നെടുമ്പാശ്ശേരി: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം നിര്‍മാണത്തിനുള്ള കണ്‍സള്‍ട്ടന്‍സിയായി സിയാലിനെ നിയമിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന കണ്ണൂര്‍ വിമാനത്താവള കമ്പനി ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് സിയാലിന്റെ ടെക്നിക്കല്‍ കണ്‍സള്‍ട്ടന്‍സി ചുമതല കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിക്ക് നല്‍കിയത്.
നിലവില്‍ വിമാനത്താവളത്തിനായി തയ്യാറാക്കിയ റിപ്പോര്‍ട്ട് വിശദമായ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ പരിഷ്ക്കരിക്കുന്നതിനാണ് സിയാലിനെ ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇതനുസരിച്ച് വിശദമായ സാങ്കേതിക പഠന റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി സിയാല്‍ എഞ്ചിനീയറിംഗ് സര്‍വീസസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എ.എം.ബഷീറിന്റെ നേതൃത്വത്തിലുള്ള പത്തംഗ സാങ്കേതിക വിദഗ്ധ സംഘം കണ്ണൂരിലെത്തി. പുതുതായി തയ്യാറാക്കുന്ന സാങ്കേതിക പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എയര്‍പോര്‍ട്ട് നിര്‍മാണത്തിനുള്ള കരാര്‍ ആറ് മാസത്തിനുള്ളില്‍ ക്ഷണിക്കും.
വിമാനത്താവളത്തിനായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍, ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി, കേന്ദ്ര പരിസ്ഥിതി പ്രതിരോധ മന്ത്രാലയം, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവയുടെ നിയമപരമായ അനുമതിയും അംഗീകാരവും വാങ്ങേണ്ടതിന്റെ ഉത്തരവാദിത്തം സിയാലിനാണ്. കൂടാതെ ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്ഗനൈസേഷന് അംഗീകാരവും നേടേണ്ടതുണ്ട്.
വ്യോമ ഗതാഗത സാധ്യതകളും, ചരക്ക് നീക്കവും, വിനോദസഞ്ചാര സാധ്യതകളും, വാണിജ്യാടിസ്ഥാനത്തിലുള്ള ഭൂവിനിയോഗ സാധ്യതകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവള കെട്ടിടത്തിന്റെയും അനുബന്ധ കെട്ടിടങ്ങളുടെയും രൂപകല്‍പ്പന, വൈദ്യുതി, വെള്ളം, വെളിച്ചം, ഫയര്‍, സുരക്ഷ, സെക്യൂരിറ്റി മുതലായ സുപ്രധാന ഘടകങ്ങളുടെ ഫലപ്രദമായ വിനിയോഗമുള്പ്പെടെയുള്ള വിശദമായ ഭൂവിനിയോഗ മാസ്റ്റര്‍പ്ലാന്‍ സിയാല്‍ തയ്യാറാക്കും. വിമാനത്താവള നിര്‍മാണത്തിനുള്ള കരാര്‍ വ്യവസ്ഥ തയ്യാറാക്കല്‍, ടെണ്ടര്‍ ക്ഷണിക്കല്‍, കരാറുകാരെ നിശ്ചയിക്കല്‍ തുടങ്ങി വിമാനത്താവള നിര്‍മാണത്തിന്റെ മുഴുവന്‍ മേല്‍നോട്ടവും സിയാല്‍ നിര്‍വഹിക്കുകയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: