കേകേരളം എങ്ങോട്ട് എന്ന ന്യായമായ ചോദ്യം ഉയരുന്ന സമയമാണിത്. വേരുകള്‍ നഷ്ടപ്പെട്ട്, സംസ്ക്കാരം കൈമോശം വന്ന്, സ്വാശ്രയത്വം ബലികഴിച്ച് ഭീഷണികളെ ചെറുക്കാനാവാത്ത സമൂഹവും ഇഛാശക്തിയോ ലക്ഷ്യബോധമോ ഇല്ലാത്ത സര്‍ക്കാരും. കേരളം ഇനി എങ്ങോട്ട്?
മുല്ലപ്പെരിയാര്‍ സമരം കൂടുതല്‍ കൂടുതല്‍ രൂക്ഷമാകുമ്പോള്‍ തമിഴ്നാട്ടിലെ കോണ്‍ഗ്രസുകാര്‍ ആവശ്യപ്പെടുന്നത് ഇടുക്കി ജില്ല തമിഴ്നാടിന്റെ ഭാഗമാക്കണമെന്നാണ്. അഭിപ്രായസര്‍വേ എടുത്താല്‍ ഈ ആവശ്യം ന്യായമാണെന്ന് തെളിയുമെന്നും അവര്‍ വാദിക്കുന്നു. ശരിയായിരിക്കാം. അരിക്ക് തമിഴ്നാട്ടില്‍ കിലോയ്ക്ക് രണ്ട് രൂപയാക്കിയപ്പോള്‍, എല്ലാവര്ക്കും ടിവി നല്കിയപ്പോള്, അതിര്‍ത്തിപ്രദേശത്തെ തമിഴര്‍ ആഗ്രഹിച്ചതും അതായിരുന്നു.
തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പിന്റെ ചൂട് തോട്ടം മേഖലയിലും അനുഭവപ്പെട്ടിരുന്നു. കോട്ടയം, എറണാകുളം ജില്ലയുടെ ഭാഗങ്ങള്‍ ഇടുക്കിയോട് ചേര്‍ത്താണ് ഇടുക്കി ജില്ല രൂപീകൃതമായതെന്നിരിക്കെ കേരളത്തിന്റെ ഭൂമിശാസ്ത്രത്തെക്കുറിച്ച് എബിസി അറിയാതെയാണ് തമിഴ്നാട് വാദിക്കുന്നതെന്ന് റവന്യൂമന്ത്രി തിരുവഞ്ചൂര്‍ പരിഹസിക്കുമ്പോഴും എല്ലാ കാര്യത്തിലും തമിഴ്നാടിനോട് തോല്‍ക്കുന്ന മലയാളിയുടെ ചരിത്രം അറിയുന്നതിനാലാകാം ഇപ്പോള്‍ തമിഴ്നാട് ഈ ആവശ്യം ഉയര്‍ത്തുന്നത്. പരശുരാമന് മഴു എറിഞ്ഞ് ഗോകര്‍ണം മുതല്‍ കന്യാകുമാരിവരെ കടലില്‍നിന്ന് ഉയര്‍ത്തിയതാണ് കേരളമെന്ന് പറയുമ്പോഴും കേരളത്തിന് ഇന്ന് കന്യാകുമാരിയും ഇല്ല, ഗോകര്ണവും ഇല്ല എന്നതാണ് വസ്തുത. കേരളം ഭാഷാടിസ്ഥാനത്തില്‍ രൂപീകൃതമായപ്പോഴും തമിഴ്നാടിനോട് അടിയറവ് പറഞ്ഞവരാണ് നമ്മള്.
മുല്ലപ്പെരിയാര്‍ സമരത്തിന്റെ ഭാഗമായി തമിഴ്നാട് വാഹനഗതാഗതം തടഞ്ഞപ്പോള്‍ കേരളത്തിന് പച്ചക്കറിയും പഴങ്ങളും പാലും മുട്ടയും ഒന്നും കിട്ടാതെയായി. തമിഴന്മാര് അടങ്ങുന്ന ശബരിമല തീര്‍ത്ഥാടകര്‍ക്ക് അന്നദാനംപോലും മുടങ്ങി. കേരളത്തില്‍ പച്ചക്കറിക്ക് തീവിലയായിക്കഴിഞ്ഞു. കാര്‍ഷിക സംസ്ക്കാരം കൈവിട്ട മലയാളി ആഗ്രഹിച്ചത് കാര്ഷികവൃത്തിയായിരുന്നില്ല, വെള്ളക്കോളര്‍ ജോലിയായിരുന്നു. ഗ്രാമത്തിന്റെ വിശുദ്ധിയല്ല നഗരത്തിന്റെ മലിനവായുവാണ് മലയാളിയ്ക്ക് വേണ്ടത്. മലയാളി അര്‍ഹിക്കുന്നതാണ് ലഭിക്കുന്നത് എന്നര്‍ത്ഥം. ഇവിടെ വികസിക്കുന്നത് കാര്ഷികോല്പ്പാദനമല്ല, ബഹുനില ഫ്ലാറ്റുകളും മാളുകളുമാണ്. എല്ലാം വയല്‍ നികത്തി ഉയരുന്നവ.
ഇന്ന് വികസനത്തിന്റെ പേരില്‍ ഗ്രാമങ്ങള്‍ അന്യമാകുകയും നഗരവല്‍ക്കരണം ദ്രുതഗതിയിലാകുകയും ചെയ്യുമ്പോള്‍ കര്‍ഷകര്‍ക്ക് കൃഷി ചെയ്യാന്‍ ഭൂമി ഇല്ല. കൃഷി ചെയ്യുന്നവര്‍ക്ക് കൃഷിപ്പണിയ്ക്ക് ആളെ കിട്ടാനില്ല. കേരത്തിന്റെ നാടായ കേരളത്തില്‍ തെങ്ങിന് രോഗം ബാധിച്ച് ഉല്‍പ്പാദനം കുറയുക മാത്രമല്ല, തെങ്ങ് കയറാന്‍ തൊഴിലാളികളെ ലഭിക്കാതെയുമായപ്പോള്‍ കേരളം കരിക്കിന് ആശ്രയിക്കുന്നതും തമിഴ്നാടിനെയാണ്. കൈ നനയാതെ മീന്‍ പിടിക്കാനാണ് ഇന്നത്തെ അഭ്യസ്തവിദ്യരായ ടെക്നോക്രാറ്റ് മലയാളികള്‍ ആഗ്രഹിക്കുന്നത്.
പ്രത്യക്ഷ വിദേശനിക്ഷേപം (എഫ്ഡിഐ) വിവാദം കൊഴുത്തപ്പോള്‍ അത് റീട്ടെയില്‍ കച്ചവടക്കാരെ ബാധിക്കുമെന്നും ചില്ലറ കച്ചവട വിപണിയെ നശിപ്പിക്കുമെന്നും 400 ബില്യണ്‍ വരുന്ന റീട്ടെയില്‍ മേഖല ഇല്ലാതാകുമെന്നും നമ്മള് പറഞ്ഞു. ശരിയാണ്.
പണ്ട് ഗ്രാമങ്ങളില്‍ പലചരക്ക് വാങ്ങുന്നത് അടുത്തുള്ള ചില്ലറ കച്ചവടക്കാരില്നിന്നായിരുന്നു. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, നാളികേരവും മറ്റും കൊടുത്തുപോലും പലചരക്ക് വാങ്ങുമായിരുന്നു. എല്ലാവര്ക്കും എല്ലാവരേയും അറിയുന്ന സമൂഹത്തില്‍ കടം പറഞ്ഞ് മാസാവസാനത്തിലും മറ്റും കടം തീര്‍ക്കുന്ന വ്യവസ്ഥയും ഉണ്ടായിരുന്നു. അന്ന് തെങ്ങ് കയറാനും തെങ്ങ് ഒരുക്കാനും തെങ്ങിന് തടമെടുക്കാനും എല്ലാം അതാതുകാലത്ത് തൊഴിലാളികളുണ്ടായിരുന്നു. തേങ്ങ മൂക്കുമ്പോള്‍ ഇട്ട് പൊതിച്ച് ചന്തയില്‍ കൊണ്ടുപോയി വില്‍ക്കുമായിരുന്നു. ചന്തയില്‍നിന്നും ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങുകയും ചെയ്തിരുന്നു. ഇന്ന് എന്റെ നാടായ പെരുമ്പാവൂരില്‍ ചന്ത ഉണ്ടെങ്കിലും സാധനങ്ങള്‍ വില്‍ക്കാനോ വാങ്ങാനോ എത്തുന്നവര്‍ കുറയും. കാരണം വില്ക്കാന് സാധനങ്ങള്‍ ഇല്ല. വാങ്ങാന്‍ മാത്രമാണ് ഉപഭോഗ സംസ്ക്കാരം മലയാളിയെ സജ്ജരാക്കുന്നത്.
സ്വയം പര്യാപ്തത നഷ്ടപ്പെടുത്തിയ വികസനമാണ് കേരളത്തിലുണ്ടായത്. ഇപ്പോള്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാടിന് നഷ്ടപ്പെടാന്‍ ഒന്നുമില്ല. നഷ്ടം മുഴുവന്‍ കേരളത്തിനാണ്. കേരളത്തിലെ വെള്ളം ഉപയോഗിച്ചുണ്ടാക്കുന്ന പച്ചക്കറികളുടെ മാര്‍ക്കറ്റും കേരളം തന്നെയായതിനാല്‍ തുടര്‍ച്ചയായ ഉപരോധം കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ നാശത്തിന് ഇടയാക്കിയേക്കാം എന്നുമാത്രം.
കേരള കര്ഷകന് നെല്ലുല്‍പ്പാദന രംഗത്തുനിന്നും പിന്‍വാങ്ങി നാണ്യവിളകള്‍ കൃഷി ചെയ്തതും കേടായ തെങ്ങുകള്‍ വെട്ടി റബറിലേക്ക് തിരിഞ്ഞതും നാണ്യവിളകള്‍ കൂടുതല്‍ വില നേടിത്തരുമെന്ന പ്രതീക്ഷയിലാണ്. പക്ഷേ കേരളത്തിന്റെ പെരുമ കൊട്ടിഘോഷിച്ചിരുന്ന കുരുമുളക് ചെടിയ്ക്ക് ദ്രുതവാട്ടം ബാധിച്ചതും കുരുമുളക് മാര്‍ക്കറ്റിലെ വിലയുടെ കയറ്റിറക്കവുമെല്ലാം കര്ഷകന് തിരിച്ചടിയായി. നാണ്യവിളകളുടെ വിലസ്ഥിരതയില്ലായ്മയും കാര്‍ഷിക കടം വര്‍ധിപ്പിച്ചു.
പണ്ട് വയനാട്ടിലേക്കും ഇടുക്കിയിലേക്കുമെല്ലാം കുടിയേറ്റ കര്‍ഷകര്‍ പോയത് ഉല്‍പ്പാദനം വര്‍ധിപ്പിക്കാനായിരുന്നു. പ്രതികൂല സാഹചര്യങ്ങളെ വെല്ലുവിളിച്ചാണ് അവര്‍ മലയോര മേഖലയില്‍ കൃഷി ചെയ്തത്. ഇന്ന് ഏറ്റവുമധികം ആത്മഹത്യകള്‍ നടക്കുന്നതും വയനാട് മേഖലയിലാണ്. ഇന്ന് അവിടെ ഭൂമിയില്ലാത്ത കര്‍ഷകര്‍ കര്‍ണാടകയിലേക്കും കുടകിലേക്കും പോയി ഭൂമി പാട്ടത്തിനെടുത്ത് ഇഞ്ചിയും വാഴയും കൃഷി ചെയ്ത് നഷ്ടം സംഭവിക്കുമ്പോള്‍ ആത്മഹത്യ ചെയ്യുന്നു.
കാര്‍ഷിക വായ്പയും കടാശ്വാസവുമെല്ലാം കര്ഷകന് കെണിയൊരുക്കുകയായിരുന്നു. 6885 കോടി രൂപ കര്‍ഷക വായ്പയായി നല്‍കിയതില്‍ 6505 കോടിയും സ്വര്ണവായ്പയായിരുന്നുവെന്ന് നബാര്‍ഡ് പറയുന്നു. കാര്ഷികവൃത്തിയ്ക്കല്ല, വാഹനം, വീട്, കച്ചവടം മുതലായവയ്ക്കാണ് വായ്പകള്‍ നല്‍കിയത്. കടം എഴുതിത്തള്ളിയപ്പോഴും യഥാര്‍ത്ഥ കര്‍ഷകന്റെ കടമല്ല എഴുതിത്തള്ളപ്പെട്ടത്. പല സര്‍വേകളിലും കര്‍ഷകര്‍തന്നെ സമ്മതിക്കുന്ന മറ്റൊരു കാര്യം കാര്‍ഷിക ആത്മഹത്യയ്ക്കുശേഷം കുടുംബത്തിന് പ്രഖ്യാപിക്കുന്ന സഹായധനവും ആത്മഹത്യയ്ക്ക് പ്രചോദനമാകുന്നുവെന്നാണത്രെ.
എഫ്ഡിഐ വിവാദത്തില്‍ ഉയര്‍ന്നുവന്ന ഒരുകാര്യം വിദേശനിക്ഷേപം വന്നാല്‍ അത് കര്‍ഷകരെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു. അമ്പത്തിയഞ്ച് ദശലക്ഷം വരുന്ന ചെറുകിട കര്‍ഷകര്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് ചന്തകളിലും മറ്റുമാണ് വാള്‍മാര്‍ട്ട് ഭീമന്മാര് രംഗത്തെത്തുമ്പോള്‍ ചില്ലറ വ്യാപാരികള്‍ അപ്രത്യക്ഷരായാല്‍ അത് ബാധിക്കുക ചെറുകിട കര്‍ഷകരെ അല്ലേ എന്നായിരുന്നു. കേരളത്തെ സംബന്ധിച്ചിടത്തോളം ഇതിന് എത്രമാത്രം പ്രസക്തിയുണ്ടോ എന്തോ.
കാര്‍ഷികോല്‍പ്പാദനം ഏറ്റവും കുറയുന്ന സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞു. ഇന്ന് മലയാളി തമിഴ്നാടിനെ ആശ്രയിക്കുന്നത് ഭക്ഷ്യോല്‍പ്പന്നങ്ങള്‍ക്ക് മാത്രമല്ല. അഭ്യസ്തവിദ്യനായ മലയാളി ജോലി തേടുന്നതും തമിഴ്നാട് പോലുള്ള മറുനാട്ടിലാണ്. കേരളത്തില്‍ തമിഴ് തൊഴിലാളികള്‍ കെട്ടിടനിര്മാണരംഗവും മറ്റും കീഴടക്കുമ്പോള്‍ തമിഴ്നാട്ടിലെ മലയാളി സാന്നിധ്യം ഉന്നത തൊഴില്‍മേഖലകളിലാണ്. വികാരജീവിയായ തമിഴര്‍ വൈരാഗ്യം തീര്‍ക്കുക അവിടുത്തെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന, പ്രൊഫഷണല്‍ കോളേജുകളില്‍ പഠിക്കുന്ന മലയാളികളോടാകാം.
മുല്ലപ്പെരിയാര്‍ പ്രശ്നം എല്ലാംകൊണ്ടും സങ്കീര്‍ണമാണ്. ഇതില്‍ മേധാപട്കര്‍ പറഞ്ഞ ഒരുകാര്യം ശ്രദ്ധേയമാണ്. മുല്ലപ്പെരിയാര്‍ സമരത്തില്‍ കേരളത്തില്‍നിന്നും കൂടുതല്‍ സ്ത്രീകള്‍ രംഗത്തിറങ്ങേണ്ടതുണ്ട്. സെയിലന്റ്വാലി സമരത്തിന് നായകത്വം നല്കാന് സുഗതകുമാരിയും മറ്റ് സാഹിത്യകാരന്മാരും രംഗത്തുണ്ടായിരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിയാല്‍ മുപ്പത്തിയഞ്ച് ലക്ഷം ജനങ്ങള്‍ മരിക്കുമെന്നും നാല് ജില്ലകള്‍ അപ്രത്യക്ഷമാകുമെന്നുമൊക്കെയുള്ള ആശങ്ക കേരളീയര്‍ പരത്തുന്ന നുണയാണ് എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്ന തമിഴ്നാട് സര്‍ക്കാരിനോട് സംസാരിക്കാന്‍പോലും ശ്രമിക്കാത്ത കേന്ദ്രസര്‍ക്കാരാണ് രാജ്യത്തുള്ളത്.
സെയിലന്റ്വാലി സമരത്തില്‍ ജയിച്ച കേരളം അതേ ഇഛാശക്തി പ്രകടിപ്പിച്ച്, സ്ത്രീകളും കവികളും സാഹിത്യനായകന്മാരും എല്ലാം അടങ്ങുന്ന പ്രതിരോധനിര കെട്ടിപ്പടുത്ത് തമിഴ്നാടിനെ ബോധവല്‍ക്കരിക്കണം. രാഷ്ട്രീയ തന്ത്രത്തില്‍ അഗ്രഗണ്യരാണ് തമിഴര്‍ എന്ന് തെളിയിച്ച് 2ജി സ്പെക്ട്രം അഴിമതിക്കേസില്‍ ജയിലില്‍ അടയ്ക്കപ്പെട്ട കനിമൊഴിയെ മോചിപ്പിക്കാന്‍ കരുണാനിധിക്ക് സാധിച്ചു. 2ജി സ്പെക്ട്രം കേസില്‍ ചിദംബരത്തിനെതിരെ വിരല്‍ചൂണ്ടപ്പെട്ടപ്പോള്‍ കേന്ദ്രം ചിദംബരത്തിനെ വിശുദ്ധനാക്കി പ്രഖ്യാപിച്ചു.
കേരളത്തില്‍ ഭരിക്കുന്നത് കോണ്‍ഗ്രസ് നയിക്കുന്ന മുന്നണിയാണെങ്കിലും കേരളത്തിന്റെ പ്രശ്നങ്ങളോടുള്ള കേന്ദ്ര സമീപനം ഒട്ടും സ്വാഗതാര്‍ഹമല്ല. അനങ്ങാപ്പാറ നയം അണക്കെട്ടിനെ താങ്ങിനിര്‍ത്താന്‍ സഹായകമാകില്ല.
ലീലാമേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: