ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേരളവും തമിഴ്നാടും നല്കിയ മുന്ന് ഇടക്കാല അപേക്ഷകളാണ് അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ പരിഗണനയ്ക്ക് വരിക. വൈകിട്ട് മൂന്നരയ്ക്കാണ് കേസ് പരിഗണിക്കുക. കേരളത്തിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്വ ഹാജരാകും.
നേരത്തേ കേസ് പരിഗണിച്ചപ്പോള്‍ ഭരണഘടനാബഞ്ചില്‍ അംഗമായിരുന്ന ജസ്റ്റിസ് മുകുന്ദകം ശര്‍മ്മ വിരമിച്ചതിനാല്‍ ജസ്റ്റിസ് അനില്‍ ധാവയെ പകരം ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിഷയത്തില്‍ കേരളം രണ്ട് ഇടക്കാല അപേക്ഷകളും തമിഴ്നാട് ഒരു ഇടക്കാല അപേക്ഷയുമാണ് സമര്‍പ്പിച്ചിട്ടുള്ളത്.
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് പണിയുന്നതില്‍ നിന്ന് പരസ്യപ്രസ്താവന നടത്തുന്നതില്‍ നിന്ന് കേരളത്തെ വിലക്കണമെന്നും അണക്കെട്ടിന് സി.ഐ.എസ്.എഫ് സുരക്ഷ ഏര്‍പ്പെടുത്തണമെന്നുമാണ് തമിഴ്നാടിന്റെ ആവശ്യം. അണക്കെട്ട് പൂര്‍ണ്ണമായും സുരക്ഷിതമാണെന്നും ബലത്തെക്കുറിച്ച് കേരളം അനാവശ്യ ആശങ്ക പരത്തുകയാണെന്നും തമിഴ്നാട് അപേക്ഷയില്‍ ആരോപിച്ചിട്ടുണ്ട്.
എന്നാല്‍, അടുത്തകാലത്ത് പ്രദേശത്തുണ്ടായ ഭൂചലനങ്ങള്‍ അണക്കെട്ടിനെ ദുര്‍ബലപ്പെടുത്തിയെന്നും അതിനാല്‍ ജലനിരപ്പ് അടിയന്തരമായി 120 അടിയായി കുറയ്ക്കണമെന്നുമാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. ജുലൈ മാസത്തിന് ശേഷം പ്രദേശത്തുണ്ടായ 25 ഭൂചലനങ്ങളുടെ വിശദാംശങ്ങളും കേരളം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: