ചങ്ങാടമുണ്ടാക്കി തങ്ങളുടെ അദ്ധ്വാനഫലം വിപണനം ചെയ്യാന്‍ ആട്ടവും, പാട്ടുമായി കായല്‍ മാര്‍ഗം എത്തിയിരുന്നതായും ചരിത്ര രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. ബുധനും, വ്യാഴവും വാണിഭം പൊടിപൊടിക്കുമെങ്കിലും ആഴ്ചകള്‍ക്കുമുമ്പെ കച്ചവടക്കാര്‍ അവരവരുടെ സ്ഥാനങ്ങള്‍ ഉറപ്പിച്ച് കച്ചവടം ആരംഭിച്ചുകഴിഞ്ഞു.
പുലവാണിഭ ദിനം കഴിഞ്ഞാലും ആഴ്ചകള്‍ നീളുന്ന കച്ചവടം ഇവിടെ നടക്കും. പള്ളുരുത്തിയിലെ ജനം ഇനിയുള്ള രാവും, പകലും പുലവാണിഭ മേളക്കായി ഇവിടെ എത്തിച്ചേരും. രാവും പകലും വ്യത്യാസമില്ലാതെ നടക്കുന്ന കച്ചനടം തന്നെയാണ് പുലവാണിഭമേളയുടെ പ്രത്യേകത. പള്ളുരുത്തിയുടെ ചരിത്രത്തില്‍ പുലവാണിഭ മേളക്കുള്ള സ്ഥാനം അത്രയ്ക്കു വലുതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: