ഭജനകള്‍ പാടുമ്പോള്‍ ഉണ്ടാകുന്ന ശബ്ദോര്‍ജ്ജത്തിന്റെ പ്രകമ്പനങ്ങള്‍ നിങ്ങളുടെ ശരീരത്തിലെ ഓരോ അണുവിലും ആഗിരണം ചെയ്യപ്പെടുന്നു. ഇത് നിങ്ങളില്‍ ഉള്ള ഊര്‍ജ്ജത്തെ ജ്വലിപ്പിക്കുകയും അന്തര്‍ബോധത്തെ ഉണര്‍ത്തുകയും ചെയ്യുന്നു. നിങ്ങളുടെ ശരീരം മുഴുവന്‍ ഊര്‍ജ്ജത്തില്‍ കുതിരുന്നു. പരിവര്‍ത്തനം സംഭവിക്കുന്നു.മൈക്രോഫോണ്‍ ശബ്ദത്തെ ആഗിരണം ചെയ്ത് വിദ്യുച്ഛക്തിയാക്കി മാറ്റുന്നു. ശരീരം ശബ്ദപ്രകമ്പനങ്ങളെ ആഗിരണം ചെയ്ത് ബോധമാക്കിമാറ്റുന്നു.
പരദൂഷണമോ തീഷ്ണമായ സംഗീതമോ ശ്രദ്ധിച്ചുകൊണ്ടിരുന്നാല്‍ ആ ഊര്‍ജ്ജം നിങ്ങളുടെ ശരീരത്തില്‍ ആഗിരണം ചെയ്യപ്പെടും. അത് നിങ്ങള്‍ക്ക് നല്ല അനുഭൂതി നല്കുകയില്ല.ജ്ഞാനം ശ്രവിക്കുകയോ, പൂര്‍ണ്ണ മനസ്സോടെ ജപിക്കുകയോ ചെയ്യുമ്പോള്‍ നിങ്ങളുടെ ചേതന ഉയര്‍ത്തപ്പെടുന്നു. സംസ്കൃതത്തില്‍ ഒരു പഴംചൊല്ലുണ്ട്. ഋഷിവര്യന്മാരുടെയും ബോധോദയം ഉണ്ടായ മഹാത്മാക്കളുടെയും വാക്കുകള്‍ പെട്ടെന്ന് അനുഭവമായി മാറുന്നു എന്ന്.
കാമം എന്തുകൊണ്ടാണ് പാപമാകുന്നത്? കാമാവേശമുള്ള ഒരു വ്യക്തി മറ്റേ വ്യക്തിയെ ജീവനുള്ള ഒരാളായി കാണുന്നില്ല. അയാളെ/അവളെ ഒരു ഉപകരണമായ പ്രയോജനപ്പെടുത്തുകയാണ് ചെയ്യുന്നത്. ശരീരത്തെ ഉപഭോഗവസ്തുവായി കാണുന്നു. എന്നാല്‍ സ്നേഹം ഇതിന്റെ മറുവശമാണ്. സമര്‍പ്പണമാണ് സ്നേഹത്തിന്റെ ലക്ഷണം.
വിഷയങ്ങളില്‍നിന്ന് മനസ്സിനെ പിന്‍വലിക്കൂ. ജ്ഞാനത്തിന്റെ മാര്‍ഗ്ഗത്തിലൂടെ നേടാനാകാത്ത ഒരു ആനന്ദവും ഈ ലോകത്തില്‍ ഇല്ലതന്നെ. ഈ അമൃതം ഒരിക്കല്‍ രുചിച്ചു കഴിഞ്ഞാല്‍ മറ്റുള്ളവയെല്ലാം കയ്പേറിയതാകും. ഒരിക്കല്‍ ഇതില്‍ ഒഴുകാന്‍ തുടങ്ങിയാല്‍ ജീവിതത്തില്‍ ഒന്നിനും ഒരു കുറവും നിങ്ങള്‍ക്ക് അനുഭവപ്പെടുകയില്ല.
സൗന്ദര്യത്തിന് മാത്രമേ സൗന്ദര്യത്തെ തിരിച്ചറിയാന്‍ സാധിക്കൂ.ഈ ശരീരം, ഈ പ്രാണന്- ഇതിന് ഒരേ ഒരു ലക്ഷ്യമേ ഉള്ളൂ. ഇത് ഇവിടെ വന്നിരിക്കുന്നതിന് പുറകില്‍ ഒരേ ഒരു കാരണമേ ഉള്ളൂ. നിങ്ങളെല്ലാവരെയും സ്വന്തം ആത്മാവുമായി പരിചയപ്പെടുത്തുക, നിങ്ങളുടെ യഥാര്‍ത്ഥ സ്വരൂപം പ്രത്യക്ഷമാക്കിത്തരുക. ആരാണ് നിങ്ങള്‍? നിങ്ങള്‍ സത്യമാണ്, ശിവമാണ് സൗന്ദര്യമാണ്.
ഈ ഭൗതികലോകത്തിലുള്ള ഒന്നിനുംതന്നെ നിങ്ങളെ സംതൃപ്തരാക്കാന്‍ കഴിയില്ല. സംതൃപ്തിക്കായി പുറമെ തെരഞ്ഞുകൊണ്ടിരിക്കുന്ന ഒരു മനസ്സ് അസംതൃപ്തമായിരിക്കും. ആ അസംതൃപ്തി വളരുന്നു. പരാതികളും നിഷേധാത്മകത്വവും തലച്ചോറിനെ കടുപ്പമുള്ളതാക്കുന്നു. അന്തര്‍ബോധത്തിന്റെ കാര്‍മേഘത്തെ സൃഷ്ടിക്കുന്നു. നിഷേധാത്മകത അതിന്റെ കൊടുമുടിയില്‍ എത്തുമ്പോള്‍ കൂടുതല്‍ വായു നിറയ്ക്കപ്പെട്ട ഒരു ബലൂണിനെപ്പോലെ പൊട്ടുകയും ദൈവികതയിലേക്ക് മടങ്ങിവരികയും ചെയ്യുന്നു.
നിങ്ങള്‍ക്ക് പരമാത്മാവില്നിന്നോ, ഉണ്മയോട് പെട്ടെന്നുണ്ടാകുന്ന വാഞ്ഛയില്നിന്നോ ഒന്നും രക്ഷപ്പെടാനാവില്ല. ദിവ്യബോധം ഉണരുന്ന നിമിഷംതന്നെ അസത്യത്തില്നിന്ന് സത്യത്തിലേക്ക്, ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്ക്, വിരസതയുളവാക്കുന്ന ജഡാവസ്ഥയില്‍നിന്ന് ഉജ്ജ്വലമായ ഉണര്‍വ്വിലേക്കുള്ള ആ മാറ്റം സംഭവിക്കുന്നു.
ഈ ലോകം മുഴുവന്‍ നിര്‍മ്മിച്ചിട്ടുള്ളത് അഞ്ച് മൂല പദാര്‍ത്ഥങ്ങള്‍കൊണ്ടാണ് ഈ അഞ്ചു പദാര്‍ത്ഥങ്ങള്‍ക്കും സത്വം, രജസ്, തമസ്, എന്നി്ങ്ങനെ മൂന്നു ഗുണങ്ങള്‍ ഉണ്ട്. ഏതു നിശ്ചിത സമയത്തും ഇതില്‍ ഏതെങ്കിലും ഒരു ഗുണം നമ്മുടെ ജീവിതത്തെയും ചുറ്റുപാടിനെയും നിയന്ത്രിക്കുന്നു.
സത്വഗുണം നമ്മുടെ ശരീരത്തെയും ചുറ്റുപാടിനെയും നിയന്ത്രിക്കുമ്പോള്‍ നമുക്ക് ലഘുത്വം, സന്തോഷം, ഉല്ലാസം, ആനന്ദം, ജാഗ്രത, ഉണര്‍വ് എന്നിവ അനുഭവപ്പെടുന്നു. നമ്മുടെ കാഴ്ചപ്പാട് വളരെ വ്യക്തതയുള്ളതാവുകയും ചെയ്യുന്നു. നമ്മില്‍ സ്നേഹം, സേവനം, സഹാനുഭൂതി എന്നീ ഗുണങ്ങള്‍ നിറയുന്നു.
രജോഗുണം മുന്നിട്ടുനില്‍ക്കുമ്പോള്‍ വളരെയധികം ചിന്തകള്‍, വിശ്രമമില്ലായ്മ, ആഗ്രഹങ്ങള്‍ എന്നിവ മനസ്സില്‍ വ്യാപരിക്കുന്നു. നിങ്ങള്‍ നൂറുകണക്കിന് കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു. പക്ഷേ, ഒരു കാര്യം പോലും നിര്‍വ്വഹിക്കാന്‍ സാധിക്കുന്നില്ല. ഒന്നുകില്‍ നിങ്ങള്‍ വളരെ സന്തോഷവാനായിരിക്കും. അല്ലെങ്കില്‍ വളരെ ദുഖിതനായിരിക്കുംതമോഗുണം, മുന്നിട്ടു നില്ക്കുമ്പോള് മിഥ്യാഭ്രമം, തെറ്റായ ധാരണം, സംശയങ്ങള്‍ മാന്ദ്യം ഇവയാണ് മനസ്സില്‍ നിറയുക.
ശ്രീ ശ്രീ രവിശങ്കര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: