ആത്മീയമായി വേണ്ടത്ര വളരുന്നതിന് മുന്‍പായി പൂജാകര്‍മ്മങ്ങള്‍ ഉപേക്ഷിക്കുന്ന ചിലരുണ്ട്. വളര്ച്ചയെത്തുന്നതിനുമുന്പ് വിഗ്രഹാരാധന ഉപേക്ഷിക്കുന്നതുപോലെ തന്നെ ഇതും നല്ലതല്ല. വിഗ്രഹാരാധകരെ ഒരിക്കലും തരംതാഴ്ത്തരുത്. വിഗ്രഹാരാധനയില്‍ വലിയൊരു സത്യമുണ്ട്. അതിനെ നിഷേധിക്കുന്നവര്‍ തെറ്റാണ് ചെയ്യുന്നത്. ആദ്ധ്യാത്മിക പാരമ്പര്യത്തെപ്പറ്റിയും ജീവിതത്തെപ്പറ്റിയും അവര്‍ക്കൊന്നും അറിയില്ല. ദിവ്യവിഗ്രഹത്തില് ചൈതന്യം പ്രകാശിക്കുന്നത് കര്‍ത്തൃനിഷ്ഠമായ ഒരു വസ്തുതയല്ല, വസ്തുനിഷ്ഠം കൂടിയാണ്. ദൈവസിദ്ധാന്തക്കാരുടെ കൈയില്‍ ഈ തത്ത്വങ്ങള്‍ വളച്ചൊടിക്കപ്പെട്ടു. നമുക്ക് മിക്കവര്‍ക്കും വെറുതെ സിദ്ധാന്തം പറയാതെ വളരാന്‍ ശരിക്കും ആഗ്രഹമുണ്ടെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള ഭൗതികമോ മാനസികമോ ആയ ഏതെങ്കിലും വിഗ്രഹത്തെ ആരാധിക്കേണ്ടതാണ്.
എന്നാല്‍ ജീവിതം മുഴുവന്‍ നാം വിഗ്രഹങ്ങളെ ആരാധിച്ചുകഴിയുന്നത് ശരിയല്ല. സാധനയുടെ ഫലമായി ആദ്ധ്യാത്മിക പുരോഗതി ഉണ്ടോ ഇല്ലയോ എന്ന് നാമെപ്പോഴും നോക്കണം. നമുക്ക് തുടക്കത്തില്‍ ബാഹ്യപൂജ പ്രയോജനം തന്നിരിക്കും. ചിലര്‍ വലിയ കാര്‍മികരാണ്. അവര്‍ക്കതില്‍ നിന്ന് വലിയ ആനന്ദം കിട്ടുന്നു. എന്നാല്‍ ജീവിതം മുഴുവന്‍ ബാഹ്യപൂജ ചെയ്ത് കഴിക്കരുത്. ഇന്നല്ലെങ്കില്‍ നാളെ അത് നമ്മെ ആന്തരപൂജയിലേക്ക് നയിക്കണം. നാം കസ്തൂരിമാനിനെപ്പോലെയാവരുത്. അതിന് നാഭിയില്‍ കസ്തൂരിയുണ്ട്. ചിലകാലത്ത് ആ മണം എവിടെ നിന്നു വരുന്നു എന്നറിയാതെ അത് ഭ്രാന്തുപിടിച്ച് ഓടുന്നു. അവസാനം ചത്തുവീഴുന്നു. അതുപോലെ, നാമന്വേഷിക്കുന്ന ഈശ്വരന് എന്നെന്നും നമുക്കുള്ളിലുണ്ട്. എന്നാല്‍ നാം അവിടുത്തെ പുറത്തു കണ്ടെത്താന്‍ ശ്രമിക്കുന്നു.
നാമെന്നും ഈശ്വരനെ അഥവാ ഈശ്വരന്മാരെ നമ്മുടെ സങ്കല്പമനുസരിച്ച് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. നാം മഹാദേവന്റെ വിഗ്രഹം ഉണ്ടാക്കാന്‍ പുറപ്പെടുന്നു. ഒരു കുരങ്ങനാണ് അവസാനം കൈയില്‍ കിട്ടുന്നത്. ശരിയായ ആശയം അറിയില്ല; അത് ജീവിതത്തില്‍ പകര്ത്താനറിയില്ല എന്നുവച്ചാല്‍ എല്ലാം ഒരു വിരൂപനായ കുരങ്ങനാവും. ഇതാണാപത്ത് “മുമുക്ഷുവിന് വിഗ്രഹാരാധന തടസമാണ്. അത് പുനര്‍ജ്ജന്മം ഉണ്ടാക്കുന്നു. അതുകൊണ്ട് സന്ന്യാസി ഈശ്വരനെ ഹൃദയത്തില്‍ തന്നെ ആരാധിക്കണം.” എന്ന് മൈത്രേയി ഉപനിഷത്ത് 2.26 – ല്‍ പറയുന്നുണ്ട്. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഈസ്വരനെ സ്വാത്മാവില്‍, തന്റെ ഹൃദയത്തിന്റെ അഗാധതയില്‍ അന്വേഷിക്കുന്നതാണ്. ആദ്ധ്യാത്മജീവിതം ഒരു കോണി പോലെയാണ്. പടിപടിയായി മുന്നോട്ടുപോകണം. ആദ്യം നാം എവിടെ നില്ക്കുന്നു എന്നറിയണം. അല്ലെങ്കില്‍ പുരോഗതി സാധ്യമല്ല. നാം ബാഹ്യപൂജയിലും ക്ഷേത്രാരധനയിലും തുടങ്ങിയേക്കാം. എന്നാല്‍ അന്തര്‍മുഖരായി ഈശ്വരനെ യഥാര്‍ത്ഥ സ്ഥാനത്ത്, സ്വാത്മാവില്‍ അന്വേഷിക്കണം.
– യതീശ്വരാനന്ദ സ്വാമികള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: