കൊച്ചി: ജില്ലയിലെ മുഴുവന്‍ സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കും പ്രത്യേക പരിശീലനം നല്കുന്ന സുരക്ഷാ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഡൊമിനിക് പ്രസന്റേഷന് എം.എല്‍.എ നിര്‍വ്വഹിച്ചു. ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടേയും യാത്രാ സുരക്ഷ ഉറപ്പു വരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
എറണാകുളം ജനറല്‍ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ലൂഡി ലൂയിസ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കായി പരിശീലന പദ്ധതി തയ്യാറാകുന്നത്. ജില്ലയില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നിര്‍ബന്ധമാക്കും. പരിശീലനം പൂര്‍ത്തിയാക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ബേസിക് ലൈഫ് സപ്പോര്‍ട്ട് (ബി.എല്‍.സ്) എന്ന പേരില്‍ പ്രത്യേകം തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. ഈ കാര്‍ഡ് ലഭിച്ച ഡ്രൈവര്‍മാര്‍ക്ക് മാത്രമേ സ്കൂള്‍ വിദ്യാര്‍ത്ഥികളുമായി പോകുന്ന വാഹനങ്ങള്‍ ഓടിക്കാന്‍ അനുവാദമുണ്ടാകൂ.
തിയറി, പ്രാക്ടിക്കല്‍ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായി നടക്കുന്ന പരിശീലനത്തില്‍ ട്രാഫിക്ക് നിയമങ്ങള്‍, റോഡ് സുരക്ഷ, പ്രാഥമിക ചികിത്സ നല്കല് തുടങ്ങിയ കാര്യങ്ങളിലാണ് പ്രധാനമായും ക്ലാസ് ലഭ്യമാക്കുക. ആദ്യ ഘട്ടത്തില്‍ സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍, വിദ്യാര്‍ത്ഥികളെ കൊണ്ടു പോകുന്ന വാന്‍, ഓട്ടോറിക്ഷ, കെ.എസ്.ആര്.ടി.സി ഡ്രൈവര്‍മാര്‍ എന്നിവരെ പരിശീലനത്തില്‍ ഉള്‍പ്പെടുത്തും. ബോട്ടുകളും വഞ്ചികളും ഉള്‍പ്പെടെ സ്കൂള്‍ വിദ്യാര്‍ത്ഥികളുമായി പോകുന്ന മറ്റു വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് രണ്ടാം ഘട്ടം മുതല്‍ പരിശീലനം ആരംഭിക്കും.
ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത്, ഐ.എം.എ ജില്ലാ പ്രസിഡന്റ് ഡോ.എബ്രഹാം വര്‍ഗീസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്.സുധാകരന്, ഹയര്‍ സെക്കന്ററി റീജിയണല്‍ ഡയറക്ടര്‍ റോസമ്മ എബ്രഹാം, ആര്.റ്റി.ഒ ടി.ജെ.തോമസ്, എ.ഇ.ഒ ശ്രീകല, ഡോ.എസ്.സച്ചിദാനന്ദ കമ്മത്ത്, ഡോ.കാതറീന് പീറ്റര്‍, അഡ്വ.ഇബ്രാഹിം ഖാന്, ഡോ.കെ.വി.ബീന തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: