ഒരു പത്രപ്രവര്‍ത്തകനാവുക കുട്ടിക്കാലത്ത് എന്നതായിരുന്നു എന്റെ ജീവിതാഭിലാഷം. വിദ്യാര്‍ത്ഥി ആയിരിക്കെയാണ്, പ്രധാനമന്ത്രിയായിരുന്ന മൊറാര്‍ജി ദേശായിയുമായുള്ള ഒരഭിമുഖം ഞാന്‍ വായിച്ചത്. അതില്‍ തന്റെ ജീവിതാഭിലാഷം എന്താണെന്ന ചോദ്യത്തിന് മൊറാര്‍ജി നല്കിയ മറുപടി ഈശ്വരസാക്ഷാത്കാരം എന്നായിരുന്നു. എന്റെ അഭിലാഷം എത്ര ചെറുതാണെന്നെനിക്ക് അപ്പോള്‍ പെട്ടെന്ന് തോന്നിപ്പോയി. ഇന്നെന്റെ ജീവിതാഭിലാഷം ഒട്ടും ചെറുതല്ല. ഒരു ഹിമാലയന്‍ അഭിലാഷം എന്നതിനെ വിശേഷിപ്പിക്കാം. ഹിമാലയത്തിലാവണം ജീവിതാന്ത്യം എന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. ഹിമവാന്റെ മഞ്ഞുമൂടിയ മടിത്തട്ടില്‍ തലചായ്ച്ചിരിക്കണം എന്റെ എന്നെന്നേക്കുമായുള്ള ഉറക്കം എന്ന് ഞാന്‍ ആഗ്രഹിച്ചു തുടങ്ങിയിട്ട് കുറെ നാളായി. നാളുകള്‍ പിന്നിടുംതോറും ആ ആഗ്രഹം ശക്തിപ്പെട്ടുവരുന്നതേയുള്ളൂ.
ചിത്രങ്ങളിലല്ലാതെ ഞാന്‍ ഹിമാലയം കണ്ടിട്ടില്ല. അതിനുള്ള അവസരം ഉണ്ടായിട്ടില്ലെന്നതിനെക്കാള് ഉണ്ടാക്കിയിട്ടില്ലെന്ന് പറയുന്നതാവും കൂടുതല്‍ ശരി. ഹിമവാന്റെ ദൃശ്യങ്ങള്‍ എന്നെ കോരിത്തരിപ്പിക്കാറുണ്ട്. ഹിമവാനെപ്പറ്റി വായിക്കുമ്പോഴൊക്കെ ഒരുതരം ആത്മീയാനുഭൂതി എനിക്ക് അനുഭവപ്പെടാറുണ്ട്. ഹിമാലയത്തെപ്പറ്റി ആര്, എന്ത് എഴുതിയാലും അത് തേടിപ്പിടിച്ച് വായിക്കുകയെന്നത് അതുകൊണ്ട് എന്റെ ഒരു ശീലമാണ്. ആദ്യമായി ഹിമാലയത്തെ അറിഞ്ഞതും, ആ അനുഭൂതിയുണ്ടാതും തപോവനസ്വാമികളുടെ ‘ഹിമഗിരിവിഹാരം’ വായിച്ചപ്പോഴാണ്. അന്ന് തൊട്ട് ഹിമാലയസാഹിത്യം വായിക്കുകയെന്നത് എനിക്ക് ഒരു ലഹരിയായി. നാസ്തികരായവരുടെ പോലും ഹിമാലയയാത്രാവിവരണം വായിക്കുമ്പോള്‍ ആത്മീയമായ അനുഭൂതിയാണ് എനിക്ക് ലഭിക്കുക.
അതുകൊണ്ടുതന്നെ ഒരു കാര്യം എനിക്കുറപ്പാണ്- ഹിമാലയത്തിലെത്തിക്കഴിഞ്ഞാല് ഞാന്‍ പിന്നെ തിരികെ വരില്ലെന്ന്. വിവരിക്കാനാവാത്ത ആ ദര്‍ശനലഹരി നുകര്‍ന്ന് പിന്നീടുള്ള ജീവിതകാലം ചെലവിടാനേ വികാരജീവിയായ എനിക്കാവൂ. അക്കാരണത്താല്‍ മാത്രമാണ് ഹിമാലയപര്യടനത്തിനുള്ള അവസരങ്ങള്‍ അനവധിയുണ്ടായിട്ടും അതിന് മുതിരാതെ അകന്നു മാറിയത്. ഋഷികേശിനപ്പുറം ഞാന്‍ പോയിട്ടില്ല, പോവാറില്ല. മടങ്ങിവരില്ലെന്ന ഉറച്ചബോധ്യമുള്ളതിനാല്‍ തന്നെ. ഉത്തരവാദിത്തങ്ങള്‍ ഇവിടെ ഇനിയും ബാക്കിയുണ്ടെന്നതുകൊണ്ടും അവയില്‍നിന്നുള്ള ഒരു ഒളിച്ചോട്ടമാവരുതെന്നതു കൊണ്ടും ഞാന്‍ മടിച്ചുനില്‍ക്കുന്നു. സമയമായില്ലെന്ന് സ്വയം സമാധാനിപ്പിച്ച്.
ഹിമവാനെപ്പറ്റി ഏറ്റവും ഒടുവില്‍ വായിച്ച പുസ്തകം എന്നെ അതിന്റെ രചയിതാവിന്റെ ആരാധകനാക്കി. അഞ്ചോ ആറോ മാസങ്ങള്‍ മുമ്പാണ് ‘ശ്രീഎം’ എന്ന അപൂര്‍വമായ പേരിലെഴുതിയിട്ടുള്ള’ഒരു ഹിമാലയന്‍ ആചാര്യന്റെ ശിക്ഷണത്തില്‍’ എന്ന പുസ്തകത്തെപ്പറ്റിയുള്ള അവലോകനം വായിക്കാനിടയായത്. അധികം വൈകാതെ ആ പുസ്തകം എന്റെ കയ്യിലെത്തി. അതില്‍ പരാമര്‍ശിച്ചിട്ടുള്ളതില്‍ പലതിനോടും ഒരു പ്രത്യേക പരിചയം തോന്നി. ഞാന്‍ വളര്‍ന്ന തിരുവനന്തപുരത്തെ ഒരു വ്യക്തി, ഞാന്‍ പഠിച്ച മോഡല്‍ സ്കൂളിലെ ഒരു വിദ്യാര്‍ത്ഥി, എനിക്കറിയാവുന്ന ചില കഥാപാത്രങ്ങള്‍, ഞാന്‍ കടന്നുപോയിട്ടുള്ള ചില ജീവിതമുഹൂര്‍ത്തങ്ങള്‍, എന്റേത് മാത്രമെന്ന് ഞാന്‍ കരുതിയിരുന്ന സംശയങ്ങള്‍, ചോദ്യങ്ങള്‍, അവയ്ക്കുള്ള മറുപടികള്‍. അത് എന്റെ പുസ്തകമാണെന്നപോലെ എനിക്ക് തോന്നി. അതെഴുതിയ വ്യക്തി എന്റെ ആരോ ആണെന്നോ അല്ലെങ്കില്‍ ആവണമെന്നോ ഒക്കെ എനിക്ക് തോന്നിപ്പോയി. വായിച്ചതില്‍ പലതും, വായിച്ചതിനെത്തുടര്ന്നുണ്ടായ തോന്നലുകള്‍ പലതും മനസ്സില്‍ മായാതെ കിടക്കുമ്പോഴാണ്, ശ്രീ എം എന്ന വ്യക്തിയെ ഞാന്‍ നേരിട്ടു കാണുന്നത്.
തിരുവനന്തപുരത്തെ ചരിത്രമുറങ്ങുന്ന കോട്ടയ്ക്കകത്തെ തെരുവീഥികളിലൂടെ ഒരു സുഹൃത്തുമൊത്ത് സായാഹ്ന സവാരിയിലേര്പ്പെട്ടിരിക്കവേ, വഴിയരികില്‍ ഒരു പഴയ കൊട്ടാരത്തിന്റെ മുന്നില്‍ ‘ശ്രീ എം സംസാരിക്കുന്നു’ എന്നെഴുതിയ ഫ്ലക്സ് ബോര്‍ഡ് പെട്ടെന്ന് എന്റെ ശ്രദ്ധയില്‍പ്പെട്ടു. കൊട്ടാരവളപ്പിലേക്ക് കടന്നുചെന്ന ഞാന്‍ അദ്ദേഹത്തെ കണ്ടു. ഒരു സാധാരണക്കാരനെപ്പോലെ കുര്‍ത്തയും മുണ്ടും ധരിച്ച് പത്മാസനത്തിലിരുന്ന്, സാധാരണക്കാരന്റെ ശൈലിയില്‍ സംസാരിച്ചുകൊണ്ടിരുന്ന ശ്രീഎം എന്ന മുംതാസ് അലിയെന്ന മൂക്ക് നീണ്ട മഹര്‍ഷിയെ. മനഃപൂര്‍വമാണ് മഹര്‍ഷിയെന്ന് വിശേഷിപ്പിച്ചത്. കാവിയുടുക്കാത്ത, കല്യാണം കഴിച്ച്, കുട്ടികളുള്ള ശ്രീഎം മഹര്‍ഷി തന്നെ.
‘മാര്‍ക്കറ്റിംഗ്’ അറിയാത്ത, അതിന്റെ ആവശ്യമില്ലാത്ത മഹര്‍ഷിയാണ് ശ്രീ എം. തന്റെ മാര്‍ഗം മാത്രമാണ് മഹത്തരമെന്ന അവകാശവാദം അദ്ദേഹത്തിനില്ല, സത്യാന്വേഷിയുടെ മുന്നില്‍ മാര്‍ഗങ്ങള്‍ സഹസ്രങ്ങളുണ്ട്. അവയൊന്നും മറ്റൊന്നിനെക്കാള്‍ മെച്ചമോ മോശമോ എന്ന് അദ്ദേഹം വിധിക്കുന്നില്ല.
‘ക്രിയായോഗ’യാണ് ശ്രീഎമ്മിന്റെ മാര്‍ഗം. പക്ഷെ ആ പാത പിന്തുടരണമെങ്കില്, ക്രിയായോഗവിദ്യ സ്വായത്തമാക്കണമെങ്കില്‍, അത് ആള്‍ക്കൂട്ടങ്ങളില്‍ അസാധ്യമാണെന്ന് അദ്ദേഹം അനുശാസിക്കുന്നു. ഒരവസരത്തില്‍ ഒരാള്‍ക്ക് മാത്രമേ അതുപദേശിക്കാന്‍ തനിക്കാവൂ എന്നും അഭ്യസിക്കുന്നയാള്‍ അതിനര്‍ഹനാണെന്ന് തനിക്ക് ബോധ്യമാവണമെന്നും അദ്ദേഹം പറയുന്നു. മതമോ ജാതിയോ വിദ്യാഭ്യാസയോഗ്യതയോ സാമൂഹ്യ, സാമ്പത്തിക പശ്ചാത്തലമോ ഒന്നും അതിന് മാനദണ്ഡമല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. മാനസികമായൊരു തയ്യാറെടുപ്പ് മാത്രമേ വേണ്ടൂ.
തിരുവനന്തപുരത്തെ വഞ്ചിയൂരില്‍നിന്ന് ഹിമാലയത്തിലെ വ്യാസഗുഹയിലേക്കുള്ള മുംതാസ് അലിയുടെ സത്യാന്വേഷണ പര്യടനത്തിന്റെ കഥയാണ് ‘ഒരു ഹിമാലയന്‍ ആചാര്യന്റെ ശിക്ഷണത്തില്‍’. അദ്ദേഹത്തിന്റെ ആത്മകഥ. മുംതാസ് അലി മഹര്‍ഷിയായി മാറിയ കഥ. അതിനായി അദ്ദേഹം മതം മാറിയില്ല. ആത്മീയത മതത്തിനപ്പുറമൊന്നെന്നതാണ് ശ്രീഎമ്മിന്റെ മതം. ആത്മീയവികാസത്തിന്റെ ചവിട്ടുപടി മാത്രമാണ് മതവിശ്വാസം. ദൈനംദിന ജീവിതത്തിന്റെ നിഷേധമല്ല ആത്മീയത. സത്യം സാക്ഷാത്കരിക്കേണ്ടത് പ്രായോഗിക ജീവിതത്തിലൂടെ തന്നെയാണ്. അതുകൊണ്ടാണത്രെ ഹിമാലയത്തിലെത്തിയ മുംതാസ് അലിയോട്, അനേകവര്‍ഷങ്ങളിലെ അന്വേഷണത്തിനുശേഷം അവിടെ കണ്ടെത്തിയ തന്റെ ഗുരുനാഥന് ജീവിതത്തിലേക്ക് മടങ്ങിപ്പോവാന്‍ ആവശ്യപ്പെട്ടത്. ജീവിത പ്രശ്നങ്ങളറിഞ്ഞവനും അനുഭവിക്കുന്നവനും മാത്രമേ ജീവനകലയുടെ ആചാര്യനാവാനാവൂ. അന്നും ഇന്നും താന്‍ ജീവിതപ്രശ്നങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു. സത്യാന്വേഷണത്തെ കുറിച്ചും അതിനായുള്ള സാധനയെക്കുറിച്ചും സംസാരിക്കുമ്പോഴും താനൊരു സന്ന്യാസിയല്ലെന്ന് ശ്രീഎം ഓര്‍മിപ്പിക്കുന്നു.
എന്തു കാരണത്താലാണോ ഹിമാലയ ദര്‍ശനം ഞാന്‍ നീട്ടിക്കൊണ്ടുപോവാന്‍ നിര്‍ബന്ധിതനാവുന്നത്, അതേ കാരണത്താലാണ് മുംതാസ് അലിയോട് മടങ്ങിപ്പോവാന്‍ മഹേശ്വര്‍നാഥ് ബാബാജി ആവശ്യപ്പെട്ടത്. മൂന്നോ നാലോ വര്‍ഷക്കാലമായി ഹിമാലയസാനുക്കളില്‍ ചുറ്റിത്തിരിഞ്ഞപ്പോഴുണ്ടായ അഭൂതപൂര്‍വമായ അതീന്ദ്രിയാനുഭൂതി മുംതാസ് അലിയെന്ന യുവാവിനെ അവിടെ തന്നെ അന്തിമമായി തങ്ങാന്‍ വല്ലാതെ പ്രേരിപ്പിച്ചു. ആ തീരുമാനം അദ്ദേഹം ഗുരുവിനെ അറിയിക്കുകയും ചെയ്തു. അപ്പോഴാണ് അപ്രതീക്ഷിതവും അസുഖകരവുമായ ഗുരുവിന്റെ ആജ്ഞ. അതനുസരിച്ച് ജീവിതത്തിലേക്ക് മടങ്ങാതിരിക്കാന്‍ മുംതാസ് അലിയ്ക്കായില്ല. അനേകവര്‍ഷം നീണ്ട അന്വേഷണത്തിനുശേഷമാണ് വ്യാസഗുഹയില്‍ തന്റെ ഗുരുവിനെ മുംതാസ് അലി കണ്ടുമുട്ടിയത്. അതേ ഗുരുവിനെ തന്നെയാണ് വര്‍ഷങ്ങള്‍ മുമ്പ് താനൊരു ബാലനായിരിക്കെ വഞ്ചിയൂരിലെ തന്റെ വീടിന്റെ അടുക്കളമുറ്റത്ത് താന്‍ കണ്ടതെന്ന് ശ്രീ എം പറയുന്നു.
ഗുരുവിനെ കണ്ടെത്താനുള്ള ആഗ്രഹം തീവ്രമാണെങ്കില്‍ അദ്ദേഹം ഇന്നല്ലെങ്കില്‍ നാളെ നിങ്ങളെവിടെയാണെങ്കിലും നിങ്ങളുടെ മുന്നില്‍ വന്നെത്തുക തന്നെ ചെയ്യുമെന്ന് ശ്രീ എം സാക്ഷ്യപ്പെടുത്തുന്നു. രോമാഞ്ചജനകമായ അനുഭവങ്ങളാണ് അതിസുന്ദരമായ ആംഗലേയത്തില്‍ അദ്ദേഹം ആത്മകഥയില്‍ രചിച്ചിരിക്കുന്നത്. തപോവന സ്വാമികളുടെ ‘ഹിമിഗിരിവിഹാരം’ പോലെ, യോഗാനന്ദ പരമഹംസരുടെ ‘ഒരു യോഗിയുടെ ആത്മകഥ’ പോലെ അപരോക്ഷാനുഭൂതിദായകമാണ് ശ്രീഎമ്മിന്റെ ‘ഒരു ഹിമാലയന്‍ ആചാര്യന്റെ ശിക്ഷണത്തില്‍’.
ആ ഗ്രന്ഥം ഞാന്‍ വായിച്ചതും ഗ്രന്ഥകര്‍ത്താവിനോട് ആരാധന തോന്നിയതും അദ്ദേഹത്തെ അധികം വൈകാതെ കാണാനും കേള്‍ക്കാനും അവസരമുണ്ടായതുമൊക്കെ ഒരു നിയോഗം. അതിനെക്കാളേറെ എന്നെ അത്ഭുതപ്പെടുത്തിയത് കഴിഞ്ഞയാഴ്ച അപ്രതീക്ഷിതമായി ശ്രീഎം എറണാകുളത്ത് വന്നതും ഏതാണ്ട് ഒന്നര ദിവസം അദ്ദേഹത്തോടൊപ്പം എനിക്ക് ചെലവഴിക്കാനായതുമാണ്. അദ്ദേഹത്തെ ഒരു നോക്ക് കാണാനും അദ്ദേഹത്തിന്റെ ഒരു വാക്കു കേള്‍ക്കാനുമായി എറണാകുളത്തെ ടിഡിഎം ഹാളില്‍ തടിച്ചുകൂടിയവര്‍ക്ക് ശ്രീഎമ്മിനെ പരിചയപ്പെടുത്തുവാനുള്ള നിയോഗവും എനിക്കുണ്ടായി. ഹിമവാനോളം ഔന്നത്യമുള്ള, ഗംഗയോളം ആഴമുള്ള ഒരാചാര്യനെ ആദ്ധ്യാത്മിക സാഗരത്തിന്റെ അപാരതീരങ്ങളില്‍ കൊച്ചു കൊച്ചു കല്ലുകള്‍ പെറുക്കി നടക്കുന്ന ഒരു ശിശു ഒരു പ്രബുദ്ധ സദസിന് പരിചയപ്പെടുത്തുകയെന്നത് അസംബന്ധമാണെന്ന് അറിഞ്ഞുകൊണ്ടു തന്നെ ഞാനദ്ദേഹത്തെ അവതരിപ്പിച്ചു. ‘എനിക്ക് പിന്നാലെ വരുന്ന ആചാര്യന്റെ ചെരുപ്പിന്റെ വാറഴിക്കാന്‍ പോലും ഞാന്‍ അയോഗ്യന്‍’ എന്ന ബൈബിള്‍ വാക്യം ആമുഖമാക്കി, അതും ഒരു ഹിമാലയന്‍ അനുഭവമായിരുന്നു എനിക്ക്.
ഹരി എസ്. കര്‍ത്താ
പ്രതികരിക്കാൻ ഇവിടെ എഴുതുക: