കൊച്ചി: പശ്ചിമകൊച്ചിയിലെ മയക്കുമരുന്ന് റാക്കറ്റിലെ പ്രധാനകണ്ണി പിടിയില്‍. വാത്തുരുത്തി കോളനിയില്‍ നികര്‍ത്തില്‍ വീട്ടില്‍ വിനുആന്റണി (24)യെയാണ് 15 പൊതു കഞ്ചാവുമായി സിറ്റിഷാഡോ പോലീസും ഹാര്‍ബര്‍ പോലീസും ചേര്‍ന്ന് പിടികൂടിയത്. ഇയാള്‍ ഗുണ്ടാആക്ടില്‍ പ്രതിയായി ശിക്ഷ അനുഭവിച്ചിട്ടുള്ളയാളും പനങ്ങാട്, സൗത്ത് കളമശ്ശേരി, ഹാര്‍ബര്‍ തുടങ്ങിയ സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതിയുമാണ്. ഇതോടെ പശ്ചിമകൊച്ചിയിലെ ലഹരിമരുന്ന് റാക്കറ്റിലെ പ്രധാനിയാണ് പിടിയിലായിരിക്കുന്നത്. ക്രിസ്തുമസ് പുതുവത്സരം പ്രമാണിച്ച് 200 രൂപയുടെ ഒരുപൊതി അഞ്ഞൂറുരൂപവരെ വിലയ്ക്കാണ് വിറ്റിരുന്നത്. ബസ് ജീവനക്കാര്‍, തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്ക്കിടിയിലാണ് ഇയ്യാള് കഞ്ചാവ് വില്പന നടത്തിയിരുന്നത്. ഇടുക്കിയില്‍ നിന്നും നേരിട്ട് കഞ്ചാവ് എത്തിച്ച് വിപണനം നടത്തിയിരുന്ന പ്രതിയെ പിടികൂടുന്നതിനിടയില്‍ ഒരു മാസം മുമ്പ് പോലീസിനെവെട്ടിച്ച് കടന്നുകളയുകയുണ്ടായി. തുടര്‍ന്ന് രഹസ്യനിരീക്ഷണം നടത്തി പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ എം.എന്‍.രമേശിനുലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഷാഡോ എസ്ഐ മുഹമ്മദ് നിസാര്‍, ഹാര്‍ബര്‍ എസ്ഐ ബിജോയ് ചന്ദ്രന്, സിപിഒ മാരായ തോമസ്, പ്രവീണ്‍, ശ്രീകുമാര്‍, ബിജുതോമസ്, ജയരാജ്, ശ്രീകാന്ത്, വിശാല്‍, സുബിന് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. സിറ്റിയിലെ ലഹരിമരുന്ന് വില്പനയെപ്പറ്റിയെന്തങ്കിലും അറിവ് ലഭിക്കുന്നവര്‍ 9497980440 എന്ന നമ്പറില്‍ രഹസ്യമായി അറിയിക്കുവാന്‍ സിറ്റിപോലീസ് കമ്മീഷണര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: