ജ്ഞാനിയുടെയും അജ്ഞാനിയുടെയും ചിന്തകളിലും വ്യവഹാരങ്ങളിലും അനവധി ഭേദങ്ങളുണ്ട്. അജ്ഞാനികളുടെ ചിന്തകള്‍ വളരെ സ്ഥൂലമാണ്. ഒരല്പം ചിന്തിക്കുമ്പോള്‍ തന്നെ ഈ അന്തരം സ്പഷ്ടമാകും. ഒരു സന്ന്യാസിയുടെയും ഒരു തെമ്മാടിയുടെയും ദൃഷ്ടികോണുകള്‍ തമ്മില്‍ വളരെ അന്തരമുണ്ട്. തപസ്വിയും ത്യാഗിയുമായ ഒരു സന്ന്യാസിയെയും പ്രമത്തനായ ഒരു മദ്യപാനിയെയും ഒരേ ശ്രേണിയില്‍ ഉള്‍ക്കൊള്ളിക്കാന്‍ സാധ്യമല്ല. രണ്ടുപേരുടെയും മനോവൃത്തികള്‍ തമ്മില്‍ യാതൊരു സമാനതകളുമില്ല.
കാവ്യശാസ്ത്രവിനോദാദികളാല്‍ ആനന്ദിക്കുന്നു ജ്ഞാനികള്‍
ഉണ്ടുറങ്ങി കലഹിച്ചു വ്യസനിച്ച് കാലം കഴിക്കുന്നു അജ്ഞാനികള്‍.
ബുദ്ധിമാന്മാര് ശാസ്ത്രങ്ങള്‍ കാവ്യങ്ങള്‍ ആദിയായവ പഠിച്ചും പഠിപ്പിച്ചും ആനന്ദം അനുഭവിക്കുന്നു. അജ്ഞാനികളാകട്ടെ അനര്‍ഥങ്ങളായ വ്യസനങ്ങളില്‍ കുടുങ്ങിയും ഉണ്ടുറങ്ങിയും കലഹിച്ചും ജീവിതം കഴിച്ചു കൂട്ടുന്നു. ഈ വ്യത്യാസങ്ങള്‍ ഉള്ള ജ്ഞാനിയും അജ്ഞാനിയും തമ്മില്‍ എന്തു സമാനതകളാണുള്ളത്? ഒരുജ്ഞാനി തന്റെയും പ്രപഞ്ചസൃഷ്ടിയുടെയും ഉദ്ദേശ്യത്തെ മനസ്സിലാക്കുന്നു. അജ്ഞാനി ഇതു മനസ്സിലാക്കുന്നില്ല. ചിന്താശീലനായ ജ്ഞാനി ജീവിതത്തിന്റെ പ്രയോജനം മനസ്സിലാക്കി ഉചിതമായി ചിന്തിച്ചു നിര്‍ണയിച്ച് അത് നേടുന്നതിനു വേണ്ടി കഠിനമായി പ്രയത്നിക്കു ന്നു. അജ്ഞാനികളാകട്ടെ മൃഗസമാനം ജീവിച്ചു മരിക്കുന്നു. ജ്ഞാനി മുന്നോട്ടു ഗമിക്കുന്നു. അവന് ഉന്നതിയുണ്ടാകുന്നു. അജ്ഞാനി തനിക്കും ലോകത്തിനും യാതൊരു പ്രയോജനവും ഇല്ലാതെ ജനിച്ചു ജീവിച്ചു മരിക്കുന്നു. വിദ്വാന്മാര് സംസ്കാരത്തിന്റെ നിര്‍മാതാവാകുന്നു. അജ്ഞാനി സംസ്കാരത്തെക്കുറിച്ചു കേട്ടിട്ടുപോലുമുണ്ടാകില്ല. ജ്ഞാനിക്ക് സഹജീവികളെ പ്രതി ദയാഭാവവും മനുഷ്യരുടെ സത്യഭാഷണത്തിലുള്ള ഔചിത്യതയെക്കുറിച്ചും ചിന്തയുണ്ട്. പരജീവികളെ പീഡിപ്പിക്കുന്നത് എന്തുകൊണ്ട് പാപമാകുന്നൂവെന്നും സംയമനപൂര്‍വമുള്ള ജീവിതം എന്ത് ലാഭമാണ് തനിക്കുണ്ടാക്കുന്നതെന്നും അവന് നന്നായറിയാം.
അജ്ഞാനിയുടെ കാഴ്ചപ്പാടില്‍ ഇതെല്ലാം കപടതയാണ്. തന്റെ സ്വാര്‍ഥപൂര്‍ത്തിക്കായി അവന് മോഷ്ടിക്കും കൊള്ളയടിക്കും വേണ്ടിവന്നാല്‍ ഹിംസിക്കും. തന്റെ ഭക്ഷണത്തിനായി സ്വാദിനനുസരിച്ച് മൃഗഹിംസ അവന് ഒരു വിനോദമാണ്. പക്ഷേ ബുദ്ധിമാനായ ജ്ഞാനി തനിക്കു സമാനമായ ജീവിതമാണ് മറ്റുള്ളവര്‍ക്കുള്ളതെന്നും പീഡകൊണ്ട് തനിക്കുണ്ടാകുന്ന അതേ ദുഃഖമാണ് മറ്റുള്ളവര്‍ക്കും ഉണ്ടാകുന്നതെന്നും മനസ്സിലാക്കുന്നു. ഇതില്‍ നിന്നും അവന് അഹിംസ ശീലിക്കാന്‍ പഠിക്കുന്നു. ഈ ജഗത്തിനെക്കുറിച്ചും ഇതിന്റെ മുന്നോട്ടുള്ള ഗതിയെക്കുറിച്ചും ജീവന്റെ നിലനില്പിനെക്കുറിച്ചും വിഭിന്ന ദൃഷ്ടികോണുകളിലൂടെ ചിന്തിക്കാന്‍ മേല്പറഞ്ഞ കാര്യങ്ങള്‍ ജ്ഞാനിയെ സഹായിക്കും.
ബ്രഹ്മ സത്യം ജഗത് മിഥ്യാ
ജഗത്ത് മിഥ്യയാണെങ്കില്‍ ഈ കഷ്ടപ്പാടൊക്കെ എന്തിനു വേണ്ടിയാണ്. വരൂ ഇനി നമുക്ക് ഈ പ്രകരണത്തെക്കുറിച്ചു ചിന്തിക്കാം. ചില ദാര്‍ശനികരുടെ സിദ്ധാന്തമിതാണ്. ഈ ജഗത്ത് സ്വപ്ന സമാനം മിഥ്യയാണ് സത്യമല്ല. എപ്രകാരമാണോ നമ്മള് സ്വപ്നത്തില്‍ ആനപ്പുറത്തിരുന്നു സവാരി ചെയ്യുന്നതായി ദര്‍ശിക്കുന്നുവെങ്കിലും ഉറക്കത്തില്‍ നിന്നും ഉണര്‍ന്നു നോക്കുമ്പോള്‍ അങ്ങനെയല്ലാതെ ഇരിക്കുന്നത് അതു പോലെയാണ് തെളിഞ്ഞ കാലാവസ്ഥയില്‍ സൂര്യന് പ്രകാശിക്കുമ്പോള്‍ നമ്മള് ഒരു രാജകൊട്ടാരത്തിലിരുന്ന് മന്ദമാരുതന്റെ ശീതള തലോടല്‍ ഏല്‍ക്കുന്നത്. അതും മിഥ്യയാണ്, സത്യമല്ല. കാരണം ആ സൂര്യനും രാജകൊട്ടാരവും മന്ദമാരുത നും എല്ലാം ഭ്രമമാണ്. ഈ ജഗത്തു തന്നെ ഒരു തോന്നല്‍ മാത്രമാണ്. മരുഭൂമിയിലെ മരീചിക പോലെ ഇതെല്ലാം സ്വപ്ന സമാനം മിഥ്യയാണ്. ഇങ്ങനെയും ഒരു വിചാരധാര മാനവ ചിന്താ പദ്ധതിയിലുണ്ട്. നമുക്ക് നമ്മുടെ നിത്യജീവിതത്തില്‍ ഇത് എത്രമാത്രം പ്രായോഗികമാണെന്നു നോക്കാം.
ഒരു വസ്തുവിന് മൗലികമായി എന്ത് ഗുണകര്‍മസ്വഭാവങ്ങളുണ്ടോ അത് ആ വസ്തു പരിണമിച്ചുണ്ടാകുന്ന മറ്റു വസ്തുക്കളിലും കാണും കാണണം. ഇവിടെ ബ്രഹ്മത്തിന്റെ വിശേഷഗുണമാണു പറഞ്ഞിരിക്കുന്നത്, ബ്രഹ്മം സത്യമാണെന്ന്. അടുത്തതായി ജഗത്തിനെ കുറിച്ചു പറയുന്നത് ജഗത്ത് മിഥ്യയാണെന്നാണ്. ഇരിക്കട്ടെ. ആദ്യത്തെ ചോദ്യം – ജഗത്ത് എവിടെ നിന്നുണ്ടായി? ബ്രഹ്മത്തില്‍ നിന്നും. എങ്ങനെ? ബ്രഹ്മത്തില്‍ ബ്രഹ്മശക്തിയായ മായയുടെ സ്പന്ദനം ഉണ്ടായപ്പോള്‍ ബ്രഹ്മം ജഗത്തായി. ശരി അങ്ങനെയാണെങ്കില്‍ ബ്രഹ്മത്തിന്റെ ഗുണങ്ങളെല്ലാം ജഗത്തിലും കാണേണ്ടതല്ലേ? അതെ. എന്നാല്‍ ബ്രഹ്മം ചേതനവും ജഗത്ത് ജഡവുമാണ്. ബ്രഹ്മം സത്യവും ജഗത്ത് മിഥ്യയുമാണ്. സത്യമായ ബ്രഹ്മത്തില്‍ നിന്ന് മിഥ്യയായ ജഗത്ത് എങ്ങനെ ഉണ്ടാകാനാണ്? ചേതനാവാനായ ബ്രഹ്മത്തില്‍ നിന്ന് ജഡമായ ജഗത്തിന്റെ ഉത്പത്തി അസംഭവ്യമല്ലേ? ഇവിടെ തീരുന്നു നവീന വേദാന്തികളുടെ സിദ്ധാന്തം. കൂടുതല്‍ പ്രശ്നങ്ങളുന്നയിച്ചാല്‍ അവര്‍ പറയും തര്‍ക്കം പാപമാണ്. അതിനാല്‍ ഞങ്ങള്‍ തര്‍ക്കത്തിനില്ല. സ്വയം അനുഭവിച്ചറിയൂ താന്‍ ബ്രഹ്മമാണെന്ന്. ഇത് തഞ്ചത്തില്‍ ഒഴിഞ്ഞു മാറലാണ്. ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തലാണിത്.
ഈ സിദ്ധാന്തം നിത്യജീവിത്തില്‍ എത്ര പ്രയോജനപ്പെടും? നവീന വേദാന്തികള്ക്ക് വയറുപെഴയ്ക്കാം. അതില്‍ കവിഞ്ഞ പ്രയോജനമൊന്നും ഈ സിദ്ധാന്തത്തില്‍ നിന്നും ലഭ്യമല്ല. ഇതിനെ എന്തു വിളിക്കണം? അജ്ഞാനമെന്നോ? ഭ്രമമെന്നോ? ഭ്രാന്തെന്നോ? ഈശ്വരന് നിര്‍മിച്ചു നല്കിയ ശരീരം കൊണ്ട് ജഗത്തില്‍ പുരുഷാര്‍ഥങ്ങളനുഷ്ഠിക്കാതെ എന്തെങ്കിലും പറഞ്ഞ് കാലം കഴിക്കലാണിത്.
ഇനി നമുക്ക് ഭൂതകാലത്തെയും ചരിത്രത്തെയും പ്രപഞ്ചോത്പത്തിയെയും തത്കാലം വിടാം. പകരം ഇന്ന് നമ്മുടെ മുന്നില്‍ സംഭവിക്കുന്ന ചില കാര്യങ്ങളെടുക്കാം. ഇന്ന് നമ്മുടെ മുന്നില്‍ പിറന്നു വീഴുന്ന ഒരു മനുഷ്യക്കുഞ്ഞിനെ ഒന്നു നോക്കൂ. പിറന്നു വീഴുമ്പോള്‍ അതിന് കരയാനല്ലാതെ മറ്റൊന്നിനും അറിയില്ലെന്ന കാര്യം എല്ലാവര്ക്കും ഉത്തമബോധ്യമുള്ളതാണ്. ഒപ്പം വിശന്നാല്‍ മുലകുടിക്കുന്ന കാര്യവും അതിനാരും പഠിപ്പിച്ചു കൊടുക്കാറില്ല. വിശന്നു കരയുന്ന കുഞ്ഞിന്റെ ചുണ്ടുകള്‍ക്കടുത്തേക്ക് അമ്മയുടെ മുലഞ്ഞെട്ടു വരേണ്ട താമസം ആ കുഞ്ഞ് അതുറുഞ്ചി മുലപ്പാല്‍ വലിച്ചു കുടിക്കും. ഇത് ലോകമെങ്ങുമുള്ള സസ്തനികളായ (പ്രസവിച്ചു പാലൂട്ടുന്ന) ജീവജാലങ്ങളില്‍ കാണാന്‍ കഴിയും. പിറന്നു വീഴുന്ന കുഞ്ഞിന് ലോകത്തെ കുറിച്ചോ പാലൂട്ടുന്ന അമ്മയെ കുറിച്ചോ എന്തിന് തന്നെ കുറിച്ചു പോലും എന്തെങ്കിലും അറിവുണ്ടെന്നു കരുതാന്‍ വിഷമമാണ്. പിന്നെ എങ്ങനെ ആ കുഞ്ഞ് മുലപ്പാല്‍ വലിച്ചു കുടിക്കുന്നു? നവജാതശിശുവിന്റെ ഈ കഴിവു പരിശോധിക്കാന്‍ ഒരു പരീക്ഷണം കൂടി നടത്താം. കുഞ്ഞിന്റെ ചുണ്ടിനു സമീപം നമ്മുടെ കൈവിരല്‍ ചേര്‍ത്തു നോക്കൂ. അതും കുഞ്ഞ് നുണയുന്നതു കാണാന്‍ കഴിയും. ഇതിലൂടെ മനസ്സിലാകുന്ന കാര്യം എന്താണ്? വായിലൂടെ ആണ് ഭക്ഷണം കഴിക്കേണ്ടത്, മാത്രല്ല ഇങ്ങനെ വേണം തന്റെ വിശപ്പു തീര്‍ക്കേണ്ടത് എന്നൊക്കെയാണോ? ഈ ചോദ്യങ്ങള്‍ ലോകത്ത് ഇന്നു വരെ ഉണ്ടായിട്ടുള്ള ചിന്തകന്മാരെ ഏറെ അലട്ടിയിട്ടുണ്ട്. അവര്‍ക്കാര്‍ക്കും നിഷ്പ്രയാസം ഇതിന് മറുപടി നല്കാന് കഴിഞ്ഞിട്ടില്ലെന്നതും സത്യമാണ്.
(തുടരും)
– പി.ജി.പി.ആര്യ
പ്രതികരിക്കാൻ ഇവിടെ എഴുതുക: