ന്യൂദല്‍ഹി: ഇന്ത്യന്‍ സൈനിക പ്രതിനിധി സംഘത്തിന്റെ ചൈനീസ് സന്ദര്‍ശനം റദ്ദാക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
അരുണാചല്‍പ്രദേശില്‍നിന്നുള്ള ഒരു മുതിര്‍ന്ന വ്യോമസേനാ ഉദ്യോഗസ്ഥന് ചൈന വിസ നിഷേധിച്ചതിന് പിന്നാലെ പ്രതിനിധി സംഘത്തിന്റെ സന്ദര്‍ശനവുമായി മുന്നോട്ടുപോകാനുള്ള തീരുമാനം ഇന്ത്യന്‍ സൈനികരോടുള്ള അവഹേളനമാണെന്ന് ബിജെപി ചൂണ്ടിക്കാട്ടി.
കേന്ദ്രത്തിന്റെ തീരുമാനം ഞെട്ടിക്കുന്നതാണെന്നും ഇന്ത്യയുടെ വിദേശനയം ചൈന തീരുമാനിച്ചാല്‍ അത്ഭുതപ്പെടാനില്ലെന്നും പാര്‍ട്ടി വക്താവ് തരുണ്‍ വിജയ് ചൂണ്ടിക്കാട്ടി. കരസേനാ മേധാവി വി.കെ.സിംഗിന്റെ പ്രായവുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ സര്‍ക്കാരിന്റെ അപമാനകരമായ നീക്കങ്ങളെയും അദ്ദേഹം വിമര്‍ശിച്ചു. സൈനിക മേധാവി മാത്രമല്ല സൈനികരും കേന്ദ്രസര്‍ക്കാരിന് കീഴില്‍ അവഹേളിക്കപ്പെടുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പ്രതികരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. അരുണാചല്‍പ്രദേശില്‍നിന്നുള്ള വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റനായ എം.വാങ്ങിങ്ങിനാണ് ചൈന വിസ നിഷേധിച്ചത്. ഈ രാജ്യത്തേക്ക് എന്തിനാണ് ഇന്ത്യ പ്രതിനിധി സംഘത്തെ അയക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. പ്രതിരോധമന്ത്രി എ.കെ.ആന്റണിയുമായി ഇക്കാര്യം സംസാരിച്ചെങ്കിലും ഇന്ന് കാണാനാണ് അദ്ദേഹം നിര്‍ദേശിച്ചത്. പ്രതിരോധമന്ത്രിക്കുപോലും ഇതേക്കുറിച്ച് പൂര്‍ണ വിവരമില്ലെന്ന് തരുണ്‍ വിജയ് ചൂണ്ടിക്കാട്ടി.
അരുണാചല്‍പ്രദേശിലെ ജനങ്ങള്‍ക്ക് ചൈന കടലാസ് വിസ നല്കുന്നതിനാലാണ് ഉദ്യോഗസ്ഥന്റെ യാത്ര റദ്ദാക്കിയതെന്നാണ് വിദേശകാര്യമന്ത്രി എസ്.എം.കൃഷ്ണയുടെ ഒഎസ്ഡിമാര്‍ പറഞ്ഞത്. ഇന്ത്യ അംഗീകരിക്കാത്ത വിസയാണിത്. വിദേശ മന്ത്രാലയത്തിന്റെ വിശദീകരണം ഏറെ ഞെട്ടിക്കുന്നതാണെന്ന് ബിജെപി വക്താവ് പറഞ്ഞു. രാജ്യത്തെ ഒരു സൈനിക ഉദ്യോഗസ്ഥന് ശരിയായ വിസ നിഷേധിക്കപ്പെട്ടുവെന്ന് പൂര്‍ണമായി ബോധ്യപ്പെട്ടിട്ടും ചൈനയിലേക്ക് പ്രതിനിധി സംഘത്തെ അയക്കാനുള്ള തീരുമാനം അരുണാചലിലെ ജനങ്ങളെ ഇന്ത്യക്കാരായി കേന്ദ്രം കരുതുന്നില്ലേയെന്ന സംശയം ജനിപ്പിക്കുന്നതാണ്. ഇന്ത്യന്‍ സാധയുധ സേനകളില്‍ ചേരുന്നതില്‍നിന്ന് സംസ്ഥാനത്തെ യുവാക്കളെ പിന്തിരിപ്പിക്കുന്ന നടപടിയുമാണ് ഇതെന്ന് തരുണ്‍ വിജയ് അഭിപ്രായപ്പെട്ടു.
ഈ മാസം 10നാണ് ഇന്ത്യയില്‍നിന്നുള്ള സൈനിക പ്രതിനിധി സംഘം ചൈനയിലേക്ക് പോകുക. അരുണാചലിനുമേല് നിരന്തരം അവകാശം ഉന്നയിക്കുന്ന ചൈന ഇന്ത്യയുടെ കടുത്ത പ്രതിഷേധങ്ങളെ അവഗണിച്ചും സംസ്ഥാനത്തുനിന്നുള്ള ജനങ്ങള്‍ക്ക് ഏറെക്കാലമായി വിസ നിഷേധിച്ചുവരികയാണ്.
അരുണാചലിന് വേണ്ടിയുള്ള ചൈനയുടെ അവകാശവാദങ്ങളെ പിന്‍വാതിലിലൂടെ അംഗീകരിക്കുന്ന തരത്തിലുള്ള നീക്കങ്ങളാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും ബിജെപി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: