ആലപ്പുഴ: കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയ്ക്ക് പിണറായി വിജയന്റെ മറുപടി. സി.പി.എമ്മിന്റെ കാര്യമോര്‍ത്ത് രമേശ് ചെന്നിത്തല ഉത്കണ്ഠപ്പെടേണ്ടെന്ന് പിണറായി വിജയന് പറഞ്ഞു. സി.പി.എം സംസ്ഥാന സമ്മേളനം കഴിയുന്നതോടെ വി എസ് അച്യുതാനന്ദന് ചരിത്രത്തിന്റെ ഭാഗമായി മാറുമെന്ന ചെന്നിത്തലയുടെ പ്രസ്താവന ദുര്‍മോഹത്തില്‍ നിന്നുണ്ടായതാണെന്നും അദ്ദേഹം പറഞ്ഞു.
ചില ജില്ലകളിലെ ചെറിയ പ്രശ്നങ്ങള്‍ കണ്ടാണ് കെ.പി.സി.സി പ്രസിഡന്റ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത്. സമ്മേളനം സംഘടിപ്പിക്കുകയെന്ന ജനാധിപത്യ പ്രക്രിയ വിജയകരമായ രീതിയിലാണ് സി.പി.എം നടപ്പാക്കുന്നത്. ഇത്തരം ജനാധിപത്യ പ്രകൃയയെക്കുറിച്ച് കോണ്‍ഗ്രസിന് ചിന്തിക്കാന്‍ പോലും കഴിയില്ലെന്നും പിണറായി പറഞ്ഞു.
ആലപ്പുഴ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു പിണറായി വിജയന്. പാര്‍ട്ടിയിലെ ഐക്യം കൂടുതല്‍ ശക്തിപ്പെടുന്നുവെന്നാണ് സമ്മേളനങ്ങള്‍ തെളിയിക്കുന്നത്.
കത്തിക്കുത്തും അടിപിടിയുമില്ലാതെ കോണ്‍ഗ്രസിന് ജനാധിപത്യരീതിയില്‍ സമ്മേളനം നടത്താനാവില്ല. ജനാധിപത്യം തൊട്ടുതീണ്ടിയിട്ടില്ലാത്ത കോണ്‍ഗ്രസ് നേതാവാണ് സി.പി.എമ്മിനെ കുറ്റപ്പെടുത്തുന്നത്.
ഒരു വിഭാഗത്തെ ഇല്ലാതാക്കലല്ല വിഭാഗീയത ഇല്ലാതാക്കലാണ് സമ്മേളനങ്ങളില്‍ നടക്കുന്നത്. സമ്മേളനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ പാര്‍ട്ടിയിലെ ഐക്യം കൂടുതല്‍ ശക്തിപ്പെടും. എവിടെയെങ്കിലും വിഭാഗീയതയുണ്ടെങ്കില്‍ അത് പരിഹരിച്ച് മുന്നോട്ടുപോകാനുള്ള കരുത്ത് പാര്‍ട്ടിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: