ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷക്ക് കേന്ദ്ര വ്യവസായസുരക്ഷാസേന (സിഐഎസ്എഫ്) യെ നിയോഗിക്കണമെന്ന തമിഴ്നാടിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. അണക്കെട്ടിലും പരിസരപ്രദേശങ്ങളിലും കേരളാ പോലീസിന്റെ സുരക്ഷ മതിയെന്ന് നിര്‍ണായക ഉത്തരവില്‍ കോടതി വ്യക്തമാക്കി. അതേസമയം, സംഘര്‍ഷം അനുദിനം വര്‍ധിക്കുമ്പോഴും കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്ന അനാസ്ഥയെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. പ്രശ്നപരിഹാരത്തിന് കേന്ദ്രസര്‍ക്കാര്‍ മുന്‍കയ്യെടുക്കണമെന്നും കാഴ്ചക്കാരായി നോക്കിനില്‍ക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. കേരളത്തിന് ആശ്വാസമേകുന്നതാണ് കോടതിയുടെ ഈ ഉത്തരവ്.
പ്രശ്നപരിഹാരത്തിന് ചര്‍ച്ചക്ക് തയ്യാറാകാത്ത തമിഴ്നാടിന്റെ നിലപാടിയ്ം സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. പ്രധാനമന്ത്രി പ്രശ്നപരിഹാരത്തിന് ശ്രമിക്കുമ്പോള്‍ തമിഴ്നാട് എതിര്‍ക്കുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. കേരളത്തിന്റെയും തമിഴ്നാടിന്റെയും മുഖ്യമന്ത്രിമാര്‍ ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്താല്‍ പരിഹരിക്കാവുന്ന പ്രശ്നമാണിതെന്നും കോടതി പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം കണക്കിലെടുത്താണ് സുപ്രീംകോടതി തമിഴ്നാടിന്റെ ഹര്‍ജി തള്ളിയത്. കേന്ദ്രസേനയെ നിയോഗിക്കുന്നത് സംസ്ഥാനസര്‍ക്കാരിന്റെ താല്പര്യം അറിഞ്ഞശേഷമായിരിക്കണമെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. മുല്ലപ്പെരിയാറില്‍ സുരക്ഷക്ക് കേരള പോലീസ് പര്യാപ്തമാണെന്ന് കേരളവും സുപ്രീംകോടതിയെ അറിയിച്ചു.
ഇതിനിടെ, മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീകമ്മീഷന്‍ ചെയ്യണമെന്ന നാട്ടുകാരുടെ ആവശ്യം സുപ്രീംകോടതി തള്ളി. പ്രദേശവാസികള്‍ക്ക് ആശങ്കകള്‍ ജസ്റ്റിസ് കെ.ടി. തോമസ് വഴി ഉന്നതാധികാര സമിതിയെ അറിയിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. ദുരന്തം തടയാനുള്ള ഉത്തരവാദിത്തം പ്രധാനമന്ത്രി നിറവേറ്റുന്നില്ലെന്ന് എങ്ങനെ പറയാന്‍ കഴിയുമെന്ന് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് ചോദിച്ചു.
അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണമെന്ന് തമിഴ്നാട് നിയമസഭയില്‍ പ്രമേയം പാസാക്കി. മുഖ്യമന്ത്രി ജയലളിതയാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ചത്.
അണക്കെട്ടിന്റെ സുരക്ഷ സിഐഎസ്എഫിനെ ഏല്‍പ്പിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. അണക്കെട്ടിന്റെ അറ്റകുറ്റപ്പണി നടത്തുന്നതില്‍നിന്ന് തമിഴ്നാടിനെ തടയാന്‍ കേരളം ശ്രമിക്കരുത്. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളം നടത്തുന്ന പ്രചാരണം രാഷ്ട്രീയലക്ഷ്യത്തോടെയാണെന്ന് പ്രമേയം ആരോപിച്ചു. അണക്കെട്ടിലുള്ള അവകാശം തമിഴ്നാട് ഉപേക്ഷിക്കുകയില്ല. ഈ പ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാര്‍ കാഴ്ചക്കാരന് ആകരുതെന്ന് പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.
അണക്കെട്ടിലെ ജലനിരപ്പ് അടിയന്തരമായി 120 അടിയായി താഴ്ത്തണമെന്നും പുതിയ അണക്കെട്ട് മുല്ലപ്പെരിയാറില്‍ നിര്‍മിക്കണമെന്നുമുള്ള പ്രമേയം കേരള നിയമസഭ ഡിസംബര്‍ ഒന്നിന് പാസാക്കിയിരുന്നു.
അണക്കെട്ടിന്റെ സുരക്ഷക്ക് കേന്ദ്രസേനതന്നെ വേണമെന്ന് തമിഴ്നാട് മന്ത്രിസഭയുടെ പ്രത്യേക സമ്മേളനം ചേര്‍ന്ന് പ്രമേയം പാസാക്കിയ ദിവസംതന്നെയാണ് ഈ ആവശ്യം സുപ്രീംകോടതി നിരസിച്ചുവെന്നത് ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: