അസ്തിത്വത്തിന്റെ ലാവണ്യമാണ് അഭയം. അത് വിവേകത്തിന്റെ മാര്‍ഗ്ഗത്തില്‍ പൂക്കുന്നു. അന്ധതകൊണ്ട് രചിക്കുന്ന സംഭവങ്ങള്ക്കകലെയാണ് അഭയം. സര്‍വ തിന്മകള്ക്കും ഉയരത്തിലാണ് അഭയസ്ഥാനം. കപടചിന്തകളും പ്രതീക്ഷകളുടെ വൈരൂപ്യവും അഭയത്തിന്റെ പാതയില്‍ കാണാന്‍ കഴിയില്ല. ലൗകികവ്യവഹാരത്തില്‍ കുരുങ്ങിപ്പോകാത്ത സ്വതന്ത്രചേതനയിലാണ് അഭയം കാണേണ്ടത്.
ഉദയസൂര്യന്റെ കിരണങ്ങള്‍ ഏല്ക്കാതെ ഒരു പൂവ് എങ്ങനെയാണ് പുഞ്ചിരിക്കുന്നത്? അതുപോലെ ആത്മബോധത്തിലെത്തുന്നതുവരെ ഒരാള്‍ അഭയം എന്ത് എന്നറിയുന്നില്ല. ഭൗതികതയുടെ അടിമ എങ്ങനെ അഭയം അറിയും? വായിച്ചിട്ടില്ലാത്ത മഹദ്ഗ്രന്ഥം കൊണ്ട് നടക്കുന്ന ഒരുവനെപ്പോലെ അഭയമെന്തന്നറിയാതെ അലയുന്ന മനുഷ്യന് ഭയത്താല്‍ വിറയ്ക്കുകകൂടി ചെയ്യുന്നു.
അനശ്വരതയുടെ സങ്കീര്‍ത്തനം മറന്നവന് ഭയചകിതനാകാതെ എന്തുചെയ്യും? പ്രകൃതിയുടെ ക്രോധതാണ്ഡവം ഉന്മൂലനാശം വിതറുന്നത് നാം കാണുന്നില്ലേ? കാലങ്ങള്‍കൊണ്ട് പടുത്തുയര്ത്തിയവകളെല്ലാം കഥാവശേഷമാകുന്ന നിമിഷങ്ങള്‍ ഭയത്തിന്റെ രാത്രികളെ അവശേഷിപ്പിക്കുന്നു. എണ്ണമറ്റ ജീവിതങ്ങളെ മൃത്യു വിഴുങ്ങിന്നതിന്, കാറ്റോ കടലോ അഗ്നിജ്വാലയോ നിനച്ചാല്‍ മതി എന്തിനേറെ? പഞ്ചഭൂതങ്ങളില്‍ ഏതെങ്കിലുമൊന്ന് ക്രോധാവിഷ്ടമായാല് സര്‍വതിനും ഉന്മൂലനാശം സംഭവിക്കുന്നു. ഒരു ഭൂകമ്പത്തില്‍ സമ്പത്തും ജീവിതമാര്‍ഗ്ഗങ്ങളും വാസസ്ഥാനങ്ങളുമെല്ലാം തകര്ത്തെറിയപ്പെടുന്നു. കോടി മനുഷ്യരുടെ അദ്ധ്വാനഫലങ്ങള്‍ സ്മരണകള്‍ പോലും അവശേഷിക്കാത്തവിധം നശിപ്പിക്കപ്പെടുമ്പോള്‍ പ്രകൃതിയുടെ നിഗൂഢ ശക്തിവിശേഷത്തെ ചിന്തിച്ച് മനുഷ്യന് ഭയക്കുന്നു.
അത്യാഹിതങ്ങളുടെ നടുവില്‍ ആത്മബോധി മാത്രം അഭയം അറിയുന്നു. ശാശ്വതമായ ഒരു ദൈവനിയാമകത അവന് കാണുന്നു. ഭൗതികഭോഗസുഖങ്ങളില് മാത്രം മുഴുകുന്നവര്‍ ഈ ശരീരത്തിന്റെ ജീര്‍ണ്ണത മറുന്നുപോകുന്നു. രോഗഗ്രസ്തമായി നശിക്കുന്ന ഈ ശരീരം സര്വദുരിതങ്ങളുടേയും കേന്ദ്രമാണ്. ആരോഗ്യദൃഢഗാത്രന്റെ ഭയം രോഗത്തെക്കുറിച്ചോര്ത്താണ്. ഉന്നതകുലജാതന്‍ അവന്റെ കുലച്യുതി ഭയം നല്കുന്നു. ജീവിതത്തിന്റെ രഹസ്യങ്ങളെക്കുറിച്ച് – നിഗൂഢതകളെക്കുറിച്ച് – ബോധവാനാകാത്തവന് നിര്‍ഭയത കൈവരുന്നില്ല. താനാകുന്ന ചേതനയുടെ ആഴങ്ങളില്‍ സ്നേഹവും സൗന്ദര്യവും ആനന്ദവും ഒന്നിക്കുന്നതറിയുമ്പോള് മാത്രമേ നിത്യതയ്ക്ക് ഭംഗമേല്‍ക്കാത്ത അഭയം അനുഭൂതിയാകുന്നുള്ളൂ. ദുരിതപൂര്‍ണമായ ജീവിതാനുഭവങ്ങളില്‍ സംതൃപ്തിയുടെ മധുരസംഗീതം അറിയുന്നവന് അഭയസ്ഥാനം അറിഞ്ഞവനാണ്. കഠിനമായി കഷ്ടപ്പെട്ട് സമ്പാദിച്ച ദനാദികള്‍ നഷ്ടമാകുമോ എന്ന ഭയം ഒരു ലുബ്ധന്റെ ഉറക്കത്തെ കെടുത്തുന്നു.
– ശാന്താനന്ദഗിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: