പൊതുമുതല്‍ നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക കോടതി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് സര്‍ക്കാരിന് കത്തയച്ചത് സ്വാഗതാര്‍ഹമാണ്.
കേരളം എന്നും ഹര്‍ത്താലിന്റെയും ബന്ദിന്റെയും സമരങ്ങളുടെയും വേദിയാണ്. സമരത്തിന്റെ ആവേശത്തില്‍ അണികള്‍ തല്ലിത്തകര്‍ക്കുന്ന സര്‍ക്കാര്‍ വാഹനങ്ങളും സ്ഥാപനങ്ങളും ജനങ്ങള്‍ കൊടുക്കുന്ന നികുതികൊണ്ട് നിര്‍മിക്കുന്നവയാണ്.
ഹര്‍ത്താലിന്റെയോ ബന്ദിന്റെയോ പേരില്‍ പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്കും അത്തരം സമരങ്ങള്‍ക്ക് ആഹ്വാനം നല്കുന്നവര്ക്കും എതിരെ കര്‍ശന നടപടി എടുക്കണമെന്നും പൊതുമുതലിന് സമാനമായ തുകയോ അതിലിരട്ടിയോ ഈടാക്കുന്ന വിധത്തില്‍ പൊതുമുതല്‍ നശീകരണ തടയല്‍ നിയമം ഭേദഗതി ചെയ്യണമെന്നും ഡിജിപി ആവശ്യപ്പെടുന്നു. ഹര്‍ത്താല്‍-സമരങ്ങള്‍ക്ക് ആഹ്വാനം നല്കുന്നവരെയും പ്രതിസ്ഥാനത്ത് നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നത് പ്രേരണാക്കുറ്റത്തിന്റെ പേരിലാണ്. പൊതുമുതല്‍ തടയല്‍ നേതാക്കളെ പ്രതിചേര്‍ക്കുന്ന കാര്യംകൂടി ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ ഹൈക്കോടതി പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്ക് ജാമ്യം അനുവദിക്കുമ്പോള്‍ നഷ്ടത്തിന്റെ വ്യാപ്തിക്കനുസരിച്ച തുക ഈടാക്കണമെന്നും ഉത്തരവിട്ടിരുന്നു.
ഈ നിയമഭേദഗതി ആവശ്യംതന്നെയാണ്. സാധാരണ ബന്ദ് ഹര്‍ത്താലുകളില്‍ മാത്രമല്ല ഒരു പ്രതിഷേധജാഥയില്‍ പങ്കെടുക്കുന്നവര്‍പോലും പോലീസിനെ കല്ലെറിയുന്നതും പൊതുമുതല്‍ നശിപ്പിക്കുന്നതും സമരത്തിന്റെ ഭാഗമായിട്ടായാണ് കരുതുന്നത്. ഈ പ്രവണതക്ക് തടയിടണമെങ്കില്‍ പൊതുമുതല്‍ നശീകരണം തടയല്‍ ബില്‍ ഭേദഗതി ചെയ്ത് കുറ്റവാളികളില്‍ ബാധ്യസ്ഥത ചുമത്തണം. സര്‍ക്കാര്‍ മുതല്‍ പൊതുമുതലാണ്. അനേകം മേഖലകള്‍ സര്‍ക്കാര്‍ സഹായത്തിന് കൈനീട്ടി നില്ക്കുമ്പോള് അതിന് ഉപയോഗിക്കേണ്ട ഫണ്ടുകള്‍പോലും മനഃപൂര്‍വം നശിപ്പിക്കപ്പെടുന്ന പൊതുമുതല്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ ഉപയോഗിക്കേണ്ടിവരുന്ന പശ്ചാത്തലത്തിലാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: