കെയ്റോ: സിറിയയില്‍ അറബ്ലീഗ് നിരീക്ഷണ സംഘത്തിന്റെ ദൗത്യം തുടരാന്‍ തീരുമനിച്ചു. കെയ്റോയില്‍ നടന്ന അറബ്ലീഗ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനമായത്. സൈനിക നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാരിന് അറബ് ലീഗ് അന്തിമ നിര്‍ദ്ദേശം നല്കി.
സിറിയയുടെ ഭാഗത്ത് നിന്നും പൂര്‍ണ്ണ പിന്തുണ ലഭിക്കുന്നതുവരെ ദൗത്യം തുടരാനാണ് അറബ് ലീഗിന്റെ തിരുമാനം. സൈന്യവും പ്രക്ഷോഭകാരികളും തമ്മില്‍ നടന്നു വരുന്ന തെരുവ് യുദ്ധം എത്രയും വേഗം അവസാനിപ്പിക്കാനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവണമെന്നും നിരീക്ഷക സംഘം ആവശ്യപ്പെട്ടു.
പ്രസിഡന്റ് പ്രതിപക്ഷവുമായി ചര്‍ച്ചയ്ക്കു തയാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു. എന്നാല്‍ ഐക്യരാഷ്ട്രസഭയുടെ സഹായം തേടണമോയെന്ന് തീരുമാനിക്കാന്‍ നടന്ന ചര്‍ച്ച വിജയം കണ്ടില്ല. യു.എന്‍. മനുഷ്യാവകാശവിദഗ്ധരുടെ സഹായം അഭ്യര്‍ഥിക്കണമെന്ന ഖത്തറിന്റെ നിര്‍ദേശം ചര്ച്ചചെയ്യാനുമായില്ല.
പത്ത് മാസത്തിലധികമായി സിറിയയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന പ്രസിഡന്റ് വിരുദ്ധ സമരങ്ങള്‍ക്കും സര്‍ക്കാരിന്റെ അടിച്ചമര്‍ത്തലിനും അറുതി വരുത്തുന്നതിനായാണ് അറബ് ലീഗ് പ്രത്യേക നിരീക്ഷക സംഘത്തെ സിറിയയിലേക്ക് അയച്ചത്. എന്നാല്‍ നിരീക്ഷണ സംഘം രാജ്യത്തെത്തിയിട്ടും സ്ഥിതിഗതികള്‍ക്ക് മാറ്റമൊന്നും സംഭവിച്ചിട്ടില്ല.
ഭരണകൂടത്തിനെതിരെ സമരം നടത്തിയതിന് അറസ്റ്റ് ചെയ്ത മുഴുവന്‍ പേരെയും വിട്ടയയ്ക്കാമെന്ന് പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് വാക്ക് നല്‍കിയിരുന്നെങ്കിലും ഇതുവരെ പാലിക്കപ്പെട്ടില്ല എന്നത് നിരീക്ഷക സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിനെതിരെ നടപടി എടുക്കാന്‍ അറബ് ലീഗ് യോഗം തീരുമാനിച്ചു. ഭൂരിഭാഗം തടവുകാരെയും പാര്‍പ്പിച്ചിരിക്കുന്നത് എവിടെയാണെന്ന് വ്യക്തമല്ല എന്നത് സിറിയയിലെ അന്തരീക്ഷം മോശമാക്കുന്നതായും അറബ് ലീഗ് ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ദിവസം പ്രക്ഷോഭകാരികളും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലുകളില്‍ പതിനൊന്ന് സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഇതോടെ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: