മുല്ലപ്പെരിയാര്‍ ഡാം ഡമോക്ലീസിന്റെ വാളാണ്, അത് നിസ്ത്തര്‍ക്കമാണ്. 2006 മുതല്‍ കരുന്തരുവിയിലെ ചപ്പാത്തില്‍ ഒരു സമരപ്പന്തലും അതില്‍ ജീവനില്‍ കൊതിയുള്ളവരുടെ യഥാര്‍ത്ഥ സമരവും നടന്നുവന്നിരുന്നു. അന്ന് ആ പന്തലും ആ സമരവും ഒരു രാഷ്ട്രീയക്കാര്‍ക്കും വേണ്ടായിരുന്നു. വളരെ അപൂര്‍വമായി മാത്രമേ പാര്‍ട്ടി നേതാക്കളെ ആവഴിക്ക് കണ്ടിരുന്നുള്ളൂ. ഭരണം നഷ്ടപ്പെട്ട പകപ്പില്‍ അഞ്ചുവര്‍ഷക്കാലം ഒന്നും ചെയ്യാതിരുന്ന, ഒരുപക്ഷേ ശാരിയുടെ അച്ഛനെ നിന്ദിക്കുക കൂടിച്ചെയ്ത അച്യുതാനന്ദന്, കിളിരൂര്‍ കേസ് പുനരന്വേഷിക്കണമെന്ന പരിഹാസ്യമായ ആവശ്യം ഉയര്‍ത്തുന്നതിനിടയിലാണ് ഇടുക്കി ഒന്നുരണ്ടുവട്ടം കുലുങ്ങിയത്. കുലുങ്ങേണ്ട താമസം ഇരയെ കണ്ടെത്തിയ ആവേശത്തോടെ ബിജി മോള് എംഎല്‍എ അതില്ക്കയറിപ്പിടിച്ച് പായും കിടക്കയുമെടുത്ത് ജനങ്ങളെ രക്ഷിക്കാന്‍ ചപ്പാത്തിലെ സമരപ്പന്തലിലേക്കിടിച്ചുകയറി.
പകച്ചുപോയ യുഡിഎഫ് ക്യാമ്പ് റോഷി ആഗസ്റ്റിനിലൂടെ തിരിച്ചടിച്ചു. ഇപ്പോള്‍ നാടൊട്ടുക്കും മത്സിച്ചുള്ള കൂട്ടവെടിയായി. ചപ്പാത്തിലെ സമരപ്പന്തലില്‍ കേരളം മാറിമാറി ഭരിച്ച നിഷ്ക്രിയ രാഷ്ട്രീയക്കാരുടെ ജനങ്ങളെ വിഡ്ഡികളാക്കുന്ന മത്സരവും മുദ്രാവാക്യവുമാണ് നടന്നുവരുന്നത്. വിഡ്ഡികളെ ‘പമ്പരവിഡ്ഡിക’ളാക്കുന്നതെങ്ങിനെ എന്നതിന് ഉദാഹരണമാണ് അച്യുതാനന്ദന്റെ ‘പാര്‍ട്ടി’ ഡാം പണിയും എന്ന പ്രസ്താവന. വല്യ പോളിറ്റ് ബ്യൂറോയുള്ള ഈ പാര്‍ട്ടിയുടെ തമിഴ്നാട് ഘടകത്തിന്റെ നിലപാടു മാത്രം മതി നാടകത്തിന്റെ പൊള്ളത്തരം തിരിച്ചറിയാന്‍! ദുര്‍ബ്ബല ഭൂരിപക്ഷത്തോടെയുള്ള ഭരണത്തിന് രാഷ്ട്രീയ സമ്മര്‍ദ്ദം സൃഷ്ടിക്കാനും ആ സമ്മര്‍ദ്ദത്തെ ചെറുത്തുതോല്‍പ്പിക്കാനുമുള്ള കായിക പ്രകടനങ്ങളാണ് മുല്ലപ്പെരിയാറിന്റെ പേരില്‍ എല്‍ഡിഎഫും യുഡിഎഫും കേരളത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ജനകീയ താല്പര്യമല്ല, ജനങ്ങളുടെ ‘വോട്ടാ’ണ് ഇവരുടെ അജണ്ട. ഒട്ടകം അറബിയെ വഴിയാധാരമാക്കിയതുപോലെ ഇവര്‍ കേരളത്തിലെ ജനങ്ങളെ വഴിയാധാരമാക്കാതിരിക്കട്ടെ.
ഹിന്ദുത്വത്തെ തകര്‍ക്കാനുള്ള നിഗൂഢശ്രമങ്ങള്‍ പലപേരില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. പുല്ലുമേട് അപകടത്തിന്റെ പേരിലും പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പേരിലും ഹൈന്ദവ വിശ്വാസങ്ങള്‍ക്കും താല്പര്യങ്ങള്ക്കുമെതിരെ ഉറഞ്ഞാടിയ കത്തിവേഷങ്ങളെ മറക്കാറായിട്ടില്ല. മുല്ലപ്പെരിയാര്‍ എന്ന ദുരന്തഭീഷണിക്ക് രാഷ്ട്രീയവും നിയമപരവുമായ പരിഹാരം തേടുന്നതിന് പകരം, അതിന് ബാധ്യതപ്പെട്ടവര്‍ തന്നെ അതിനെ വലിയൊരു വികാരമായി തെരുവിലേക്ക് വലിച്ചിഴക്കുന്നത്, അന്യസംസ്ഥാന ഭക്തര്‍ക്കിടയില്‍ അരാജകത്വഭീതി പടര്‍ത്തി ശബരിമല തീര്‍ത്ഥാടനത്തെ മുള്‍മുനയില്‍ നിര്‍ത്തി അട്ടമറിക്കാനുള്ള ഒരവസരമായി ‘വിരുദ്ധശക്തികള്‍’ ഉപയോഗിച്ചുകൂടായ്കയില്ല. വഴിതടയലുകളും മറ്റും ആശാസ്യമായ സൂചനകളല്ല തരുന്നത്. ഇടത്തും വലത്തും ഹിന്ദുവിരുദ്ധരായതുകൊണ്ട് ഹൈന്ദവ സംഘടനകള്‍ ഇക്കാര്യത്തില്‍ ജാഗ്രതപുലര്‍ത്തേണ്ടതുണ്ട്.
വാസുദേവന്‍പോറ്റി വീട്ടൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: