മട്ടാഞ്ചേരി: പുതുവര്‍ഷത്തെ വരവേല്‍ക്കുന്ന ആഘോഷവുമായി ‘ആയിരം നക്ഷത്രങ്ങള്‍’ ഇന്ന് പ്രകാശിക്കും. ഫോര്‍ട്ട് കൊച്ചി ദ്രോണാചാര്യ ജംഗ്ഷന്‍ മുതല്‍ അഴിമുഖം വരെയുള്ള റോഡാണ് കൊടിതോരണങ്ങളാല്‍ അലംകൃതമാക്കി നക്ഷത്രശോഭ പ്രകാശം പരത്തുന്നത്. തോരണങ്ങള്‍ക്കിടയിലുള്ള നക്ഷത്രങ്ങള്‍ പ്രകാശിപ്പിക്കുന്ന സ്വിച്ച് ഓണ്‍ ചടങ്ങ് ഇന്ന് വൈകിട്ട് 6ന് ദ്രോണാചാര്യ ജംഗ്ഷനില്‍ നടക്കുമെന്ന് കൊച്ചി മേയര്‍ ടോണി ചമ്മണി സമ്മേളനം ഉദ്ഘാടനം ചെയ്യും. കൊച്ചി ബിഷപ്പ് ഡോ. ജോസഫ് കരിയില്‍ സ്വിച്ച്‌ഓണ്‍ കര്‍മ്മം നിര്‍വ്വഹിക്കുമെന്ന് സംഘാടകരായ ഫോര്‍ട്ട്കൊച്ചി സെലിബ്രേഷന്‍ കമ്മറ്റി പ്രസിഡന്റ് ജോസ് ബെനഡിക്ട്, സെക്രട്ടറി റോബിന്‍ ഫെലിക്സ്, ട്രഷറര്‍ ജെയ്സണ്‍ മാത്യു എന്നിവര്‍ പറഞ്ഞു.
ജനുവരി ഒന്ന് വരെ നക്ഷത്രങ്ങള്‍ പ്രകാശിക്കും. രണ്ടരകിലോമീറ്റര്‍ നീളത്തിലുള്ള റോഡില്‍ 25,000 മീറ്റര്‍ തോരണമാണ് അലങ്കാരത്തിനായി ഒരുക്കിയത്. ആയിരം നക്ഷത്രങ്ങളും ആയിരം സിഎഫ്‌എല്‍ വിളക്കുകളും ഇതിനായി ഒരുക്കിക്കഴിഞ്ഞു. 450 കിലോ വരുന്ന തോരണം തയ്യാറാക്കി നല്‍കിയത് കുടുംബശ്രീ യൂണിറ്റുകളാണ്. ഇതിലൂടെ നൂറിലേറെ സ്ത്രീകള്‍ക്ക് തൊഴിലവസരസൃഷ്ടിയുണ്ടാതായി കമ്മറ്റി രക്ഷാധികാരിയും കൗണ്‍സിലറുമായ അഡ്വ. ആന്റണി കുരീത്തറ പറഞ്ഞു. തോരണവും നക്ഷത്രങ്ങളും കൂടാതെ വൈദ്യുത ദീപാലങ്കാരങ്ങളും വീടുകള്‍ ഒരുക്കലും പ്രത്യേക കലാപരിപാടികളും ആഘോഷത്തിന്റെ ഭാഗമായി നടക്കും. 25ന് വൈകിട്ട് കൊച്ചിന്‍ ചാനലും അമൃതാടിവിയും ചേര്‍ന്ന് സൂപ്പര്‍ നൈറ്റ് വിത്ത് സൂപ്പര്‍ സ്റ്റാര്‍സ് മെഗാഷോയും 26ന് ഡിജെ ഷോയും നടക്കുമെന്ന് ജോ. സെക്രട്ടറി ദേവാനന്ദ് എസ്.പി. അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: