തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ മകന് വി.എ.അരുണ്‍കുമാറിന്റെ പിഎച്ച്ഡി റജിസ്ട്രേഷന് റദ്ദാക്കി. കേരള സര്‍വകലാശാല സിന്‍ഡിക്കറ്റാണ് റജിസ്ട്രേഷന് റദ്ദാക്കിയത്. തീരുമാനത്തെ ഇടതുപക്ഷ അംഗങ്ങള്‍ എതിര്‍ത്തില്ല. സിന്‍ഡിക്കറ്റ് ഉപസമിതിയുടെ ശുപാര്ശയിന്മേലാണ് നടപടി.
യോഗ്യതാ മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമായാണ് അരുണ്‍കുമാര്‍ പിഎച്ച്ഡി റജിസ്ട്രേഷന് നേടിയതെന്ന് കണ്ടെത്തിയതായി ഉപസമിതിയുടെ ശുപാര്‍ശയില്‍ പറയുന്നു. ബയോ ഇന്‍ഫോമാറ്റിക്സ് (ജൈവ വിവര സാങ്കേതികവിദ്യ) വിഷയത്തിലാണ് അരുണ്‍കുമാര്‍ ഗവേഷണത്തിനു റജിസ്റ്റര്‍ ചെയ്തത്. ഏഴു വര്‍ഷത്തെ അധ്യാപന പരിചയമാണ് പ്രധാന യോഗ്യത. എന്നാല്‍ അരുണ്‍കുമാറിന് ഒരു വര്‍ഷത്തെ പോലും അധ്യാപന പരിചയമില്ലെന്ന് ഉപസമിതി കണ്ടെത്തി.
അരുണ്‍കുമാറിന്റെ പിഎച്ച്ഡി റജിസ്ട്രേഷന് നേരത്തെ കേരള സര്‍വകലാശാല അസാധുവാക്കിയിരുന്നു. എന്നാല്‍ ഇതു ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. ഇക്കാര്യത്തില്‍ സര്‍വകലാശാല അന്തിമ തീരുമാനമെടുക്കും മുന്‍പ് അരുണ്‍കുമാറിനു വിശദീകരണം നല്കാന് മതിയായ അവസരം കൊടുത്തിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി നടപടി. വീണ്ടും ഇക്കാര്യം പരിഗണിക്കാന്‍ ഹൈക്കോടതി സര്‍വകലാശാലയോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് സിന്‍ഡിക്കറ്റ് ഉപസമിതിയെ നിയോഗിച്ചത്.
ഐഎച്ച്ആര്‍ഡിയില്‍ നടന്ന ക്രമക്കേടുകളുടെ വെളിച്ചത്തില്‍ അഡീഷണല്‍ ഡയറക്ടറായ വി.എ. അരുണ്‍കുമാറിനെ സസ്പെന്‍ഡ് ചെയ്യണമെന്ന് നേരത്തെ ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയ സമിതി ശുപാര്‍ശ ചെയ്തിരുന്നു. അരുണ്‍കുമാറിനെതിരെ കോടതിയില്‍ കേസ് ഉള്ളതിനാല്‍ സസ്പെന്ഷന് സര്‍ക്കാര്‍ പ്രഖ്യാപിച്ചില്ല. ധനകാര്യ പരിശോധനാ വിഭാഗത്തിന്റെയും അക്കൗണ്ടന്റ് ജനറലിന്റെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്റ് ചെയ്യാന്‍ ശുപാര്‍ശ ചെയ്തത്. ഐഎച്ച്ആര്‍ഡിയുടെ ഗവേണിംഗ് ബോഡിയെ നോക്കുകുത്തിയാക്കി എല്ലാ തീരുമാനങ്ങളും ചെയര്‍മാനായ മുന്‍ വിദ്യാഭ്യാസ മന്ത്രി എം.എ. ബേബിയുടെ അംഗീകാരത്തോടെ നടപ്പാക്കിയെന്നാണ് ആരോപണം.
റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ സെക്രട്ടറിയാണ് അരുണ്‍കുമാറിനെ സസ്പെന്‍ഡ് ചെയ്യാനുള്ള ശുപാര്‍ശ നല്‍കിയത്. ഇത് വിദ്യാഭ്യാസ മന്ത്രി അംഗീകരിച്ച് മുഖ്യമന്ത്രിക്ക് നല്കി.
അരുണ്‍കുമാറിനെ മോഡല്‍ ഫിനിഷിങ് സ്കൂളിന്റെ ഡയറക്ടറായി നിയമിച്ചത് ഐഎച്ച്ആര്‍ഡി ഭരണസമിതി അംഗീകരിച്ചിരുന്നില്ല. നാല് വര്‍ഷമായി ഭരണസമിതി യോഗം പോലും ചേര്‍ന്നിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല ഡയറക്ടറുടെ യോഗ്യത ഇതുവരെ നിശ്ചയിച്ചിട്ടുമില്ല..എന്‍ജിനീയറിംഗ് കോളേജുകളില്‍ നിന്നടക്കമുള്ള കുട്ടികളെ പരീശീലിപ്പിക്കുന്ന ഫിനിഷിങ് സ്കൂളിന്റെ ഡയറക്ടറാകാന്‍ അരുണ്‍കുമാറിന് യോഗ്യതയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രിന്‍സിപ്പല്‍ ആകാന്‍വേണ്ട ഏഴ് വര്‍ഷത്തെ അധ്യാപന പരിചയം വേണം, ഇതും അരുണിനില്ല. എന്നിട്ടും സ്ഥാനക്കയറ്റം നല്കി. തുടര്‍ന്ന് ജോയിന്റ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍ എന്നീ സ്ഥാനങ്ങളിലേക്കും സ്ഥാനക്കയറ്റം നല്കി. അഡീഷണല്‍ ഡയറക്ടര്‍ തസ്തിക സൃഷ്ടിച്ചതിന് സര്‍ക്കാരിന്റെ അനുവാദവും വാങ്ങിയിട്ടില്ല.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: