എഴുപത്താറാം വയസ്സിലും വെങ്കിടേഷ് റാവുവിന്റെ ദിനചര്യ ആരംഭിക്കുന്നത് രാവിലെ മൂന്ന് മണിക്ക് തന്റെ സാഹിത്യ സപര്യയുടെ പണിപ്പുരയില്‍. റാവുജിയുടെ സാഹിത്യസാധനയിലൂടെ പുറത്ത് വന്നത് മലയാളത്തിലും കന്നടയിലും കോംഗ്കിണിയിലുമായി ആദ്ധ്യാത്മികത തുളുമ്പുന്ന നിരവധി കൃതികള്‍. എങ്കിലും വിനയാന്വിതനായ അദ്ദേഹം പറയുന്നത് ഇങ്ങനെ: ഞാന്‍ ഒരു എഴുത്തുകാരനോ ഭാഷാ പണ്ഡിതനോ അല്ല. എന്തോ ഒരു ഉള്‍പ്രേരണകൊണ്ടാണ് ഇത് ചെയ്യാന്‍ സാധിക്കുന്നത് എന്നാണ് എന്റെ വിശ്വാസം. നീലേശ്വരം പേരോല്‍ സ്വദേശിയായ വെങ്കിടേഷ് റാവു ഇപ്പോള്‍ മംഗലാപുരത്താണ് താമസം.
യഥാര്‍ത്ഥത്തില്‍ റാവു ഒരു സാഹിത്യകാരനായിരുന്നില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി ജോലിയില്‍നിന്ന് വിരമിച്ചതിന് ശേഷം മാത്രമാണ് അദ്ദേഹം സര്‍ഗരചനയിലേര്‍പ്പെടുന്നത്. മലയാളവും കന്നഡയും കോംഗ്കിണിയും ദൈനംദിനം കൈകാര്യം ചെയ്യുന്നതുകൊണ്ട് ഇവയില്‍ തനിക്ക് താല്‍പ്പര്യമുള്ള വിഷയങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും മൊഴിമാറ്റം നടത്തിയായിരുന്നു തുടക്കം. ദക്ഷിണ കര്‍ണ്ണാടകയിലെ പ്രധാന ക്ഷേത്രങ്ങളായ കദിരി മഞ്ചുനാഥേശ്വര ക്ഷേത്രം, മംഗലാപുരം മംഗളാദേവി ക്ഷേത്രം, കുദ്രോളി ഗോകര്‍ണ്ണ നാഥേശ്വര ക്ഷേത്രം, ബൊപ്പനാടു ക്ഷേത്രം, മഞ്ചേശ്വരം അനന്തേശ്വര ക്ഷേത്രം എന്നിവ ഉള്‍പ്പെടെ 25ഓളം ക്ഷേത്ര ചരിത്രങ്ങള്‍ കന്നടയില്‍ നിന്നും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തായിരുന്നു പ്രാരംഭപ്രവര്‍ത്തനങ്ങള്‍. പിന്നീട് ഉത്തരകേരളത്തിലെ പ്രധാന ക്ഷേത്രങ്ങളായ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം, പറശ്ശിനിക്കടവ് മുത്തപ്പന് ക്ഷേത്രം, മാടായിക്കാവ്, ചെറുകുന്ന് അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രം തുടങ്ങിയവയുടെ ക്ഷേത്ര ഐതിഹ്യങ്ങളും ചരിത്രവും കന്നട ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തു.
മലയാളത്തില്‍ ഡോ.പി.എസ് നായര്‍ തയ്യാറാക്കിയ മഹാഭാഗവതം, ഗദ്യകൃതി, കോംഗ്കിണി ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുകയുണ്ടായി. ഇത് മംഗലാപുരം കോംഗ്കിണി അക്കാദമിക്കാര് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പിന്നീട് ദേവീ ഭാഗവതവും മലയാളത്തില്‍ നിന്ന് കോംഗ്കിണിയിലേക്ക് മൊഴിമാറ്റം നടത്തി. ഇതിനിടയിലാണ് ഭഗവദ്്ഗീതയും പാഞ്ചജന്യം എന്ന കൃതിയും കന്നടയിലേക്ക് വിവര്‍ത്തനം ചെയ്ത് സമയം കണ്ടെത്തിയത്. പ്രകൃതിചികിത്സയുടെ എല്ലാമായിരുന്ന ഡോ. ആര്.ആര് വര്‍മ്മയുടെ ഹൃദ്രോഗം പൂര്‍ണ്ണ മോചനം, തുളസീ മഹാത്മ്യം എന്നീ രണ്ട് കൃതികളും മൊഴിമാറ്റം നടത്തിയിട്ടുണ്ടെങ്കിലും അവ പുസ്തക രൂപത്തില്‍ പുറത്തിറക്കാന്‍ സാധിച്ചിട്ടില്ലെന്ന് റാവു പറയുകയുണ്ടായി.
സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരിക്കെ തന്നെ പ്രവര്‍ത്തന ക്ഷേത്രത്തില്‍ ഉണ്ടായ അനുഭവങ്ങളുടെ വെളിച്ചത്തില്‍ നാടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ നടത്തിയ പോരാട്ടങ്ങളുടെ കഥയാണ് ജനശക്തിയോ ജനാര്‍ദ്ദനശക്തിയോ എന്ന ആത്മകഥാ രൂപിയായ പുസ്തകം. കാഞ്ഞങ്ങാട് സുധീന്ദ്ര സേവാ മണ്ഡല് ആണ് അത് പ്രസിദ്ധീകരിച്ചത്. അതിന്റെ ഇംഗ്ലീഷ് പരിഭാഷയാണ് ഹാന്റ് ഓഫ് ഗോഡ്. ഈ പുസ്തകത്തിന് പുതിയ എഴുത്തുകാര്‍ക്കുള്ള ദേശീയ അവാര്‍ഡ് ലഭിക്കുകയുണ്ടായി.
എഴുപത്താറാം വയസ്സിലും ഒരു യുവാവിന്റെ ചുറുചുറുക്കോടെ തന്റെ ജീവിത ദൗത്യം തിരിച്ചറിഞ്ഞ്് കര്‍മ്മനിരതനായിരിക്കുന്ന ഈ ഗാന്ധിയന്റെ ഭൂതകാലം നമ്മുടെ നാടിന്റെ ആത്മാവ് കണ്ടറിഞ്ഞ് അത് തൊട്ടുണര്‍ത്തി വിജയത്തിലേക്കുള്ള കര്‍മ്മ പരിപാടികള്‍ ആവിഷ്ക്കരിച്ച് മുന്നേറിയ അപൂര്‍വ്വ മനീഷികളിലൊരാളുടെ ജീവിതകഥകൂടിയാണ്.
മധുരകല്ലുംപെട്ടി ഗാന്ധി നികേതനത്തില്‍ നിന്നും ഗ്രാമവികസത്തിനുള്ള പരിശീലനം പൂര്‍ത്തിയാക്കി 1956 ല്‍ കാസര്‍ഗോഡ് ജില്ലയിലെ അതിര്‍ത്തി ഗ്രാമവും ഓണംകേറാമൂലയുമായ ഓര്‍ക്കാടിയില്‍ ഗ്രാമസേവകനായാണ് റാവു തന്റെ ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. ഗാന്ധിയന്‍ വീക്ഷണത്തിലൂന്നിയുള്ള ഗ്രാമവികസനത്തിന് പ്രായോഗിക രൂപം നല്കാന് അദ്ദേഹം യത്നിച്ചു. ധര്‍മ്മദപടുപ്പിന് ചുറ്റുമുള്ള ധര്‍മ്മനഗര്‍ കോളനിയും റോഡുകളും വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളും മറ്റു പദ്ധതികളും അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിന്റെ പ്രാവര്‍ത്തിക രൂപമാണ്.
ഡോ.എം.എസ്സ്.സ്വാമിനാഥന് കണ്ണൂര്‍ കലക്ടറായിരുന്ന ഉമാ ശങ്കര്‍ തുടങ്ങിയവരടക്കം അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ മതിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. വെങ്കിടേഷ് റാവു തന്നെ തന്റെ ജനശക്തിയോ ജനാര്‍ദ്ദനശക്തിയോ എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെ. ഇവിടെ നല്ല റോഡുകളോ ആശുപത്രിയോ മൃഗാശുപത്രിയോ മാതൃശുശ്രൂഷാ കേന്ദ്രമോ ടെലഫോണോ കുടിവെള്ള സൗകര്യമോ സഹകരണസംഘങ്ങളോ ബാങ്കുകളോ ഉണ്ടായിരുന്നില്ല എന്നാണ്. എന്നാല്‍ 1970ല്‍ മേലധികാരികളായ ചിലരുടെ മടുപ്പിക്കുന്ന പീഡനശ്രമങ്ങളില്‍ സഹികെട്ട് ജോലി തന്നെ രാജിവെച്ചങ്കിലും താന്‍ തുടങ്ങി വെച്ച ചില വികസന പദ്ധതികള്‍ പൂര്‍ത്തീകരിച്ച് ലക്ഷ്യപ്രാപ്തിയിലെത്തിക്കുക എന്ന ഏക ലക്ഷ്യത്തോടെ 1976 വരെ ഓര്‍ക്കാടിയിലെ മജീര്‍പള്ളക്കടുത്ത ധര്‍മ്മനഗറില്‍ തന്നെ താമസിച്ച് തന്റെ ദൗത്യം പൂര്‍ത്തീകരിച്ചതിന് ശേഷം മാത്രമാണ് അദ്ദേഹം ജന്മനാട്ടിലേക്ക് യാത്ര തിരിച്ചത്.
വെങ്കിടേഷ് റാവുവിന്റെ മനസ്സില്‍ രൂപം കൊണ്ട ധര്‍മ്മ നഗര്‍ കോളനി ജീവിക്കാന്‍ ഒരു തുണ്ടു ഭൂമിയോ ഒരു കൂരപോലുമോ ഇല്ലാതിരുന്ന 25 കുടുംബങ്ങള്‍ക്ക് അധികാരികളില്‍ സമ്മര്‍ദ്ദം ചെലുത്തി റവന്യൂ ഭൂമി പതിച്ചു നല്കി 1965ല്‍ ആരംഭിച്ചതാണ്. ഒരു പക്ഷെ ഇന്ന് കൊട്ടിഘോഷിക്കപ്പെടുന്ന റവന്യൂ പട്ടയ മേളയുടെ തുടക്കം തന്നെ ഇവിടെ വെച്ചായിരിക്കാം. അന്നത്തെ കണ്ണൂര്‍ ജില്ലാ കലക്ടര്‍ ഉമാശങ്കര്‍ നേരിട്ടെത്തിയാണ് പട്ടയം വിതരണം ചെയ്തത് എന്ന് റാവു ഓര്‍ക്കുന്നു. ഇവിടെ ആരംഭിച്ച ഗ്രാമകലസേവാ സംഘം സര്‍വ്വമത പ്രാര്‍ത്ഥനാ വേദി ഓര്‍ക്കാടി ഗ്രാമവികസന പദ്ധതി തുടങ്ങിയവയുടെ ഒക്കെ പ്രവര്‍ത്തനം മാതൃകാപരമായിരുന്നു.
ഒരു പക്ഷെ ഇന്നത്തെ സ്വാശ്രയ സ്വയം സഹായ സംഘങ്ങളുടെ ആദ്യത്തെ മാതൃകയാവാം വെങ്കിടേഷ് റാവു ഇവിടെ ആരംഭിച്ച ഗ്രൂപ്പ് ഗ്യാരണ്ടി സ്കീം. 1970ലാണ് ഇതിന് തുടക്കം കുറിച്ചത്. ധര്‍മ്മനഗര്‍ ജോയിന്റ് ഫാമിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, കൃഷി വിചാര വിനിമയ കേന്ദ്രം (ഇത് കേരള സര്‍ക്കാരിന്റെ വൊര്‍ക്കാടി കൃഷി വിജ്ഞാന കേന്ദ്രമായി പില്കാലത്ത് വളര്‍ന്നു), എന്നിവയും വെങ്കിടേഷ് റാവുവിന്റെ സംഭാവനയായിരുന്നു. അദ്ദേഹത്തിന്റെ സ്വപ്ന പദ്ധതിയായിരുന്നു ഗ്രാമീണ കാര്‍ഷിക സഹകരണ വിദ്യാകേന്ദ്രം. ഒരു പക്ഷെ ഗാന്ധിജിയുടെ ഗ്രാമ സ്വരാജ് എന്ന സമ്പൂര്‍ണ്ണ ഗ്രാമവികസനത്തിലേക്കുള്ള വിവിധ പടികളാണ് ഇവയെന്ന് തികഞ്ഞ ഗാന്ധിയനായി ഇന്നും ജീവിക്കുന്ന വെങ്കിടേഷ് റാവു പറയുന്നു.
കേരളത്തിലെ എന്നല്ല ഭാരതത്തിലെ തന്നെ വയോജന വിദ്യാഭ്യാസത്തിന് തുടക്കം കുറിക്കാന്‍ പ്രേരണ നല്കിയ ഒരു സംഭവമായിരുന്നു 1977ല്‍ വൊര്‍ക്കാടിയില്‍ നിന്ന് ആരംഭിച്ച തിരുവനന്തപുരത്ത് സമാപിച്ച സാക്ഷരാതാ ജാഥ. ജാഥയുടെ ഉപജ്ഞാതാവും സംഘാടകനും റാവു തന്നെയായിരുന്നു. 1975ല്‍ വൊര്‍ക്കാടിയില്‍ അദ്ദേഹം ആരംഭിച്ച വനിതാ വിചാര്‍ വിനിമയ കേന്ദ്രം സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് അദ്ദേഹത്തിന് എത്രമാത്രം ഉള്‍ക്കാഴ്ചയുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നു.
ഗ്രാമസേവകനായി എത്തി വൊര്‍ക്കാടിയിലെ ഗ്രാമീണരെ സംഘടിപ്പിച്ച് ധര്‍മ്മദ പടുപ്പിലെ വിശാലമായ പാറപ്പുറത്ത് ഇന്നത്തെ ഗ്രാമസഭകളുടെ ആദ്യ രൂപമായി ഗ്രാമീണരെ മുഴുവന്‍ വിളിച്ചു ചേര്‍ത്ത് ഗ്രാമത്തിന്റെ എല്ലാ കാര്യങ്ങളും അവിടെ വെച്ച് തീരുമാനിച്ചായിരുന്നു വെങ്കിടേഷ് റാവുവിന്റെ ഗ്രാമവികസന പ്രവര്‍ത്തനം. അതിന്റെ ബാക്കിപത്രമാണ് അവിടെ ഇന്ന് കാണുന്ന റോഡുകളും ആശുപത്രിയും അംഗന്‍വാടിയും വൈദ്യുതി ഓഫീസും മറ്റും. എന്തിനധികം പറയുന്നു കേരളത്തിലെവിടെയും ഗ്രാമസേവകന് സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സ് ഇന്നും അനുവദിച്ചിട്ടില്ല. എന്നാല്‍ വെങ്കിടേഷ് റാവു എന്ന ഗ്രാമസേവകന് ആ കാലഘട്ടത്തില്‍ തന്നെ സര്‍ക്കാര്‍ ഒരു ക്വാര്‍ട്ടേഴ്സ് താമസിക്കാനായി നിര്‍മ്മിച്ചു കൊടുത്തിരുന്നു. ധര്‍മ്മനഗറില്‍ ഇന്നും നമുക്ക് അത് കാണാം.
സംഭവബഹുലവും കര്‍മ്മ നിരതവുമായ ഔദ്യോഗിക ജീവിതത്തിന് വിട നല്കി ധാര്‍മ്മിക സാഹിത്യ രചനയിലേക്ക് തന്റെ മനസ്സിനെ വ്യാപരിപ്പിക്കാന്‍ ഒരു പക്ഷെ അദ്ദേഹത്തെ പ്രേരിപ്പിച്ച ഏറെ വേദനപ്പെടുത്തുന്ന മറ്റൊരു ഘടകം കൂടി ഉണ്ട്. തന്റെതല്ലാത്ത കുറ്റത്തിന് അകാലത്ത് സ്വന്തം ജീവന് തന്നെ ഹോമിക്കേണ്ടിവന്ന മകള്‍ വീണാധാരിയുടെ വിയോഗമായിരുന്നു അത്. വീണാധാരിയെ അറിയില്ലേ. എച്ച്ഐവി എന്ന മാരക രോഗം ബാധിച്ച് ഇത് ബാധിച്ചവരെ ശുശ്രൂഷിക്കാനായി ജീവിതം തന്നെ സമര്‍പ്പിച്ച വീണാ ധാരിയെ. സ്വന്തം മകളുടെ വിയോഗവും അദ്ദേഹത്തിന്റെ മനസ്സിനെ ഏറെ സ്വാധീനിച്ചിട്ടുണ്ട് എന്നതിന് തെളിവാണ് അദ്ദേഹത്തിന്റെ എല്ലാ കൃതികളും സമര്‍പ്പിച്ചിരിക്കുന്നത് അവര്‍ക്കാണ് എന്നുള്ളത്.
കെ.ഗോവിന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: