ന്യൂദല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാന്‍ പദ്ധതിയിട്ട പാക് ചാരവനിതയും സഹായിയും പോലീസ് പിടിയിലായി. രാജ്യത്തിന്റെ പലഭാഗത്തും ആക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായും അറിയുന്നു. കറാച്ചി സ്വദേശികളായ സോഫിയ കന്‍വാല്‍, ഇമ്രാന്‍ എന്നിവരാണ് പിടിയിലായത്.
ബോംബ് സ്ഫോടനങ്ങള്‍ നടത്തുന്നതിന് ഇവര്‍ക്ക് വിദഗ്ധ പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് ഇവരെ ചോദ്യം ചെയ്ത സ്പെഷ്യല്‍ സെല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അഹമ്മദാബാദിലെ അക്ഷര്‍ധാം ക്ഷേത്രവും ആഗ്ര, ദല്‍ഹി എന്നിവിടങ്ങളിലെ തന്ത്രപ്രധാന പ്രദേശങ്ങളും ഭീകരര്‍ ലക്ഷ്യം വച്ചിരുന്നതായി പോലീസ് അറിയിച്ചു.
മോഡിയെ വധിക്കുന്നതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പിടിയിലായവര്‍ വെളിപ്പെടുത്തിയട്ടില്ല. ഇവര്‍ക്ക് ….നല്‍കിയതാരാണെന്ന് അന്വേഷിക്കും. ഗുജറാത്ത് മുഖ്യമന്ത്രിയ്‌ക്കെതിരെ ഭീകരര്‍ പദ്ധതി ആസൂത്രണം ചെയ്യുന്നുണ്ടെന്ന് ഗുജറാത്ത് പോലീസിന് ദല്‍ഹി പോലീസ് മുന്നറിയിപ്പ് നല്‍കും.
വിവിധ ഭീകരസംഘടനകള്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകളെക്കുറിച്ചെല്ലാം സോഫിയയ്‌ക്കും ഇമ്രാനും നല്ല അവഗാഹമുണ്ടെന്ന ഞെട്ടിക്കുന്ന വിവരമാണ് പോലീസിന് ചോദ്യംചെയ്യലില്‍ മനസ്സിലായത്. ഇന്ത്യന്‍ മുജാഹിദ്ദീന്റെ പ്രവര്‍ത്തന രീതി എത്തരത്തിലുള്ളതാണെന്ന് സംബന്ധിച്ച് പുതിയ വിവരങ്ങളാണ് പോലീസിന് ലഭിച്ചത്. ഇന്ത്യന്‍ മുജാഹിദ്ദീന്‍ തലവന്‍ സിദ്ധിബപ്പ(ഷാരൂഖ്) പ്രവര്‍ത്തകര്‍ ഒരോരുത്തര്‍ക്കും പരസ്പരം വിളിക്കുന്നതിന് വ്യത്യസ്ത സിംകാര്‍ഡുകള്‍ ഉപയോഗിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വിവിധ മൊബെയില്‍ സേവനദാതാക്കളുടെയും വിവിധ സംസ്ഥാനങ്ങളില്‍ ഉപയോഗിക്കുന്നതുമായ 30 സിംകാര്‍ഡുകളാണ് പിടിയിലായവരില്‍ നിന്നും പിടിച്ചെടുത്തത്. ഓരോ രണ്ടാഴ്ച കൂടുമ്പോഴും ഇവര്‍ നമ്പര്‍ മാറുമെന്നും പോലീസ് പറഞ്ഞു. ഷാരുഖ് ഓരോ അംഗത്തിനും വ്യത്യസ്ത നമ്പരുകളാണ് തന്നെ ബന്ധപ്പെടുന്നതിന് നല്‍കിയിരിക്കുന്നത്. ഇവരില്‍ നിന്നും പിടികൂടിയ സിം കാര്‍ഡ് ഉപയോഗിച്ച് ഇവര്‍ ഏതൊക്കെ സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തിയെന്ന് മനസ്സിലാക്കാന്‍ സാധിക്കുമെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: