കുമളി : മുല്ലപ്പെരിയാര്‍ ഡാം നിര്‍മ്മാണത്തിനുപയോഗിച്ചിട്ടുള്ള സുര്‍ക്കി മിശ്രിതത്തിന്റെ സാമ്പിള്‍ ശേഖരണം തുടരുകയാണ്. പരിശോധനകര്‍ ഉദ്ദേശിക്കുന്ന തരത്തില്‍ സാമ്പിള്‍ ശേഖരണം നടത്താന്‍ കഴിയുന്നില്ലെന്ന വിവരമാണ് പുറത്തുവരുന്നത്.
എന്നാല്‍ ഡാം തീര്‍ത്തും ദുര്ബ്ബലമാണെന്നുള്ള സൂചന പരിശോധനയില്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്. മുമ്പ് നടത്തിയിട്ടുള്ള എല്ലാ പരിശോധനകളിലും ഡാം ദുര്ബ്ബലമാണെന്നുള്ള വിവരം തന്നെയായിരുന്നു ലഭിച്ചത്. കേരളത്തിനനുകൂലമായ പരിശോധനാഫലം വരുമ്പോഴൊക്കെ പരിശോധനകള്‍ അട്ടിമറിക്കാനുള്ള ശ്രമം തമിഴ്നാട് നടത്തിയിരുന്നു. ഏറ്റവുമൊടുവില്‍ ആര്‍ഒവി പരിശോധന ബോധപൂര്‍വ്വം തടസ്സപ്പെടുത്തിയ സംഭവമാണ് ഉണ്ടായത്. തട്ടെയെപ്പോലുള്ള വിദഗ്ദ്ധര്‍ എന്നും തമിഴ്നാടിനനുകൂലമായ നിലപാടുമാത്രമാണ് സ്വീകരിച്ചുപോന്നിട്ടുള്ളതെന്ന് പരക്കെ ആക്ഷേപമുണ്ട്.
ഡാമില്‍ നിന്ന് വലിയ തോതില്‍ സുര്‍ക്കി മിശ്രിതം ഒലിച്ചുപോയിട്ടുണ്ടെന്ന കേരളത്തിന്റെ കണ്ടെത്തലിനെ ശരിവയ്ക്കും വിധമായിരുന്നു ഇതുവരെ നടന്ന പരിശോധനയില്‍ നിന്നും തെളിഞ്ഞിട്ടുള്ളത്. 15 സെ.മീ. വ്യാസമുള്ള കുഴലിന്റെ ആകൃതിയില്‍ ഉടയാതെയുള്ള കഷ്ണങ്ങളാണ് ബല പരിശോധനയ്ക്ക് വിധേയമാക്കുന്നത്. എന്നാല്‍ 5 സെ.മീ. വ്യാസത്തില്‍ പരിക്ഷണാടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ സാമ്പിള്‍ ശേഖരണത്തില്‍ അങ്ങനെ ലഭിക്കുന്നില്ല. സുര്‍ക്കി മിശ്രിതം പൂര്‍ണ്ണമായും ഒലിച്ചുപോയിട്ടുള്ളതിനാല് കല്‍കഷ്ണങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഇത് കേരളത്തിന്റെ വാദത്തെ പൂര്‍ണ്ണമായും ശരിവയ്ക്കുന്നതാണ്.
മഹാരാഷ്ട്രയിലെ വാട്ടര്‍ റിസോഴ്സസ് മാനേജമെന്റില്‍ നിന്നുള്ള 14അംഗ സംഘമാണ് ഇപ്പോള്‍ കോര്‍ സാമ്പിള്‍ ശേഖരണം നടത്തുന്നത്. പൂനെയിലെ സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവ്വര്‍ റിസേര്‍ച്ച് സ്റ്റേഷനാണ് ഇതിന്റെ ബല പരിശോധന നടത്തുന്നത്. മെയിന്‍ ഡാമിന്റെ ഒന്‍പതു ഭാഗത്തുനിന്നും ബേബി ഡാമിന്റെ ഒരിടത്തുനിന്നും എര്‍ത്തേണ്‍ ഡാമില്‍ ഒരിടത്തുനിന്നും ഉള്‍പ്പെടെ ഒന്‍പത് ഇടത്തുനിന്നുമാണ് കോര്‍ സാമ്പിള്‍ ശേഖരണം നടത്തേണ്ടിയിരുന്നത്. എന്നാല്‍ ഇത് എത്രനാള്‍ കൊണ്ട് നടപ്പാകും എന്ന് വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: